ദുബായ് : പ്രവാസികളായ പിതാവും മകളും മുങ്ങി മരിച്ചു,ഷാര്‍ജയില്‍ കടലില്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം.
കോഴിക്കോട് ബാലുശേരി ഇയ്യാട് താഴേചന്തം കണ്ടിയില്‍ ഇസ്മഈല്‍ (47), മകള്‍ പ്ലസ് ടു വിദ്യാര്‍ഥിനി അമല്‍ ഇസ്മഈല്‍ (18) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് ആറു മണിയോടെയായിരുന്നു അപകടം. ഷാര്‍ജ അജ്മാന്‍ അതിര്‍ത്തിയിലെ കടലില്‍ കുളിക്കാനായി കുടുംബസമേതം പോയപ്പോഴാണ് ദാരുണമായ അപകടമുണ്ടായത്.
അന്തരീക്ഷത്തില്‍ തണുത്ത കാറ്റും പ്രതികൂല കാലാവസ്ഥയുമായതിനാല്‍ കടലില്‍ ശക്തമായ വേലിയേറ്റമുണ്ടായ സമയമായിരുന്നു. ആദ്യം മകള്‍ അമല്‍ ശക്തമായ കടല്‍ച്ചുഴിയില്‍പെട്ടു, പിന്നാലെ മകളെ രക്ഷിക്കാന്‍പോയ ഇസ്മഈലും അപകടത്തില്‍ പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന കുട്ടിയെ രക്ഷപ്പെടുത്തി. ഉടന്‍ പൊലീസും പാരാമെഡിക്കല്‍ സംഘവുമെത്തി ഷാര്‍ജ അല്‍ഖാസിമി ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരുടേയും ജീവന്‍ രക്ഷിക്കാനായില്ല. കരയില്‍നിന്നു ദുരന്തം നേരിട്ട് കണ്ട ഇസ്മഈലിന്റെ ഭാര്യ നഫീസ, മറ്റ് മക്കളായ അമാന, ആലിയ എന്നിവരെ ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സ നല്‍കി പിന്നീട് അവരെ ഇസ്മഈലിന്റെ സഹോദരന്റെ താമസസ്ഥലത്തേക്ക് കൊണ്ടുപോയി.
14 വര്‍ഷമായി ദുബൈ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് (ആര്‍ ടി എ) അതോറിറ്റിയില്‍ സാങ്കേതിക വിഭാഗത്തിലെ ജീവനക്കാരനായിരുന്നു ഇസ്മഈല്‍.
നഫീസ അജ്മാന്‍ അല്‍സാദ് ഇന്ത്യന്‍ സ്‌കൂളില്‍ അധ്യാപികയായി ജോലി ചെയ്തിരുന്നു.
Post Your Comments