തിരുവനന്തപുരം : മാധ്യമങ്ങളെയും, സ്വതന്ത്രമായി ചിന്തിക്കുന്ന സമൂഹത്തേയും ഭീഷണിപ്പെടുത്തി വരുതിക്ക് നിര്‍ത്താനാണ് പിണറായി വിജയന് ശ്രമിക്കുന്നതെങ്കില്‍ അത് വിലപ്പോകില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സൈബര്‍ അധിക്ഷേപങ്ങള്‍ തടയാനെന്ന പേരില്‍ ഇടതുപക്ഷ സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ്, മാധ്യമ സ്വാതന്ത്ര്യത്തിനു മൂക്കുകയറിടുന്നതും, ഇന്ത്യന്‍ ഭരണ ഘടന നമുക്ക് ഉറപ്പ് നല്കുന്ന അഭിപ്രായ സ്വാതന്ത്ര്യമുള്‍പ്പെടെയുള്ള മൗലികാവകാശങ്ങളുടെ നഗ്നമായ ലംഘനവുമാണെന്ന് അദ്ദേഹം പറഞ്ഞു.
സാമൂഹ്യ- വാര്‍ത്താമാധ്യമങ്ങളിലൂടെ വ്യക്തികളെ അപകീര്‍ത്തിപ്പെടുത്തിയാല്‍ അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷയും പതിനായിരം രൂപവരെ പിഴയും ലഭിക്കാവുന്ന വിധത്തിലാണ് കേരളാ പൊലീസ് ആക്റ്റില്‍ ഭേദഗതി വരുത്തി 118 ( എ ) എന്ന ഉപവകുപ്പ് ചേര്‍ത്തത്. പരാതിക്കാരില്ലെങ്കിലും പൊലീസിന് സ്വമേധയാ കേസെടുക്കാന്‍ കഴിയുന്ന വകുപ്പാണിതെന്ന് ചെന്നിത്തല ഓര്‍മിപ്പിച്ചു.
ഒരു വാര്‍ത്തയോ, ചിത്രമോ, അഭിപ്രായ പ്രകടനമോ വ്യക്തിഹത്യയും അപകീര്‍ത്തികരവുമാണെന്ന് പൊലീസ് എങ്ങനെ തീരുമാനിക്കും? അതായത്, ഈ കരിനിയമം വഴി വ്യത്യസ്ത രാഷ്ട്രീയാഭിപ്രായങ്ങള്‍ പറയുകയും, പ്രകടിപ്പിക്കുകയും ചെയ്യുന്ന മാധ്യമങ്ങളേയും വ്യക്തികളേയും നിശബ്ദരാക്കാന്‍ സര്‍ക്കാരിന് കഴിയുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വളരെയേറെ അവ്യക്തതകള്‍ ഉള്ള ഒരു നിയമഭേദഗതിയാണിത്. ഈ ഓര്‍ഡിനന്‍സ് പ്രകാരം സര്‍ക്കാരിനെതിരെ പത്ര സമ്മേളനം നടത്തുന്ന പ്രതിപക്ഷ നേതാക്കള്‍ക്കെതിരെയും കേസെടുക്കാം. അപ്പോള്‍ പിണറായി വിജയന്റെ നേതൃത്വത്തിലുളള സിപിഎം സര്‍ക്കാരിന്റെ ദുഷ് ചെയ്തികളെ ആരും വിമര്‍ശിക്കരുതെന്നും, വിമര്‍ശിച്ചാല്‍ ജയിലിലടയ്ക്കാം എന്നുമുള്ള ഭീഷണിയാണ് ഈ ഓര്‍ഡിനന്‍സ്. നിയമപരമായി നിലനില്ക്കാന് ബുദ്ധിമുട്ടുള്ള ഇത്തരം ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്, വരാന്‍ പോകുന്ന തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടാണെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.
ഐ ടി ആക്റ്റ് 2000ത്തിലെ 66 എ വകുപ്പും, 2011 ലെ കേരളാ പൊലീസ് ആക്റ്റിലെ 118 ഡി വകുപ്പും അഭിപ്രായ സ്വാതന്ത്ര്യത്തിനും മൗലികാവകാശങ്ങള്‍ക്കും എതിരാണെന്ന് കണ്ട് 2015 സെപ്തംബറില്‍ സുപ്രീം കോടതി റദ്ദാക്കിയതാണ്. ചിന്തകളും അഭിപ്രായങ്ങളും പ്രകടിപ്പിക്കാനുള്ള അവകാശം പരിപാവനമായാണ് ഭരണഘടന കരുതുന്നത് എന്ന് ഈ കേസിലെ വിധി പ്രസ്താവിച്ച് അന്നത്തെ സുപ്രിം കോടതി ജഡ്ജിമാരായ ജസ്റ്റിസ് ജെ. ചലമേശ്വറും, ജസ്റ്റിസ് റോഹിംങ്ങ്ടന്‍ നരിമാനും പറഞ്ഞതെന്ന് ചെന്നിത്തല വ്യക്തമാക്കി.
ഈ വിധിയെ അന്ന് ആദ്യം സ്വാഗതം ചെയ്ത പാര്‍ട്ടികളില്‍ ഒന്ന് സി പിഎം ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ സി പി എം പൊളിറ്റ് ബ്യൂറോ അംഗമായ പിണറായി വിജയന് നേതൃത്വം നല്കുന്ന സര്‍ക്കാര്‍ സുപ്രിം കോടതി റദ്ദാക്കിയ 66 എ നിയമത്തിനെക്കാള്‍ മാരകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന ഒരു മാധ്യമ മാരണ നിയമം ഓര്‍ഡിനന്‍സായി കൊണ്ടുവന്നിരിക്കുകയാണ്. മാധ്യമങ്ങളെയും, സ്വതന്ത്രമായി ചിന്തിക്കുന്ന സമൂഹത്തേയും ഭീഷണിപ്പെടുത്തി വരുതിക്ക് നിര്‍ത്താനാണ് പിണറായി വിജയന് ശ്രമിക്കുന്നതെങ്കില്‍ അത് വിലപ്പോകില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Post Your Comments