പട്ന: സംസ്ഥാനത്ത് പുതുതായി അധികാരത്തിലെത്തിയ നിതീഷ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ് ശ്രമിക്കുന്നതായി ബീഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സുശീല്‍ കുമാര്‍ മോദി ആരോപിച്ചു. കാലിത്തീറ്റ കുംഭകോണ കേസില്‍ സിബിഐ കോടതി ജയില്‍ശിക്ഷ വിധിച്ച ലാലുപ്രസാദ് യാദവ് ഹോത്‌വാര്‍ സെന്‍ട്രല്‍ ജയിലിലായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് സ്ഥലത്തെ റിംസ് ആശുപത്രിയിലേക്ക് മാറ്റി.
കഴിഞ്ഞ കുറച്ച് നാളുകളായി റിംസ് ഡയറക്‌ടറുടെ ബംഗ്ളാവിലാണ് ലാലു താമസം. എന്‍.ഡി.എയുടെ എം.എല്‍.എമാരെ മഹാസഖ്യത്തിലെത്തിക്കാന്‍ അഴിമതി കേസില്‍ ജയില്‍ശിക്ഷയനുഭവിക്കുന്ന ലാലു നേരിട്ട് വിളിക്കുകയാണെന്നും മന്ത്രിപദവി വാഗ്‌ദാനം ചെയ്‌താണ് ലാലുവിന്റെ ചാക്കിട്ട് പിടിത്തമെന്നും സുശീല്‍ മോദി ട്വിറ്ററില്‍ കുറിച്ചു. ലാലു വിളിച്ചതെന്ന് പറയുന്ന ഫോണ്‍ നമ്പരും അദ്ദേഹം ട്വീറ്റില്‍ നല്‍കി.
ട്വീറ്റില്‍ നല്‍കിയ നമ്പരില്‍ വിളിച്ചപ്പോള്‍ ലാലു തന്നെ ഫോണ്‍ എടുത്തതായും ഇത്തരം പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കരുതെന്ന് താന്‍ പറഞ്ഞതായും സുശീല്‍ മോദി പറയുന്നു. ആഴ്‌ചകള്‍ക്ക് മുന്‍പ് മാത്രം നടന്ന ബീഹാര്‍ തിരഞ്ഞെടുപ്പില്‍ 125 സീറ്റുകള്‍ നേടി അധികാരത്തിലെത്തിയത് എന്‍.ഡി.എയാണെങ്കിലും ഏറ്റവുമധികം സീറ്റുകളില്‍ വിജയിച്ചത് ലാലുവിന്റെ പാര്‍ട്ടിയായ ആര്‍.ജെ.ഡിയാണ് 75. ബിജെപിയ്‌ക്ക് 74 സീറ്റുകള്‍ ലഭിച്ചു.
നിലവില്‍ 14 അംഗ ക്യാബിനറ്റില്‍ ബിജെപിയ്‌ക്ക് രണ്ട് ഉപമുഖ്യമന്ത്രിമാരടക്കം ഏഴ് മന്ത്രിമാരുണ്ട്.നിതീഷിന്റെ ജെ.ഡി.യുവിന് 5 മന്ത്രിമാരും എല്‍ഡി.എ ഘടകകക്ഷികളായ ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയ്‌ക്കും വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടിയ്‌ക്കും മന്ത്രിസഭയില്‍ പ്രാതിനിധ്യമുണ്ട്.
Post Your Comments