പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഇടിവെട്ടേറ്റത് പോലെയായിരുന്നു ബിജു രമേശിന്റെ വെളിപ്പെടുത്തൽ. ഇടതുസർക്കാരിനു തുടർഭരണം സാധ്യമാകില്ലെന്ന വിശ്വാസത്തിൽ മുഖ്യമന്ത്രിക്കസേര സ്വപ്നം കണ്ട ചെന്നിത്തലയ്ക്ക് ബിജു രമേശിന്റെ വെളിപ്പെടുത്തൽ ഒരു പ്രഹരം തന്നെയായിരുന്നു. ബാർ ലൈസൻസ് ഫീസ് കുറയ്ക്കാൻ ഒരുകോടി രൂപ ചെന്നിത്തല കോഴ വാങ്ങിയെന്നായിരുന്നു ബിജു രമേശിന്റെ വെളിപ്പെടുത്തൽ.
എന്നാൽ, ചെന്നിത്തലയ്ക്കെതിരേയുള്ള ഈ വെളിപ്പെടുത്തലിനു പിന്നിൽ വൻ കളികൾ നടക്കുന്നുണ്ടെന്നാണ് സൂചനകൾ. ബിജു രമേശ് ഒരു കരു മാത്രമാണെന്നും പിന്നിൽ വൻശക്തികൾ ഉണ്ടെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പത്തനംതിട്ടയിലെ നേതാവും എ ഗ്രൂപ്പുമാണ് കളികൾ മുഴുവൻ നടത്തുന്നതെന്നാണ് സൂചന. മുഖ്യമന്ത്രി പദത്തിലേക്ക് ചെന്നിത്തലയ്ക്ക് പകരം ഉമ്മൻചാണ്ടിയെ തന്നെ തിരികെ കൊണ്ടുവരിക എന്നതാണ് എ ഗ്രൂപ്പിന്റെ അണിയറ നീക്കമെന്നാണ് ഐ ഗ്രൂപ്പ് ആരോപിക്കുന്നതെന്ന് മംഗളം റിപ്പോർട്ട് ചെയ്യുന്നു.
ചാരക്കേസിൽ കെ കരുണാകരനെ പുറത്താക്കിയത് പോലെ ബാർ കോഴക്കേസിൽ രമേശ് ചെന്നിത്തലയേയും പുറത്താക്കുക എന്നതാണോ എ ഗ്രൂപ്പിന്റെ ലക്ഷ്യമെന്നും സംശയമുണർത്തുന്നു. ചെന്നിത്തലയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വത്തിൽ നിന്നും പുറത്താക്കി പകരം ഉമ്മൻ ചാണ്ടിയെ തിരികെ എത്തിക്കുക എന്നതാണ് എ ഗ്രൂപ്പിന്റെ അണിയറ നീക്കമെന്നാണ് ഐ ഗ്രൂപ്പ് ആരോപിക്കുന്നത്.
തനിക്കെതിരെ ചരട് വലി നടത്തുന്ന നേതാവിനെ പുറത്താക്കാൻ ചെന്നിത്തലയും പലതവണ ശ്രമിച്ചിട്ടുണ്ടെന്നാണ് പരക്കെയുള്ള സംസാരം. നിലവിൽ ഗുരുതര ആരോപണങ്ങളുടെ നടുവിലാണ് ഇടതു സർക്കാർ. ഈ സാഹചര്യത്തിൽ തുടർഭരണം ലഭിക്കാൻ സാധ്യതയില്ലെന്ന പ്രതീക്ഷയിലാണ് ചെന്നിത്തലയുടെ മുഖ്യമന്ത്രിക്കസേര എന്ന സ്വപ്നത്തിനു എ ഗ്രൂപ്പ് തടയിടുന്നതെന്ന് ഐ ഗ്രൂപ്പ് ആരോപിക്കുന്നു. ഇതിനു എ ഗ്രൂപ്പ് ബിജു രമേശിനെ കൂട്ടുപിടിക്കുകയാണ് എന്നാണ് ഇവർ പറയുന്നത്. ഇത് മനസിലാക്കാതെ ഇരിക്കാനാണ് ബിജുവിനെക്കൊണ്ട് തന്നെ ഉമ്മന്‍ ചാണ്ടിക്കെതിരേയും ആരോപണമുന്നയിപ്പിച്ചതെന്നാണ് ഇവർ പറയുന്നത്.
Post Your Comments