ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് സിബിഐയില്‍ നിന്ന് സമന്‍സ് ലഭിച്ചതായി കോണ്‍ഗ്രസ് കര്‍ണാടക യൂണിറ്റ് പ്രസിഡന്റ് ഡി കെ ശിവകുമാര്‍. നവംബര്‍ 25 ന് അന്വേഷണ ഏജന്‍സിക്ക് മുന്നില്‍ ഹാജരാകുമെന്ന് അദ്ദേഹം അറിയിച്ചു.
നവംബര്‍ 19 ന് സിബിഐ സമന്‍സ് അയച്ചിട്ടുണ്ട് എന്നത് ശരിയാണെന്നും സമന്‍സ് നല്‍കാന്‍ സിബിഐ ഉദ്യോഗസ്ഥര്‍ തന്റെ വീട്ടില്‍ വന്നിരുന്നുവെന്നും എന്നാല്‍ തങ്ങള്‍ ഒരു സ്വകാര്യ പരിപാടിയില്‍ പങ്കെടുക്കാന്‍ പോയതിനാല്‍ ആരും വീട്ടില്‍ ഉണ്ടായിരുന്നില്ല. പിറ്റേന്ന് രാവിലെ താന്‍ വീട്ടിലെത്തിയപ്പോള്‍ അവര്‍ തനിക്ക് സമന്‍സ് നല്‍കിയതായും ശിവകുമാര്‍ പറഞ്ഞു.
നവംബര്‍ 23 ന് വൈകുന്നേരം 4 മണിയോടെ ഹാജരാകാനാണ് സിബിഐ തന്നോട് ആവശ്യപ്പെട്ടിട്ടുള്ളതെന്നും എന്നാല്‍ കോണ്‍ഗ്രസ് നിയമസഭാ പാര്‍ട്ടി നേതാവ് സിദ്ധരാമയ്യയോടൊപ്പം ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മാസ്‌കി, ബസവകലന്യ നിയമസഭാ മണ്ഡലങ്ങളില്‍ പര്യടനം നടത്തുന്നതിനാല്‍ അന്ന് ഹാജരാകാന്‍ സാധ്യമാകില്ലെന്ന് സിബിഐ ഉദ്യോഗസ്ഥരോട് ഔദ്യോഗികമായും ഫോണിലും വിളിച്ച് അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഒക്ടോബര്‍ 5 ന് സിബിഐ കര്‍ണാടക, ദില്ലി, മുംബൈ എന്നിവയുള്‍പ്പെടെ 14 സ്ഥലങ്ങളില്‍ റെയ്ഡ് നടത്തിയിരുന്നു. 57 ലക്ഷം രൂപ, സ്വത്ത് രേഖകള്‍,, ബാങ്കുമായി ബന്ധപ്പെട്ട വിവരങ്ങള്‍, കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌ക് തുടങ്ങിയ നിരവധി രേഖകളും റെയ്ഡില്‍ കണ്ടെത്തിയെന്നും അന്വേഷണം തുടരുകയാണെന്നും അന്വേഷണ ഏജന്‍സി വ്യക്തമാക്കിയിരുന്നു.
ഇതിനു പിന്നാലെ 74.93 കോടി രൂപയുടെ അനധികൃത സ്വത്ത് കൈവശം വച്ചുവെന്നാരോപിച്ച് ശിവകുമാറിനും കുടുംബാംഗങ്ങള്‍ക്കുമെതിരെ സിബിഐ കേസെടുത്തു. നവംബര്‍ 19 ന് ശിവകുമാറിന്റെ മകള്‍ ഐശ്വര്യ മുതിര്‍ന്ന ബിജെപി നേതാവ് എസ് എം കൃഷ്ണദാസിന്റെ ചെറുമകനും അന്തരിച്ച കഫെ കോഫി ഡേ സ്ഥാപകന്‍ വി ജി സിദ്ധാര്‍ത്ഥയുടെ മകനുമായ അമര്‍ത്യയുമായി വിവാഹനിശ്ചയം നടത്തിയിരുന്നു.
Leave a Comment