ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകർ നടത്തുന്ന
സമരത്തിന് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇത് വെറും തുടക്കം മാത്രമാണെന്നും സത്യത്തിന്റെ പോരാട്ടം നടത്തിക്കൊണ്ടിരിക്കുന്ന കര്‍ഷകരെ ലോകത്തെ ഒരു സര്‍ക്കാരിനും തടയാനാകില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.ട്വിറ്ററിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
”എപ്പോഴൊക്കെ, അഹന്തയും സത്യവും തമ്മില്‍ ഏറ്റുമുട്ടുന്നുവോ അപ്പോഴെല്ലാം അഹന്ത പരാജയപ്പെടുമെന്ന് പ്രധാനമന്ത്രി ഓര്‍മിക്കുന്നത് നല്ലതാണ്. സത്യത്തിന്റെ പോരാട്ടം നടത്തിക്കൊണ്ടിരിക്കുന്ന കര്‍ഷകരെ ലോകത്തെ ഒരു സര്‍ക്കാരിനും തടയാനാകില്ല. മോദി സര്‍ക്കാരിന് കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കേണ്ടി വരും. കൂടാതെ കരിനിയമം പിന്‍വലിക്കേണ്ടതായും വരും. ഇത് വെറും തുടക്കം മാത്രമാണ്”- രാഹുല്‍ ട്വീറ്റ് ചെയ്തു.
പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ്, ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍നിന്ന് പതിനായിരക്കണക്കിന് കര്‍ഷകരാണ് ഡല്‍ഹിയിലേക്ക് നീങ്ങുന്നത്.കര്‍ഷകരെ ഡല്‍ഹിയിലേക്ക് പ്രവേശിക്കാന്‍ ആദ്യം പോലീസ് അനുവദിച്ചിരുന്നില്ല. തുടര്‍ന്ന് കര്‍ഷക നേതാക്കളുമായി പോലീസ് നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെ കര്‍ഷകര്‍ക്ക് ഡല്‍ഹിയില്‍ പ്രവേശിക്കാനും ബുറാഡിയിലെ നിരങ്കാരി സമാഗമം ഗ്രൗണ്ടില്‍ സമാധാന പൂര്‍ണമായ പ്രതിഷേധത്തിന് അനുമതി നല്‍കുകയും ചെയ്തിട്ടുണ്ട്.
Post Your Comments