KeralaLatest NewsNews

ജനാധിപത്യ വിരുദ്ധം ; പൊലീസ് നിയമ ഭേദഗതിക്കെതിരെ സാംസ്‌കാരിക പ്രവര്‍ത്തകര്‍ 

തിരുവനന്തപുരം: പൊലീസ് ആക്ടില്‍ 118 എ വകുപ്പ് കൂട്ടിച്ചേര്‍ക്കുന്നതിനെതിരെ സാംസ്‌കാരികപ്രവര്‍ത്തകര്‍ രംഗത്ത്. ഇത് തീര്‍ത്തും ജനാധിപത്യ വിരുദ്ധവും, അഭിപ്രായ സ്വാതന്ത്യത്തിന്മേലുള്ള കൈകടത്തലുമാണെന്ന് സച്ചിദാനന്ദനടക്കമുള്ള സംസ്‌കാരിക പ്രവര്‍ത്തകര്‍ പറഞ്ഞു.

സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാനെന്ന പേരില്‍ സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനായി കേരള പൊലീസ് ആക്ടില്‍ ഭേദഗതി വരുത്തി സംസ്ഥാന സര്‍ക്കാര്‍ നിയമം കൊണ്ട് വന്നത് ജനാധിപത്യ വിരുദ്ധമെന്ന് സാംസ്‌ക്കാരിക രാഷ്ട്രീയ പ്രവര്‍ത്തകരും നിയമജ്ഞരും അഭിപ്രായപ്പെട്ടു. ജനാധിപത്യ വിരുദ്ധ നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് സംയുക്ത പ്രസ്താവനയിലൂടെ ഇവര്‍ ആവശ്യപ്പെട്ടു. സ്ത്രീകളുടെ പരാതിയെ മുന്‍നിര്‍ത്തിയാണെങ്കിലും സ്ത്രീ സുരക്ഷക്കല്ല മറിച്ച് അമിതാധികാരത്തെ ബലപ്പെടുത്താനുള്ള ഒരുപാധി മാത്രമായി ഇത് മാറുമെന്നാണ് സാംസ്‌കാരിക പ്രവര്‍ത്തകര്‍ പറയുന്നത്.

സ്ത്രീകളുടെ അന്തസ്സും, വ്യക്തിത്വവും ഉറപ്പു വരുത്തുന്നതിനു പകരം സൈബര്‍ പോലീസിംഗിനു നിയമസാധുത നല്‍കുന്നതിനാണ് ഇപ്പോഴത്തെ നിയമം സഹായിക്കുക. ജനാധിപത്യ വിരുദ്ധവും, അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതുമായ ഈ നിയമനിര്‍മാണത്തില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്നു ബന്ധപ്പെട്ട അധികാരികളോടു തങ്ങള്‍ വിനീതമായി ആവശ്യപ്പെടുന്നു എന്നാണ് പ്രസ്താവനയില്‍ പറയുന്നത്.

സച്ചിദാനന്ദന്‍, എം.എന്‍ രാവുണ്ണി, പ്രമോദ് പുഴങ്കര, ബി.ആര്‍.പി ഭാസ്‌ക്കര്‍, സി.ആര്‍ നീലകണ്ഠന്‍, ജെ.ദേവിക, ബി. രാജീവന്‍, പി. പിള്ള, കെ.മുരളി, അഡ്വ: കസ്തൂരി ദേവന്‍, സുനില്‍ മക്തബ്, എം.കുഞ്ഞാമന്‍, ഡോ: കെ.ടി റാം മോഹന്‍, റഫീഖ് അഹമ്മദ്, അഡ്വ: പി.എ പൗരന്‍,ജോണി എം.എല്‍, റാസിക്ക് റഹീം, പി.എന്‍ ഗോപീകൃഷ്ണന്‍, തുടങ്ങി നിരവധി പേര്‍ പ്രസ്താവനയില്‍ ഒപ്പു വച്ചിട്ടുണ്ട്

പൊലീസിന് അമിതാധികാരം പ്രദാനം ചെയ്യുന്ന ഇത്തരം ഭേദഗതികള്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്കിടയാക്കുന്നതാണ്. വ്യക്തിയുടെ സല്‍പ്പേരിനും, കീര്‍ത്തിക്കും അപകീര്‍ത്തിയും, അപമാനവും, ഭീഷണിയും, അപകടത്തിനും ഇടയാക്കുന്ന തരത്തിലുള്ള ഉള്ളടക്കം വിവിധ തരത്തിലുള്ള സാമൂഹ്യമാധ്യമങ്ങള്‍ വഴി നിര്‍മിക്കുകയും, വിനിമയം ചെയ്യുകയും, പ്രചരിപ്പിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ കുറ്റകരമാക്കുന്നതാണ് നിര്‍ദിഷ്ട ഭേദഗതി. കുറ്റം തെളിഞ്ഞാല്‍ 5-കൊല്ലം തടവോ, അല്ലെങ്കില്‍ 10,000 രൂപ പിഴയോ അതുമല്ലെങ്കില്‍ തടവും, പിഴയും ചേര്‍ന്ന ശിക്ഷയാണ് ലഭിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button