ദുബായ് ∙ യുഎഇയുടെ പാത പിന്തുടർന്ന്, ഇസ്രയേലുമായി നയതന്ത്ര ബന്ധം സാധാരണ നിലയിലാക്കാൻ ബഹ്റൈനും തീരുമാനിച്ചു. യുഎസ് മധ്യസ്ഥതയിലാണു കരാർ.ഇസ്രയേലുമായി ബന്ധം സാധാരണ നിലയിലാക്കാൻ യുഎഇ കഴിഞ്ഞ മാസമാണു തീരുമാനിച്ചത്. ഇസ്രയേൽ–യുഎഇ കരാർ ഈ മാസം 15നു വൈറ്റ് ഹൗസിൽ ഒപ്പു വയ്ക്കും.
ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എന്നിവരുമായി ഫോണിൽ സംസാരിച്ചശേഷം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആണ് ഇക്കാര്യം അറിയിച്ചത്. ഇസ്രയേലുമായി ബന്ധം സ്ഥാപിക്കുന്ന നാലാമത്തെ അറബ് രാജ്യമാണു ബഹ്റൈൻ. മധ്യപൂർവദേശത്തെ സമാധാനത്തിനായുള്ള നിർണായക നീക്കം എന്നാണ് ബഹ്റൈൻ–ഇസ്രയേൽ കരാറിനെ യുഎസ് പ്രസിഡന്റ് വിശേഷിപ്പിച്ചത്.
അതിര്‍ത്തിയില്‍ നിന്ന് ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയ അഞ്ച് യുവാക്കളെ ഇന്ത്യക്ക് കൈമാറി
മധ്യപൂർവദേശത്ത് ഇറാന്റെ മേധാവിത്തം തടയാനുള്ള തന്ത്രപരമായ നീക്കത്തിന്റെ ഭാഗമായാണ് യുഎസ് മധ്യസ്ഥതയിൽ ഗൾഫ് രാജ്യങ്ങൾ ഇസ്രയേലുമായി സൗഹൃദത്തിലാവുന്നത്.സൗദി അറേബ്യയുടെ അടുത്ത സഖ്യ രാജ്യമായ ബഹ്റൈനിലാണു മധ്യപൂർവദേശത്തെ യുഎസ് നാവികസേനാ മേഖലാ ആസ്ഥാനം സ്ഥിതി ചെയ്യുന്നത്.
ഈജിപ്ത്, ജോർദാൻ, യുഎഇ എന്നീ അറബ് രാജ്യങ്ങളാണു നേരത്തേ ഇസ്രയേലുമായി ബന്ധം സ്ഥാപിച്ചിട്ടുള്ളത്. ഇസ്രയേൽ–യുഎഇ വിമാനസർവീസുകൾക്കു തങ്ങളുടെ വ്യോമപാത ഉപയോഗിക്കാൻ കഴിഞ്ഞയാഴ്ച ബഹ്റൈൻ അനുമതി നൽകിയിരുന്നു.
Post Your Comments