തിരുവനന്തപുരം : കേരളം ഒരു ‘ഡീപ് പോലിസ് സ്റ്റേറ്റി’ലേക്ക് മാറുകയാണെന്ന് ഉപപ്രതിപക്ഷ നേതാവ് എംകെ മുനീര്‍. വാറന്റില്ലാതെ പൗരന്മാര്‍ക്കെതിരെ പോലിസിന് അവരുടെ താല്‍പര്യപ്രകാരം സ്വമേധയ കേസ്സെടുക്കാന്‍ കഴിയുന്ന ‘കോഗ്‌നിസിബിള്‍ വകുപ്പ്’പ്രാബല്യത്തില്‍ വരിക വഴി കേരളം ഒരു ‘ഡീപ് പോലിസ് സ്റ്റേറ്റി’ലേക്ക് മാറുകയാണെന്ന യാഥാര്‍ത്യം നാം തിരിച്ചറിയുകയാണെന്നും അദ്ദേഹം പറഞ്ഞു.
118 എ വകുപ്പ് പൗരാവകാശത്തെ ധ്വംസിക്കുന്നതും ജനാധിപത്യ വിരുദ്ധവും ആണെന്ന് രാജ്യത്തെ പൗരാവകാശ പ്രവര്‍ത്തകരും ആക്റ്റിവിസ്റ്റുകളും ഒരേ സ്വരത്തില്‍ പറയുന്നു. പൗരാവകാശങ്ങളത്രയും ഇല്ലാതാക്കി കൊണ്ടാണ് ഭരണകൂടത്തിന് മാത്രം സമ്പൂര്‍ണ്ണ നിയന്ത്രണമുള്ള ‘ഡീപ് പോലിസ് സ്റ്റേറ്റുകള്‍’ഉണ്ടായിട്ടുള്ളത്. പോള്‍പോട്ടും ഹിറ്റ്‌ലറും യോഗിയും മോദിയും മാത്രമല്ല, ഇങ്ങ് കേരളത്തിലും ആ വഴികളെ അനുധാവനം ചെയ്യുന്ന ഭരണാധികാരികള്‍ ഉണ്ടാകുന്നു എന്നത് ജനാധിപത്യ വിശ്വാസികളെ പരിഭ്രാന്തരാക്കുന്നുണ്ട്. കാരണം നമുക്കിതൊരു പുതിയ അനുഭവമാണെന്നും മുനീര്‍ വിമര്‍ശിച്ചു.
വ്യക്തികളെ ലക്ഷ്യമിട്ട് സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്യുന്നുവെന്നതാണ് ഈ തീരുമാനത്തിലേക്ക് നയിച്ചതെന്ന് മുഖ്യമന്ത്രി അവകാശപ്പെടുന്നു.എന്നാല്‍ പുതിയ നിയമത്തിന് സര്‍ക്കാരിനെയും അധികാരികളെയും വിമര്‍ശിക്കുന്നവര്‍ക്കെതിരെ ഉപയോഗിക്കുക എന്ന ലക്ഷ്യം മാത്രമാണുള്ളത്. മീഡിയ സ്വതന്ത്ര്യത്തിനും വ്യക്തിസ്വാതന്ത്ര്യത്തിനും എതിരെയുള്ള നഗ്‌നമായ കടന്നുകയറ്റം മാത്രമാണിത്. മറിച്ചാണെങ്കില്‍ നിലവിലുള്ള നിയമം തന്നെ, ഫലപ്രദമായി ഗവണ്‍മെന്റിന് ഉപയോഗിക്കാവുന്നതേയുള്ളൂയൊന്നും അദ്ദേഹം ഉപപ്രതിപക്ഷ നേതാവ് പറഞ്ഞു.
നേരത്തെ റദ്ദാക്കിയ ഐടി ആക്റ്റ് 66 എ, പോലിസ് ആക്റ്റ് 118 ഡി എന്നിവയിലുണ്ടായിരുന്ന അവ്യക്തത നില നില്‍ക്കുന്ന, ദുരൂഹതയുള്ള ഒരു കരിനിയമം യാതൊരു ചര്‍ച്ചയോ സംവാദമോ കൂടാതെ നടപ്പിലാക്കുന്നത് വിസമ്മതങ്ങളെ ഇല്ലാതാക്കാനുള്ള ഡ്രാക്കോണിയന്‍ അജന്‍ഡയാണ്. കേരളത്തില്‍ അനുവദിക്കാനാവില്ല ഇതെന്നും മുനീര്‍ വ്യക്തമാക്കി.
Post Your Comments