ന്യൂഡല്‍ഹി: മെഹബൂബ മുഫ്തിയുടെ അടുത്ത അനുയായിയെ തീവ്രവാദ ബന്ധത്തിന്റെ പേരില്‍ എന്‍ഐഎ അറസ്റ്റ് ചെയ്തിരിക്കുന്നു. പിഡിപിയുടെ യുവജന വിഭാഗം അധ്യക്ഷന്‍ വഹീദ് പരായെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ നവീദ് ബാബു ഉള്‍പ്പെടുന്ന തീവ്രവാദ കേസുമായി ബന്ധപ്പെട്ടാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ബുധനാഴ്ച ഡല്‍ഹിയിലായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്.
ഹിസ്ബുള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം ചെയ്തതിന്റെയും ഹിസ്ബുള്‍ കമാന്‍ഡര്‍ നവീന്‍ ബാബു ഉള്‍പ്പെട്ട തീവ്രവാദ കേസിലുള്ള പങ്കാളിത്തത്തിന്റെയും പേരിലാണ് വഹീദിനെ അറസ്റ്റ് ചെയ്തതെന്ന് എന്‍ഐഎ പറഞ്ഞു. ഇയാളെ ഇപ്പോള്‍ എന്‍ഐഎ ആസ്ഥാനത്ത് ചോദ്യംചെയ്തുവരികയാണെന്നും അവര്‍ പറഞ്ഞു.
രണ്ട് ഹിസ്ബുള്‍ തീവ്രവാദികളെ സ്വന്തം വാഹനത്തില്‍ കടത്തിയ കേസില്‍ മുന്‍ ഡിഎസ്പി അറസ്റ്റിലായ സംഭവവുമായി ബന്ധപ്പെട്ടാണ് വഹീദിനെ അറസ്റ്റ് ചെയ്തത്. കേസിലെ മറ്റു പ്രതികളായ നവീദ് ബാബു, ദേവീന്ദര്‍ സിങ് തുടങ്ങിയവരുമായി ഗൂഢാലോചന നടത്തിയെന്നാണ് ഇയാള്‍ക്കെതിരായ കേസ് ചുമത്തിയിരിക്കുന്നത്.
പുല്‍വാമ അടക്കം തെക്കന്‍ കശ്മീരില്‍ പിഡിപിയുടെ വളര്‍ച്ചയ്ക്ക് വലിയ പങ്കുവഹിച്ചയാളാണ് വഹീദ് പരാ. ഇപ്പോള്‍ നടക്കുന്ന ജില്ലാ വികസന കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ അദ്ദേഹം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കയും ചെയ്തിരുന്നതാണ്.
വഹീദിനെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മെഹബൂബ മുഫ്തി രംഗത്ത് എത്തി. വഹീദിന് തീവ്രവാദ ബന്ധമില്ലെന്നും കള്ളക്കേസാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നതെന്നും അവര്‍ ആരോപിച്ചു. പിഡിപിയെയും ജമ്മു കശ്മീരിലെ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെയും ബ്ലാക്‌മെയില്‍ ചെയ്യാനാണ് ഇത്തരത്തിലൊരു കേസെന്നും അവര്‍ ആരോപിച്ചു
Post Your Comments