ന്യൂഡല്‍ഹി: പാകിസ്താന്റെ ഭീകര മുഖം ലോകത്തിനു മുന്നില്‍ തുറന്നുകാട്ടി ഇന്ത്യ. ഇന്ത്യയിലെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ പാകിസ്താന്‍ നടത്തുന്ന ഭീകരാക്രമണങ്ങളുടെ ഏറ്റവും പുതിയ തെളിവുകള്‍ ലോകം മുഴുവനെത്തിച്ച് ഇന്ത്യ. ഐക്യരാഷ്ട്ര സുരക്ഷാ കൗണ്‍സില്‍ അംഗങ്ങള്‍ക്കും ഇന്ത്യയുടെ ഉറ്റ സുഹൃത്തുക്കളായ രാജ്യങ്ങള്‍ക്കുമാണ് ഇന്ത്യ വിവരങ്ങള്‍ കൈമാറിയത്.
നഗ്രോതയിലേക്ക് ഭീകരരെ എത്തിക്കാന്‍ പാക് ഭരണകൂടത്തിന്റെ അറിവോടെ സൈന്യം പണിത തുരങ്കവും ഭീകരരെ പരിശിലീപ്പിച്ച രീതിയും ഉപയോഗിച്ച ഉപകരണങ്ങളുമടക്കം എല്ലാ വിവരങ്ങളും കൈമാറിയതായി വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ദ്ധന്‍ ഷ്രിംഗ്ല പറഞ്ഞു. ഈ വര്‍ഷം മാത്രം 200 സംഭവങ്ങളിലായി 199 ഭീകരരെ ജമ്മുകശ്മീരില്‍ സൈന്യം വകവരുത്തിയതും ഇന്ത്യ തെളിവ് സഹിതം ലോകരാഷ്ട്രങ്ങളെ അറിയിച്ചു.
മുംബൈയില്‍ നടത്തിയ ഭീകരാക്രമണത്തിന്റെ രീതിയില്‍ ജമ്മുകശ്മീരില്‍ വന്‍ കൂട്ടക്കൊലയാണ് ഭീകരര്‍ ആസൂത്രണം ചെയ്തിരുന്നതെന്നും വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി. ഇന്ത്യയുടെ അന്താരാഷ്ട്ര അതിര്‍ത്തികടന്ന് പാകിസ്താന്‍ ഭീകരയുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്നും തിരിച്ചടി ശക്തമായിരിക്കുമെന്ന മുന്നറിയിപ്പും ഇന്ത്യ നല്‍കി. ജമ്മുകശ്മീരിലെത്തി വന്‍ ആക്രമണ പദ്ധതിയാണ് ജയ്‌ഷെ മുഹമ്മദ് ഭീകരര്‍ ആസൂത്രണം ചെയ്തത്.
അന്താരാഷ്ട്ര ഭീകരര്‍ പാകിസ്താനിലിരുന്ന് കൃത്യമായ നിര്‍ദ്ദേശങ്ങള്‍ ഫോണ്‍ വഴി കൈമാറിക്കൊണ്ടിരുന്നു. തുരങ്കത്തിലൂടെ കടന്നശേഷമുള്ള യാത്രാ വഴികളെല്ലാം ജി.പി.എസ് സംവിധാനം വഴിയാണ് ഭീകരര്‍ മനസ്സിലാക്കിയതെന്ന വിവരങ്ങള്‍ സൈന്യം കണ്ടെത്തിയിരുന്നു. 200 മീറ്റര്‍ നീളവും 8 മീറ്റര്‍ പൊക്കവുമുള്ള തുരങ്കമാണ് സൈന്യം കണ്ടെത്തിയത്. വൈദഗ്ധ്യമുള്ള സൈനികരാണ് തുരങ്കം പണിതത് എന്ന തെളിവും ഇന്ത്യ കണ്ടെത്തിയിട്ടുണ്ട്.
തായ്വാന്‍ നിര്‍മ്മിത ഈ-ട്രെക്സ് 20 എക്സ് ഗാര്‍മിന്‍ എന്ന ജി.പി.എസ് സംവിധാനം ഉപയോഗിച്ചാണ് ഭീകരര്‍ കടന്നത്. ജിപിഎസ് സംവിധാനം ഭീകരര്‍ നശിപ്പിക്കാന്‍ നോക്കിയെങ്കിലും സൈന്യം കണ്ടെത്തുകയായിരുന്നു. ഇതിലൂടെയാണ് മുഴുവന്‍ തെളിവുകളും ലഭിച്ചത്.
കൂടുതല്‍ അന്വേഷണത്തില്‍ ഭീകരര്‍ സമീപ ദിവസങ്ങളില്‍ അതിലൂടെ കടന്നതായി കണ്ടെത്തി. ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് 160 മീറ്ററോളം നീളമുള്ള തുരങ്കത്തിന്റെ മുഖം 14 ഇഞ്ചായി ചുരുക്കി ഒരാള്‍ക്ക് നിരങ്ങിക്കയറാന്‍ പാകത്തിനാണ് അവസാനിപ്പിച്ചിരിക്കുന്നത്.
Post Your Comments