ന്യൂദല്‍ഹി: മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ ഗതാഗത മന്ത്രിയുമായ സുവേന്ദു അധികാരി മന്ത്രി സ്ഥാനം രാജിവെച്ച അന്നേ ദിവസം തന്നെ മറ്റൊരു തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കൂടി പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരാന്‍ ദല്‍ഹിയില്‍. കൂച്ച് ബീഹാര്‍ എംഎല്‍എയായ മിഹിര്‍ ഗോസ്വാമി കൂച്ച് ബീഹാര്‍ ബിജെപി എംപി നിഷിത്ത് പ്രമാണികിനോടൊപ്പമാണ് ദല്‍ഹിയിലെത്തിയത്.
മിഹിര്‍ ഗോസ്വാമി ബിജെപിയില്‍ ചേരുമെന്ന് ബിജെപി എംപി സൗമിത്ര ഖാന്‍ പറഞ്ഞു. 1998ല്‍ തൃണമൂല്‍ കോണ്‍ഗ്രസിലെത്തിയ മിഹിര്‍ ഗോസ്വാമി കുറച്ചു കാലമായി പാര്‍ട്ടിയോട് പിണക്കത്തിലായി.‘അദ്ദേഹം ബിജെപി ഉന്നത നേതൃത്വത്തോട് നേരത്തെ തന്നെ സംസാരിച്ചിട്ടുള്ളതാണ്. അദ്ദേഹം പാര്‍ട്ടി ദേശീയ ആസ്ഥാനം ഇന്ന് സന്ദര്‍ശിക്കുകയും പാര്‍ട്ടിയില്‍ ചേരുകയും ചെയ്‌തേക്കാം’, നിഷിത്ത് പ്രമാണിക് പറഞ്ഞു.
അതേസമയം സുവേന്ദു അധികാരിയും ബിജെപിയില്‍ ചേര്‍ന്നേക്കും. ഗതാഗത, ജലസേചന മന്ത്രിയായിരുന്ന സുവേന്ദു തൃണമൂല്‍ കോണ്‍ഗ്രസിലെ രണ്ടാമനായാണ് അറിയപ്പെടുന്നത്. പാര്‍ട്ടി അംഗത്വവും എംഎല്‍എ സ്ഥാനവും രാജിവെച്ചിട്ടില്ലെങ്കിലും വൈകാതെ രണ്ട് സ്ഥാനങ്ങളും രാജിവെക്കുമെന്നാണ് വിവരം. രാജിക്കത്ത് കൈമാറിയതിന് ശേഷം സുവേന്ദു ദല്‍ഹിയിലെത്തി. ബിജെപിയില്‍ ചേരുന്നതിനു വേണ്ടിയാണോ ഇതെന്നാണ് ഇനി അറിയേണ്ടത്.
കുറച്ചു മാസങ്ങളായി സുവേന്ദു മമത ബാനര്‍ജിയുമായും പാര്‍ട്ടിയുമായും പിണക്കത്തിലായിരുന്നു. നന്ദിഗ്രാമില്‍ നിന്നുള്ള എംഎല്‍എയാണ് സുവേന്ദു. പാര്‍ട്ടി യോഗങ്ങളില്‍ നിന്നും മന്ത്രിസഭ യോഗങ്ങളില്‍ നിന്നും വിട്ടു നിന്നിരുന്ന സുവേന്ദു പാര്‍ട്ടി ചിഹ്നങ്ങളോ മമത ബാനര്‍ജിയുടെ ചിത്രങ്ങളോ ഉപയോഗിക്കാതെ റാലികള്‍ നടത്തിയിരുന്നു. സ്വന്തം സ്വാധീന ശക്തി കാണിക്കുന്നതിന് വേണ്ടിയാണ് റാലികള്‍ നടത്തിയിരുന്നതെന്ന് നിരീക്ഷകര്‍ പറഞ്ഞിരുന്നു.
ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സൂചിപ്പിച്ച് ബിജെപി നേതാക്കള്‍ പ്രസ്താവനകളിറക്കുകയും ചെയ്തിരുന്നു.അടുത്ത തെരഞ്ഞെടുപ്പില്‍ 294ല്‍ 200 സീറ്റുകള്‍ നേടുമെന്നാണ് ബിജെപി പറയുന്നത്. സുവേന്ദുവിനെ പോലെ സ്വാധീന ശക്തിയുള്ള ഒരു നേതാവ് പാര്‍ട്ടിയിലെത്തിയാല്‍ ഈ ലക്ഷ്യം വിദൂരത്തല്ല എന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്.
Post Your Comments