ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ പേഴ്‌സണല്‍ ഡോക്ടര്‍ക്കെതിരേ അന്വേഷണം. ഡോ. ലിയോപോള്‍ഡോ ലിക്യൂവിന്റെ വീട്ടില്‍ പോലീസ് പരിശോധന നടത്തി. ഡോക്ടറുടെ അലംഭാവമാണോ മറഡോണയുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. മരണത്തില്‍ അന്വേഷണം നടത്തണമെന്ന് കുടുംബാംഗങ്ങളും അദ്ദേഹത്തിന്റെ അഭിഭാഷകരും ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് നടപടി.
Read Also : ശബരിമല തീര്‍ഥാടനം: കോവിഡ് പ്രതിരോധ നടപടികളും ജാഗ്രതയും ശക്തമാക്കാൻ തീരുമാനം
മെഡിക്കല്‍ നെഗ്ലിജന്‍സ് സംഭവിച്ചോ എന്നാണ് പോലീസ് പരിശോധിക്കുന്നത്. ഫിസീഷ്യനായ ലിയോപോള്‍ഡോ ലിക്യൂവിനെ കൂടാതെ മറഡോണയെ പരിചരിച്ചിരുന്ന എല്ലാ മെഡിക്കല്‍ ജീവനക്കാരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കും. അവസാന ദിനങ്ങളില്‍ മറഡോണയ്ക്ക് നല്‍കിയിരുന്ന ചികിത്സയുടെ വിശദാംശങ്ങള്‍ ലിക്യുവില്‍ നിന്ന് പോലീസ് അന്വേഷിച്ചറിയും. ലിക്യുവിന്റെ ക്ലിനിക്കിലും പോലീസെത്തിയിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പ്രാദേശിക ടെലിവിഷന്‍ ചാനലുകള്‍ പുറത്തുവിട്ടു.
മറഡോണയുടെ മരണത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ മത്യാസ് മോര്‍ല ആവശ്യപ്പെട്ടിരുന്നു. ഹൃദയാഘാതമാണ് മറഡോണയുടെ മരണകാരണമെന്നായിരുന്നു വിശദീകരണം. എന്നാല്‍ ഹൃദയാഘാതമുണ്ടായ ശേഷം അര മണിക്കൂറിലധികമെടുത്താണ് ആദ്യ ആംബുലന്‍സ് മറഡോണയുടെ നോര്‍ത്ത് ബ്യൂണസ് അയേഴ്‌സിലെ വാടകവീട്ടിലെത്തിയതെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയിരുന്നു. മരിക്കുന്നതിന് മുന്‍പ് 12 മണിക്കൂറിനുളളില്‍ മറഡോണയ്ക്ക് യാതൊരു മെഡിക്കല്‍ പരിശോധനയും നടത്തിയിരുന്നില്ലെന്നും മത്യാസ് മോര്‍ല ആരോപിക്കുന്നു.
Post Your Comments