ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് സാഹചര്യം ഭയാനകമാണെന്ന് വിലയിരുത്തി സുപ്രീം കോടതി രംഗത്ത് എത്തിയിരിക്കുന്നു. സംസ്ഥാനങ്ങൾ മുൻകരുതൽ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഡിസംബറിൽ രാജ്യത്തെ കൊവിഡ് സാഹചര്യം അതീവ മോശമാകുമെന്നും കോടതി അറിയിക്കുകയുണ്ടായി. പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന ഡൽഹിയേയും മഹാരാഷ്ട്രയേയും സുപ്രീം കോടതി രൂക്ഷമായ ഭാഷയിൽ വിമർശിക്കുകയുണ്ടായി. ജാഗ്രതയും മുൻകരുതലും നഷ്‌ടമായാൽ രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ് അടുത്ത മാസം ഉണ്ടാകുമെന്ന് ജസ്റ്റിസ് അശോക് ഭൂഷൺ അദ്ധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാണിക്കുകയുണ്ടായി.
ഡൽഹി, ഗുജറാത്ത്, അസം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളോട് കഴിഞ്ഞ രണ്ട് ദിവസത്തിന് ഇടയിൽ കൊറോണ വൈറസ് രോഗികളിൽ ഉണ്ടായ വർദ്ധനവ് സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ സുപ്രീം കോടതി നിർദേശിക്കുകയുണ്ടായി. മറ്റ് സംസ്ഥാനങ്ങൾ കൊവിഡ് സാഹചര്യം സംബന്ധിച്ച തൽസ്ഥിതി റിപ്പോർട്ട് കൈമാറണമെന്നും കോടതി ആവശ്യപ്പെട്ടു. വിവാഹ ചടങ്ങുകൾക്കും, ഘോഷയാത്രകൾക്കും, ഉത്സവ ചടങ്ങുകൾക്കും ഇളവ് നൽകിയ ഗുജറാത്ത് സർക്കാർ നടപടിയേയും സുപ്രീം കോടതി വിമർശിക്കുകയുണ്ടായി. ഈ സ്ഥിതി തുടരുകയാണെങ്കിൽ ഗുജറാത്തിലെ സ്ഥിതി കൈവിട്ടു പോകുമെന്നും കോടതി നിരീക്ഷിച്ചു.
Post Your Comments