
ന്യൂദൽഹി : ഇന്ത്യ സഖ്യത്തിന്റെ നേതാവാകാൻ തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും പശ്ചിമബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിക്ക് രാഷ്ട്രീയ ജനതദൾ അധ്യക്ഷൻ ലാലു പ്രസാദ് യാദവിന്റെ പിന്തുണ. ആർജെഡിക്ക് മമത ബാനർജിയെ വിശ്വാസമാണെന്ന് ലാലു പ്രസാദ് യാദവ് പറഞ്ഞു.
ഇക്കാര്യത്തിൽ കോൺഗ്രസിന്റെ എതിർപ്പിനെ അപ്രസക്തമെന്ന് വിളിച്ച് ലാലു തള്ളുകയും ചെയ്തു. കോൺഗ്രസിന്റെ എതിർപ്പ് ഇക്കാര്യത്തിൽ ഒരു മാറ്റവും ഉണ്ടാക്കില്ല. ഇന്ത്യ ബ്ലോക്കിനെ നയിക്കാൻ മമതയെ അനുവദിക്കണമെന്നും ലാലു പ്രസാദ് യാദവ് കൂട്ടിച്ചേർത്തു.
ശിവസേന എം.പി പ്രിയങ്ക ചതുർവേദിയും മമത ഇന്ത്യ സഖ്യത്തെ നയിക്കുന്നതിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. മമതയുടെ മുൻകാല സംഭാവനകൾ പരിഗണിക്കണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യ സഖ്യം എന്ത് തീരുമാനമെടുത്താലും ഒന്നിച്ചായിരിക്കും അത്തരമൊരു തീരുമാനമെടുക്കുകയെന്നും പ്രിയങ്ക ചതുർവേദി വ്യക്തമാക്കിയിരുന്നു.
എൻ.സി.പി നേതാവ് സുപ്രിയ സുലെയും സഖ്യത്തെ മമത നയിക്കുന്നതിൽ സന്തോഷം അറിയിച്ചിരുന്നു. നേരത്തെ മമത ഉൾപ്പടെ ഏത് മുതിർന്ന നേതാവ് ഇന്ത്യ സഖ്യത്തെ നയിച്ചാലും എതിർപ്പില്ലെന്ന് ലാലുവിന്റെ മകനും ആർ.ജെ.ഡി നേതാവുമായ തേജസ്വി യാദവ് പറഞ്ഞിരുന്നു. എന്നാൽ ഒരു സമവായത്തിലൂടെ മാത്രമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കാനാവുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു
Post Your Comments