Latest NewsNewsIndia

സര്‍ക്കാര്‍ റിക്രൂട്ട്മെന്റ് പരീക്ഷകള്‍ക്ക് വ്യാജ ഉദ്യോഗാര്‍ത്ഥികളെ എത്തിച്ച് തട്ടിപ്പ് ; പോലീസ് കോണ്‍സ്റ്റബിള്‍മാര്‍ ഉള്‍പ്പടെ ഒന്‍പത് പേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി : വിവിധ സര്‍ക്കാര്‍ റിക്രൂട്ട്മെന്റ് പരീക്ഷകള്‍ക്ക് ഉദ്യോഗാര്‍ത്ഥികളെ ആള്‍മാറാട്ടം നടത്തി തട്ടിപ്പ് നടത്തുന്ന റാക്കറ്റിനെ പിടികൂടി. ഇതിന്റെ ഭാഗമായി രണ്ട് ഡല്‍ഹി പോലീസ് കോണ്‍സ്റ്റബിള്‍മാര്‍ ഉള്‍പ്പെടെ ഒമ്പത് പേരെയാണ് ശനിയാഴ്ച അറസ്റ്റ് ചെയ്തത്. രാവിലെ നോയിഡയിലെ സെക്ടര്‍ 62 ലെ ഡല്‍ഹി പോലീസ് റിക്രൂട്ട്മെന്റ് പരീക്ഷാ കേന്ദ്രത്തില്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തതോടെയാണ് സംഭവം പുറത്തു വരുന്നത്. സെക്ടര്‍ 58 പോലീസിന് പ്രതികളെ കൈമാറിയതോടെ ആണ് ഇതിന്റെ പിന്നില്‍ വലിയ ഒരു ശൃംഖല തന്നെയുണ്ടെന്ന് കണ്ടെത്തിയതെന്ന് അധികൃതര്‍ അറിയിച്ചു.

ഇത്തരത്തിലുള്ള 100 തട്ടിപ്പ് കേസുകളില്‍ സംഘം ഉള്‍പ്പെട്ടിട്ടുണ്ടെന്നും കോടിക്കണക്കിന് രൂപ സമ്പാദിച്ചുവെന്നും നോയിഡ പോലീസ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. എസ്എസ്സി (സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍), റെയില്‍വേ, എഎസ്ഒ (സര്‍ക്കാര്‍ വകുപ്പുകളിലെ അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍) എന്നിങ്ങനെയുള്ള ഏത് തരത്തിലുള്ള പരീക്ഷയ്ക്കും മികച്ച ആളുകളെ ഈ സംഘം എത്തിച്ചു നല്‍കുമായിരുന്നു.

” ഈ സംഘം ഉദ്യോഗാര്‍ത്ഥിയുമായി രഹസ്യ കരാറില്‍ ഏര്‍പ്പെടും, ശേഷം യഥാര്‍ത്ഥ ഉദ്യോഗാര്‍ത്ഥിക്ക് പകരം മറ്റൊരു വ്യക്തി ആയിരിക്കും പരീക്ഷ എഴുതുക.
യഥാര്‍ത്ഥ ഉദ്യോഗാര്‍ത്ഥിയുടെയും ആള്‍മാറാട്ടക്കാരന്റെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്യുന്ന ഒരു സോഫ്റ്റ്‌വെയര്‍ ആപ്ലിക്കേഷന്‍ സംഘം ഉപയോഗിച്ചതായി അന്വേഷണത്തില്‍ വ്യക്തമായി. വ്യാജ ഡ്രൈവിംഗ് ലൈസന്‍സ് പോലുള്ള ഐഡന്റിറ്റി പ്രൂഫ് തയ്യാറാക്കാന്‍ ഈ ചിത്രം ഉപയോഗിച്ചിരുന്നു. അത് ആള്‍മാറാട്ടം നടത്തിയ ആള്‍ പരീക്ഷാകേന്ദ്രത്തിലേക്ക് പ്രവേശിക്കാന്‍ ഉപയോഗിച്ചിരുന്നു” – അഡീഷണല്‍ പോലീസ് കമ്മീഷണര്‍ (ലോ ആന്‍ഡ് ഓര്‍ഡര്‍) ലവ് കുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കഴിഞ്ഞ രണ്ടോ മൂന്നോ വര്‍ഷമായി ഈ സംഘം സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും, എന്നാല്‍, ഇതുവരെ എത്ര ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കാനോ റിക്രൂട്ട് ചെയ്യാനോ സഹായം സ്വീകരിച്ചിട്ടുണ്ടെന്ന് പറയാന്‍ പ്രയാസമാണ്, എന്നാല്‍ അന്വേഷണം തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരീക്ഷയും ഉദ്യോഗാര്‍ത്ഥിയുടെ സാമ്പത്തിക സ്ഥിതിയും അനുസരിച്ചാണ് സംഘം പണം ആവശ്യപ്പെട്ടിരുന്നത്. നിരക്കുകള്‍ വ്യത്യാസപ്പെട്ടിരിക്കുന്നു. സാധാരണ 10 ലക്ഷം രൂപ ആണ് ഈടാക്കിയിരുന്നത് എന്നാല്‍, ചില കേസുകളില്‍ അവര്‍ക്ക് 15 ലക്ഷം രൂപ വരെ ലഭിച്ചിട്ടുണ്ട്. മൂന്ന് കാറുകള്‍, 2.10 ലക്ഷം രൂപ, ഡസനോളം മൊബൈല്‍ ഫോണുകള്‍, ചില വ്യാജ ഡ്രൈവിംഗ് ലൈസന്‍സ്, രേഖകള്‍ എന്നിവ പ്രതികളില്‍ നിന്നും പിടിച്ചെടുത്തു. കൂടാതെ, ഡല്‍ഹി പോലീസ് കോണ്‍സ്റ്റബിള്‍മാരുടെ രണ്ട് യൂണിഫോമുകളും കണ്ടെടുത്തതായി നോയിഡ പോലീസ് അറിയിച്ചു. ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 420, 467, 468 (വ്യാജരേഖയുമായി ബന്ധപ്പെട്ടത്), 120 ബി (ക്രിമിനല്‍ ഗൂഢാലോചന) എന്നിവ പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button