Latest NewsNewsIndia

കർണാടകയിൽ ഇനി കസേര കളി, ആര് മുഖ്യമന്ത്രിയാകും? ഡി.കെയോ സിദ്ധരാമയ്യയോ? – ‘പോരാട്ടം’ അവസാനിക്കാതെ കോൺഗ്രസ്

ന്യൂഡൽഹി: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ തകർപ്പൻ വിജയത്തിന് ശേഷം ആർക്ക് മുഖ്യമന്ത്രി സ്ഥാനം നൽകണമെന്ന തന്ത്രപ്രധാനമായ വിഷയം ചർച്ച ചെയ്യാൻ കോൺഗ്രസ് ഇന്ന് വൈകിട്ട് എം.എൽ.എമാരുടെ യോഗം വിളിച്ച് ചേർത്തിട്ടുണ്ട്. ബെംഗളൂരുവിലെ ഷാംഗ്രിലാ ഹോട്ടലിൽ വൈകുന്നേരം 6 മണിക്ക് ആണ് യോഗം നടക്കുക. കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ ശിവകുമാർ വിളിച്ച് ചേർത്ത യോഗത്തിൽ ഡി.കെ ക്യാമ്പ് ഒരു തീരുമാനം എടുക്കുമെന്നാണ് കരുതുന്നത്. തെരഞ്ഞെടുപ്പ് അവസാനിച്ചെങ്കിലും, കോൺഗ്രസിനുള്ളിലെ പോരാട്ടം അവസാനിച്ചിട്ടില്ലെന്ന് വേണം പറയാൻ.

കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ സുശീൽ കുമാർ ഷിൻഡെ, ദീപക് ബാബരിയ, ജിതേന്ദ്ര സിംഗ് അൽവാർ എന്നിവരെ കർണാടക സിഎൽപി യോഗത്തിന്റെ നിരീക്ഷകരായി നിയമിച്ചിട്ടുണ്ട്. ഡി.കെ.ശിവകുമാറും മുൻ മുഖ്യമന്ത്രിയും നിയമസഭയിലെ പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യയും മുഖ്യമന്ത്രി കസേരയ്ക്കായുള്ള തങ്ങളുടെ ആഗ്രഹം തുടർന്ന് പറഞ്ഞിട്ടുണ്ട്. വിഷയം പരിഹരിച്ചില്ലെങ്കിൽ പാർട്ടിക്കുള്ളിൽ അസുഖകരമായ നിലപാടുണ്ടാകുമെന്ന ഭയവും പ്രത്യക്ഷത്തിൽ ഉയർന്നു നിൽക്കുന്നുണ്ട്.

Also Read:ഫോട്ടോഗ്രാഫറും പ്രകൃതി സഞ്ചാരിയുമായ രാഹുൽ നമ്പികുളം വ്യൂ പോയിന്‍റിൽ കൊക്കയിൽ വീണ് മരിച്ച നിലയിൽ

ലഭിക്കുന്ന സൂചനകൾ പ്രകാരം, കര്‍ണാടകയില്‍ സിദ്ധരാമയ്യ മുഖ്യമന്ത്രിയായേക്കും. ഡികെ ശിവകുമാര്‍ ഉപമുഖ്യമന്ത്രിയായേക്കും. തന്റെ അവസാന തിരഞ്ഞെടുപ്പായിരിക്കും ഇതെന്നു പ്രഖ്യാപിച്ച സിദ്ധരാമയ്യയ്ക്ക് അവസരം നല്‍കണമെന്ന ചിന്ത ദേശീയ നേതൃത്വത്തിനുണ്ട്. എന്നാല്‍ ഡി.കെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്ന് അദ്ദേഹത്തെ പിന്തുണയ്ക്കുന്ന എംഎല്‍എമാര്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പദത്തില്‍ സിദ്ധരാമയ്യയ്ക്കും ശിവകുമാറിനും രണ്ടര വര്‍ഷം വീതം നല്‍കണമെന്ന വാദവുമുണ്ട്.

സിദ്ദരാമയ്യയെ ആണ് മുഖ്യമന്ത്രി ആക്കേണ്ടതെന്ന് മകന്‍ യതീന്ദ്ര അഭിപ്രായപ്പെട്ടിട്ടുണ്ട്. ഭരണ വിരുദ്ധ വികാരം ശക്തമായി അലയടിച്ച കര്‍ണാടകത്തില്‍ വന്‍ വിജയമാണ് കോണ്‍ഗ്രസ് നേടിയത്. സിദ്ധരാമയ്യയെ പിന്തുണയ്ക്കുന്നവർ ബെംഗളൂരുവിലെ അദ്ദേഹത്തിന്റെ വസതിക്ക് പുറത്ത് ‘കർണ്ണാടകയുടെ അടുത്ത മുഖ്യമന്ത്രി’ എന്ന് പരാമർശിച്ച് പോസ്റ്റർ പതിച്ചിട്ടുണ്ട്. മെയ് 15 ന്, ‘കർണ്ണാടകയിലെ പുതിയ മുഖ്യമന്ത്രിക്ക് ജന്മദിനാശംസകൾ’ എന്ന് എഴുതിയിരിക്കുന്ന പോസ്റ്ററുകൾ ഡികെ ശിവകുമാറിന്റെ ബെംഗളൂരുവിലെ വീടിന് പുറത്തും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ചുരുക്കി പറഞ്ഞാൽ ഡി.കെയും സിദ്ദരാമയ്യയും തമ്മിലുള്ള ‘കസേര യുദ്ധം’ ആരംഭിച്ച് കഴിഞ്ഞു.

കോൺഗ്രസിന്റെ വിജയം സംസ്ഥാനത്തെ ജനങ്ങൾക്ക് സമർപ്പിച്ച കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പാർട്ടി പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്ത ക്ഷേമപദ്ധതികൾ നടപ്പാക്കുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. ഇതുസംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാനും, ഭാവി കർണാടക മുഖ്യമന്ത്രിയെ സംബന്ധിച്ചുള്ള ആശങ്ക അവസാനിപ്പിക്കാനും അദ്ദേഹം ഉച്ചയോടെ ഡൽഹിയിലേക്ക് തിരിച്ചു. സോണിയ ഗാന്ധിയെ കണ്ട് സംസാരിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button