ടെൽഅവീവ് : ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനേയും അബുദാബി ക്രൗൺ പ്രിൻസ് മൊഹമ്മദ് ബിൻ സയ്യദ് അൽ നഹ്യാനേയും സമാധാന നോബലിന് ശുപാർശ ചെയ്തു. അടുത്തവർഷത്തെ പുരസ്കാരത്തിനായാണ് ഇരുവരേയും ശുപാർശ ചെയ്തത്. സമാധാന നോബൽ പുരസ്കാര ജേതാവായ ഡേവിഡ് ട്രിമ്പിൾ ആണ് ഇരുവരേയും ശുപാർശ ചെയ്തതെന്ന് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
യു.എ.ഇ , ഇസ്രയേൽ നയതന്ത്ര ബന്ധം സാദ്ധ്യമാക്കാൻ ഇരുവരും നടത്തിയ പ്രയത്നം പരിഗണിച്ചാണ് സമാധാന നോബൽ നോമിനേഷന് പരിഗണിച്ചത്. 1998 ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ വ്യക്തിയാണ് അയർലൻഡുകാരനായ ട്രിമ്പിൾ. നോബൽ പീസ് പ്രൈസ് കമ്മിറ്റി ശുപാർശകൾ വിശകലനം ചെയ്തതിനു ശേഷമാകും ജേതാവിനെ തെരഞ്ഞെടുക്കുക.നേരത്തെ ബെഞ്ചമിൻ നെതന്യാഹുവും സൗദി കിരീടാവകാശിയും സൗദിയിൽ വച്ച് രഹസ്യ ചർച്ച നടത്തിയെന്ന വാർത്ത പുറത്തുവന്നിരുന്നു.
അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും ഒപ്പമുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.. സൗദി -ഇസ്രയേൽ നയതന്ത്ര ബന്ധം ആരംഭിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കൂടിക്കാഴ്ച്ച നടന്നതെന്നാണ് സൂചന. നേരത്തെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനേയും സമാധാന സമ്മാനത്തിനായി നോമിനേറ്റ് ചെയ്തിരുന്നു. യു.എ.ഇ – ഇസ്രയേൽ ബന്ധം യാഥാർത്ഥ്യമാക്കിയതിനായിരുന്നു ട്രംപിനേയും ശുപാർശ ചെയ്തത്.
Post Your Comments