ശബരിമല : സന്നിധാനത്തെ പ്രധാന കാഴ്ചകളിലൊന്നാണ് ജ്വലിച്ചു നില്‍ക്കുന്ന ആഴി. അഭിഷേകത്തിന് ശേഷം നെയ്‌ത്തേങ്ങയില്‍ ഒരു പകുതി തീര്‍ത്ഥാടകര്‍ ഇവിടെ സമര്‍പ്പിക്കുകയാണ് ചെയ്യാറ്. ഇത്തവണ കോവിഡ് നിയന്ത്രണങ്ങളില്‍ ഭക്തരുടെ എണ്ണം കുറഞ്ഞതോടെയാണ് ആഴിയും അണഞ്ഞെന്നാണ് റിപ്പോർട്ട്.
സന്നിധാനത്തെ ആഴി അണഞ്ഞു എന്നതൊക്കെ വലിയ ദുർനിമിത്തം പോലെ വാർത്തയാക്കുന്നത് ഭക്തരെ വൈകാരികമായി ഇളക്കി വിട്ട് അവരെ കൊള്ളയടിക്കാൻ മാത്രമാണെന്ന് ബാര്‍ കൗണ്‍സിലര്‍ അഭിഭാഷകനായ ശങ്കു ടി ദാസ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
നെയ്യഭിഷേകം നടത്താൻ അനുവാദമില്ലാത്ത മണ്ഡല കാലത്ത് നെയ്ത്തേങ്ങ എറിഞ്ഞു ആഴി ജ്വലിപ്പിക്കുന്നത് എന്തിനാണ്?, അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം കാണാം :
സന്നിധാനത്തെ ആഴി അണഞ്ഞു എന്നതൊക്കെ വലിയ ദുർനിമിത്തം പോലെ വാർത്തയാക്കുന്നത് ഭക്തരെ വൈകാരികമായി ഇളക്കി വിട്ട് അവരെ കൊള്ളയടിക്കാൻ മാത്രമാണ്.
ആചാര നിഷ്ഠയോടെ തീർത്ഥാടനം പൂർത്തിയാക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ ഇക്കൊല്ലം ക്ഷേത്ര ദർശനം വേണ്ടെന്ന് വെച്ചിരിക്കുന്ന വിശ്വാസികളെ, നിങ്ങളാരും വരാത്തത് കൊണ്ട് ശബരിമല ആകെ ശോഭ കെട്ട്, ആരോരുമില്ലാതെ അനാഥമായി, എല്ലാ ചൈതന്യവും നഷ്ടപ്പെടുന്നതിന്റെ അപലക്ഷണങ്ങൾ പ്രദർശിപ്പിച്ച്, തീരെ അത്യാഹിത നിലയിലായി എന്ന് വരുത്തി തീർത്ത്, അഭിമാന പ്രശ്നമോ ധാർമ്മിക ബാധ്യതയോ ആയെങ്കിലും ശബരിമലയിലേക്ക് കുത്തിയൊഴുക്കുക എന്നതാണ് ആ പ്രചാരണത്തിന്റെ ലക്ഷ്യം.
അങ്ങനെയങ്ങ് ആഴി കെട്ട് പോവരുതല്ലോ എന്ന് കരുതി എങ്ങനെയും അവർ വന്നു സന്നിധാനത്ത് നിറഞ്ഞു കവിഞ്ഞാലേ ഉള്ളുവല്ലോ ഇക്കൊല്ലത്തെ കച്ചവടം.
വൃതമെടുത്തു മലയ്ക്ക് പോവുന്ന ഭക്തർ കെട്ടുനിറ സമയത്ത് ഉള്ളുരുകിയ പ്രാർത്ഥനയോടെ നാളികേരത്തിൽ നിറയ്ക്കുന്ന നെയ്യിനെ പ്രാണൻ ആയി കരുതി മരയടപ്പും അരക്കും പപ്പടവും ഭസ്മവും തുണിയും കുട്ടിസഞ്ചിയും കൊണ്ട് അടച്ചു പൂട്ടി ഭദ്രമാക്കി മുൻകെട്ടിൽ നിറച്ചു തലയിൽ ചുമന്നു ശരണ മന്ത്ര ജപത്തോടെ സന്നിധാനം വരെ ഏറ്റി എത്തിയ്ക്കുന്നതാണ് സ്വാമിയ്ക്കുള്ള നെയ്ത്തേങ്ങ.
അത് കാണിക്കയായി സ്വാമിയേ കാണിച്ചു കഴിഞ്ഞാൽ തേങ്ങ ഉടച്ചു നെയ്യും നാളികേരവും വേറെയാക്കുകയാണ്.
അതിലെ നെയ്യ് സ്വാമിയുടെ നെയ്യഭിഷേകത്തിന് ഉള്ളതാണ്.
ബാക്കി വരുന്ന ഉടച്ച നാളികേര കഷ്ണങ്ങളാണ് ആഴിയിലെ അഗ്നിയ്ക്ക്.
അതിലൊരു സങ്കൽപ തത്വമുണ്ട്.
നാളികേരം അവിടെ ശരീരവും അതിൽ നിറഞ്ഞിരിക്കുന്ന നെയ്യ് ആ ശരീരത്തിൽ കുടികൊള്ളുന്ന ജീവാത്മാവുമാണ്.
ജീവചൈതന്യം സ്പന്ദിക്കുന്ന ആത്മാവ് പരമാത്മാവായ സ്വാമിയിൽ ലയിക്കുകയും അതൊഴിഞ്ഞു പോയ ജഡശരീരം അഗ്നിയിൽ ദഹിക്കുകയുമാണ്.
ആ സങ്കൽപ തത്വം ആദ്യമായി കെട്ടുമുറുക്കുന്ന കന്നിസ്വാമികൾക്ക് പോലുമറിയാം.
നെയ്യഭിഷേകം നടത്താൻ അനുവാദമില്ലാത്ത മണ്ഡല കാലത്ത് നെയ്ത്തേങ്ങ എറിഞ്ഞു ആഴി ജ്വലിപ്പിക്കുന്നത് എന്തിനാണ്?
ആത്മനെ ഈശ്വരനിൽ ലയിപ്പിക്കാതെ തന്നെ ശരീരത്തെ മാത്രം അഗ്നിയ്‌ക്കെറിഞ്ഞു കൊടുക്കാനാവാത്തതിൽ ആർക്കെന്തിനാണ് ഖേദം?
ആഴി ഒറ്റയ്‌ക്കെരിയുന്ന സ്വയംഭൂ ജ്വാലയല്ല.
അത് ശബരിമല തീർത്ഥാടനം എന്ന പൊതു പദ്ധതിയുടെ ഒരു ഭാഗം മാത്രമാണ്.
നെയ്യഭിഷേകം പുനസ്ഥാപിക്കപ്പെടുന്ന കാലത്ത് വീണ്ടും ആഴിയും പഴയ പോലെ എരിഞ്ഞു തുടങ്ങി കൊള്ളും.
അതില്ലാത്ത കാലത്ത് ആഴി അണയുക എന്നതൊരു സ്വാഭാവികത മാത്രമാണ്.
അത് കൊണ്ട് തീയ്യില്ലാത്ത ആഴി മഹാദുരിതം ആണെന്ന മട്ടിൽ പ്രദർശിപ്പിച്ച് ഭക്തരെ അസ്വസ്ഥരാക്കാം എന്ന് ധരിക്കരുത്.
നെയ്യഭിഷേകത്തിന് അനുവാദമില്ലാത്ത മണ്ഡലത്തേക്കാൾ വലിയ ദുരിതമല്ല അണഞ്ഞ ആഴി എന്നവർക്കറിയാം.
ഇതിലും വലിയ വെല്ലുവിളികൾ നേരിട്ട പുണ്യസ്ഥാനമാണ് ശബരിമല.
അത് തീവെയ്പ്പും കൊള്ളയും വിഗ്രഹ ധ്വംസനവും യുദ്ധവും പോലും നേരിട്ടിട്ടുണ്ട്.
എന്നിട്ടും അതിപ്പോഴും ഒരു തരി ചൈതന്യ ലോഭമില്ലാത്ത മഹാ ശക്തി ദുർഗ്ഗമായി തന്നെ നിലനിൽക്കുന്നുണ്ടല്ലോ.
ഇനിയുള്ള നൂറ്റാണ്ടുകളിലും അതങ്ങനെ തന്നെ നിലനിൽക്കും.
കാരണം, ആ ക്ഷേത്രത്തെ നിലനിർത്തുന്നത് ലക്ഷോപക്ഷം ഭക്തരുടെ അണയാത്ത വിശ്വാസ ശക്തിയാണ്.
ആ ശക്തി ആയിരം ആഴികളെക്കാൾ താപത്തോടെ നിതാന്തമായി ജ്വലിച്ചു കൊണ്ടിരിക്കുകയാണ്.
ഈ കാലവും മാറി പോവും.
ഈ വെല്ലുവിളികൾ ഒക്കെ അടങ്ങും.
നെയ്യഭിഷേകവും പമ്പാ സ്‌നാനവും വീണ്ടും പഴയ പടി ആരംഭിക്കും.
ആഴിയിലെ അഗ്നി അണയാതെ എരിയുകയും ചെയ്യും.
അതിൽ ഞങ്ങൾക്കാർക്കും സംശയമില്ല.
അതിനാൽ ഞങ്ങൾക്ക് ഭയവുമില്ല.
അത് വരെ ഉള്ളിലാണ് സ്വാമി.
നെഞ്ചിലാണ് ആഴി.
അത് എരിഞ്ഞു കൊണ്ടിരിക്കുക തന്നെയാണ്.
https://www.facebook.com/sankutdas/posts/10158076860842984
Post Your Comments