കണ്ണൂര്‍: ഇന്ത്യയെ ഏതുനിമിഷവും ആക്രമിയ്ക്കാന്‍ തക്കം പാര്‍ത്തിരിക്കുകയാണ് ഭീകരര്‍. ഇവര്‍ രാജ്യത്തെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമം നടത്തുന്നതായും കരസേനാ മേധാവി ജനറല്‍ എം.എം.നരവനേ മുന്നറിയിപ്പ് നല്‍കി. ജമ്മു കശ്മീര്‍ ലക്ഷ്യമിട്ട് നിയന്ത്രണ രേഖയ്ക്ക് സമീപം ഭീകരര്‍ തക്കം പാര്‍ത്തിരിക്കുകയാണെന്നും നരവനെ പറഞ്ഞു. ഏഴിമല ഇന്ത്യന്‍ നാവിക സേന അക്കാദമിയിലെ പാസ്സിംഗ് ഔട്ട് പരേഡില്‍ പങ്കെടുത്ത ശേഷമുള്ള വാര്‍ത്താസമ്മേളനത്തിലാണ് നരവനെ ഇക്കാര്യംവ്യക്തമാക്കിയത്.
നമ്മുടെ പടിഞ്ഞാറന്‍ മേഖലയിലെ അന്തരീക്ഷം വിലയിരുത്തുമ്പോള്‍ ഭീകരവാദം വലിയ ഭീഷണി ഉയര്‍ത്തുന്നതായി വ്യക്തമാകുന്നു. ഭീകരരുടെ ഭീഷണി അവസാനിപ്പിക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ട്. ജമ്മു കശ്മീരിലേക്ക് നുഴഞ്ഞുകയറി സമാധാന അന്തരീക്ഷം തകര്‍ക്കുന്നതിനായി നിരവധി ഭീകരരാണ് നിയന്ത്രണ രേഖയ്ക്ക് സമീപമുളള ലോഞ്ച് പാഡുകളില്‍ തക്കം പാര്‍ത്തിരിക്കുന്നതെന്നും നരവനെ പറഞ്ഞു.
ശൈത്യകാലം ആയതിനാല്‍ മഞ്ഞ് വീഴ്ചയെ മറയാക്കി രാജ്യത്തേക്ക് നുഴഞ്ഞുകയറാനുള്ള ശ്രമങ്ങള്‍ ഭീകരര്‍ നടത്തുന്നുണ്ട്. എന്നാല്‍ കനത്ത മഞ്ഞുവീഴ്ചയായതിനാല്‍ ഇതിന് സാധിക്കുന്നില്ല. അതിനാല്‍ തെക്കന്‍ മേഖലകളിലൂടെ രാജ്യത്ത് എത്താനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. അന്താരാഷ്ട്ര അതിര്‍ത്തിയ്ക്ക് സമീപവും മറ്റും തുരങ്കങ്ങള്‍ നിര്‍മ്മിച്ച് രാജ്യത്തേക്ക് കടക്കാനുള്ള ശ്രമവും ഭീകരര്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments