കോലഞ്ചേരി: ഓര്‍ത്തഡോക്സ് പള്ളികളിലെ നിര്‍ബന്ധിത കുമ്പസാരം നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി വ്യാഴാഴ്ച സുപ്രീംകോടതി പരിഗണിക്കും. ഇടവക പൊതുയോഗത്തില്‍ പങ്കെടുക്കാന്‍ കുമ്പസാരം നടത്തിയിരിക്കണമെന്ന സഭ ഭരണഘടനയിലെ ഏഴാം വകുപ്പ് ചോദ്യം ചെയ്ത് സഭാംഗങ്ങളായ കണ്ടനാട് മാത്യു ടി. മാത്തച്ചന്, പഴന്തോട്ടം സി.വി. ജോസ് എന്നിവരാണ് ഹരജി നല്‍കിയിട്ടുള്ളത്. നിര്‍ബന്ധിത കുമ്പസാരവുമായി ബന്ധപ്പെട്ട പീഡനങ്ങളും മരണങ്ങളും വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഇവര്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.
കുമ്പസാര രഹസ്യം മറയാക്കി വൈദികര്‍ വിശ്വാസിനികളെ പീഡിപ്പിച്ചതും ഇതേതുടര്‍ന്ന് വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവവുമെല്ലാം ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കുമ്പസാരം നടത്തുന്നവരുടെ പേരുവിവരങ്ങള്‍ രജിസ്റ്ററില്‍ സൂക്ഷിക്കുന്നതും പ്രസിദ്ധപ്പെടുത്തുന്നതും ഭരണഘടന ഉറപ്പു നല്കുന്ന മൗലികാവകാശങ്ങള്‍ക്കും വ്യക്തി സ്വാന്തന്ത്ര്യത്തിനും എതിരാണ്. സഭയിലുള്ളവരെല്ലാം സ്ഥിരമായി പാപം ചെയ്യുന്നവരാണെന്ന മുന്‍വിധിയോടെയാണ് കുമ്പസാരം നിര്‍ബന്ധമാക്കിയത്.
വിശ്വാസികള്‍ക്ക് ആത്മീയ സേവനങ്ങള്‍ ലഭിക്കണമെങ്കില്‍ കുമ്പസാരിച്ചിരിക്കണമെന്ന് വ്യവസ്ഥയില്ല. ഇത് ഭരണഘടന ഉറപ്പു നല്കുന്ന സ്വകാര്യതയുടെ ലംഘനമാണ്. വൈദികന് മുന്നില്‍ പാപങ്ങള്‍ ഏറ്റുപറയാന്‍ നിര്‍ബന്ധിക്കുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്. കുമ്പസാരിച്ചില്ലെന്ന കാരണത്താല്‍ വിശ്വാസികള്‍ക്ക് ആത്മീയ സേവനങ്ങള്‍ നിഷേധിക്കുന്നത് മൗലികാവകാശ ലംഘനമാണെന്നും ഹരജിയില്‍ പറയുന്നു.
Post Your Comments