കശ്മീരില്‍ വന്‍ ഭീകരാക്രമണം നടത്താനെത്തിയ നാല് ജെയ്ഷെ മുഹമ്മദ് ഭീകരരെ സൈന്യം വധിച്ചു എന്ന വാര്‍ത്ത വലിയ ആശ്വാസത്തോടെയാണ് ജനങ്ങള്‍ കേട്ടത്. കേന്ദ്രത്തിലെ കോണ്‍ഗ്രസ്സ് ഭരണകാലത്ത് രാജ്യത്തിന്റെ വാണിജ്യ തലസ്ഥാനമായി അറിയപ്പെടുന്ന മുംബൈയില്‍ ലഷ്‌ക്കറെ ഭീകരര്‍ നടത്തിയ ആക്രമണത്തിന്റെ വാര്‍ഷികത്തിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെയാണ് അത്തരമൊരു ആക്രമണം ആസൂത്രണം ചെയ്ത് അതിര്‍ത്തി കടന്നെത്തിയ ഭീകരരെ സൈന്യം വധിച്ചത്.
ഇവരില്‍നിന്ന് പിടിച്ചെടുത്ത ആയുധങ്ങളും സ്ഫോടകവസ്തുക്കളും ആശയവിനിമയ ഉപകരണങ്ങളും പാക്കിസ്ഥാനില്‍ നിര്‍മിച്ചവയാണെന്ന് തെളിഞ്ഞിരിക്കുന്നു. ലോകത്തിനു മുന്നില്‍ നിരന്തരം നിഷേധിച്ചുപോരുമ്പോഴും ഭാരതത്തിനെതിരെയുള്ള ഭീകരപ്രവര്‍ത്തനത്തിന്റെ പാതയില്‍നിന്ന് പാക്കിസ്ഥാന്‍ പിന്മാറുന്നില്ല എന്നതിന്റെ തെളിവാണ് നഗ്രോദയില്‍ ജയ്ഷെ മുഹമ്മദ് ഭീകരര്‍ പദ്ധതിയിട്ട ആക്രമണം.
പ്രധാനമായും ലഷ്‌ക്കറെ തൊയ്ബ, ഹിസ്ബുള്‍ മുജാഹിദ്ദീന്‍, ജയ്ഷെ മുഹമ്മദ് എന്നീ ഭീകര സംഘടനകളെ ഉപയോഗിച്ചാണ് പാക് സൈന്യവും പാക് ചാര സംഘടനയായ ഐഎസ്‌ഐയും ഇത്തരം ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നത്. ആക്രമണവുമായി ബന്ധപ്പെട്ട് അതിര്‍ത്തിക്കപ്പുറത്തെ അജ്ഞാത കേന്ദ്രത്തില്‍നിന്ന് നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാനുള്ള തയ്യാറെടുപ്പോടെയാണ് ഭീകരര്‍ വന്നത്. സൈന്യത്തിന്റെ സമയോചിതമായ ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാക്കിയത്.
ഉന്നതതല യോഗം വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി സൈനികരുടെ ധീരതയെ പ്രശംസിച്ചത് ഭാരതത്തിന്റെ ശത്രുരാജ്യത്തിനുള്ള മുന്നറിയിപ്പും, ജീവന്‍ തൃണവല്‍ഗണിച്ചും പോരാടുന്ന നമ്മുടെ സൈനികര്‍ക്ക് പ്രചോദനവുമാണ്. പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി പാക്കിസ്ഥാനില്‍ നടത്തിയ മിന്നലാക്രമണത്തെ ഓര്‍മിപ്പിച്ച മോദി, ഇനിയും അത്തരം നടപടികള്‍ക്ക് മടിക്കില്ലെന്ന മുന്നറിയിപ്പും നല്‍കിയിരിക്കുന്നു. പാക് താലിബാന്‍ പോലുള്ള സംഘടനകള്‍ പാക്കിസ്ഥാനില്‍ ആക്രമണം നടത്താറുണ്ട്.
ഇക്കാര്യം ചൂണ്ടിക്കാട്ടി തങ്ങളും ഭീകരവാദത്തിന്റെ ഇരകളാണെന്ന് പാക് സര്‍ക്കാരുകള്‍ പറയുന്നത് ഭാരതത്തിനെതിരെ നടത്തുന്ന ഭീകരാക്രമണങ്ങള്‍ക്ക് മറയിടുന്നതിനു വേണ്ടിയാണ്. ലോക രാജ്യങ്ങളില്‍നിന്ന് ലഭിക്കുന്ന സാമ്പത്തിക സഹായങ്ങള്‍ പോലും പാക്കിസ്ഥാന്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നത് അമേരിക്കയും മറ്റും വിമര്‍ശിച്ചിട്ടുള്ളതാണ്. ഇതിന്റെ പേരില്‍ സാമ്പത്തിക-സൈനിക സഹായങ്ങള്‍ നിര്‍ത്തുകയും ചെയ്തിട്ടുണ്ട്.
പക്ഷേ സ്വന്തം മണ്ണില്‍ ഭീകര പ്രവര്‍ത്തനത്തെ വെള്ളവും വളവും നല്‍കി വളര്‍ത്തുകയാണ് പാക്കിസ്ഥാന്‍ ചെയ്യുന്നത്. പല രാജ്യങ്ങളും അന്താരാഷ്ട്ര ഭീകരരുടെ പട്ടികയില്‍പ്പെടുത്തിയിട്ടുള്ളവരെ പാക്കിസ്ഥാന്‍ തന്ത്രപരമായി സംരക്ഷിച്ചുപോരുകയാണ്. ഇവരിലൊരാളായ മസൂദ് അസറിന്റെ സഹോദരനാണ് നഗ്രോദയിലെ ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. മുംബൈ ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കാന്‍ അന്ന് പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍സിങ് താല്‍പ്പര്യം കാണിച്ചില്ലെന്ന് ഈയിടെ പുറത്തിറങ്ങിയ ഓര്‍മക്കുറിപ്പില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ പറയുകയുണ്ടായി.
പത്ത് വര്‍ഷം ഭരണത്തിലിരുന്ന യുപിഎ സര്‍ക്കാരിന്റെ പൊതുനയമായിരുന്നു ഇത്. നരേന്ദ്ര മോദി അധികാരത്തില്‍ വന്നതോടെ ഈ ചിത്രം മാറി. തുറന്ന മനസ്സോടെ സമാധാനത്തിനു ശ്രമിച്ചപ്പോള്‍ തന്നെ ഭീകരരെ ഉപയോഗിച്ച് പാക്കിസ്ഥാന്‍ നടത്തുന്ന അതിക്രമങ്ങള്‍ക്ക് കനത്ത തിരിച്ചടി നല്‍കാനും മോദി സര്‍ക്കാര്‍ മറന്നില്ല. അന്താരാഷ്ട്ര തലത്തിലും പാക്കിസ്ഥാന്‍ ഇത്രയധികം ഒറ്റപ്പെട്ട അവസരം ഉണ്ടായിട്ടില്ല. സൗദി അറേബ്യ അടക്കമുള്ള ഇസ്ലാമിക രാജ്യങ്ങള്‍ പാക്കിസ്ഥാനെ പലയാവര്‍ത്തി തള്ളിപ്പറഞ്ഞു.
നയതന്ത്ര തലത്തില്‍ ഭാരതം നേടിയ വിജയമാണിത്. കശ്മീരിന് മാത്രം ബാധകമായ 370-ാം വകുപ്പ് എടുത്തു കളഞ്ഞതിനെതിരെ പാക്കിസ്ഥാന്‍ ഉണ്ടാക്കിയ കോലാഹലം ചായക്കോപ്പയിലെ കൊടുങ്കാറ്റായി അവസാനിച്ചു. കശ്മീരിലെ ഭീകരവാദത്തെ ഉന്മൂലനം ചെയ്യുന്ന നടപടികളാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഈ സാഹചര്യത്തില്‍ തങ്ങള്‍ തോറ്റിട്ടില്ലെന്നു വരുത്താനാണ് ഇസ്ലാമിക ഭീകരരെ ഉപയോഗിച്ച് പാക്കിസ്ഥാന്‍ ആക്രമണത്തിന് മുതിരുന്നത്. ഇതും വിജയിക്കാന്‍ പോകുന്നില്ലെന്നാണ് നഗ്രോദയിലെ ഭീകരരെ സൈന്യം വധിച്ചതില്‍നിന്ന് വ്യക്തമാവുന്നത്.
Post Your Comments