Latest NewsKeralaNews

അറിയാതെ ചെയ്തുപോയ തെറ്റ് തിരുത്തുന്നു ; ലോക വനിതാ സംരഭകത്വ ദിനത്തില്‍ മാപ്പ് പറഞ്ഞ് ആദരിച്ച് സന്ദീപ് വാര്യര്‍

തിരുവനന്തപുരം : തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് മൂലം മാനസിക വിഷമം ഉണ്ടായ വനിതാ സംരംഭകയെ ആദരിച്ച് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍. കഴിഞ്ഞ തൃശൂര്‍ പൂര സമയത്ത് താനിട്ട ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ തമാശക്ക് പഴയ തൃശൂര്‍ പൂരം അനുഭവവുമായി ബന്ധപ്പെട്ട് ഗിരിജ തിയേറ്ററിനെക്കുറിച്ച് ഒരു പരാമര്‍ശമുണ്ടായിരുന്നു. ഇതിന് പിന്നാലെ അത് തീയേറ്റര്‍ ഉടമ ഗിരിജ മാഡത്തിന് മാനസിക വിഷമമുണ്ടാക്കിയതായി അറിഞ്ഞതിനെ തുടര്‍ന്ന് സന്ദീപ് വാര്യര്‍ ക്ഷമ ചോദിച്ച് പിന്‍വലിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ ഇതാ ഗിരിജയെ നേരില്‍ കണ്ട് ആദരിച്ചിരിക്കുകയാണ് അദ്ദേഹം.

ലോക വനിതാ സംരഭകത്വ ദിനമായ ഇന്ന് തന്നെ ഗിരിജയെ ആദരിക്കാനുള്ള ദിനമായി തിരഞ്ഞെടുത്തതിലും കാര്യമുണ്ട്. അത് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നുമുണ്ട്. ഗിരിജ എന്ന മലയാളി സംരംഭകയുടെ നിശ്ചയദാര്‍ഢ്യത്തിന്റെയും കഠിന പ്രയത്‌നത്തിന്റെയും വിജയകഥ സന്ദീപ് വാര്യര്‍ തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പങ്കുവയ്ക്കുന്നുണ്ട്.

സന്ദീപ് വാര്യറുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;

അറിയാതെ ചെയ്തുപോയ ഒരു തെറ്റു തിരുത്തുകയാണ്. കഴിഞ്ഞ തൃശൂര്‍ പൂര സമയത്ത് ഞാനിട്ട ഒരു ഫേസ് ബുക്ക് പോസ്റ്റില്‍ , തമാശക്ക് പഴയ തൃശൂര്‍ പൂരം അനുഭവവുമായി ബന്ധപ്പെട്ട് ഗിരിജ തിയേറ്ററിനെക്കുറിച്ച് ഒരു പരാമര്‍ശമുണ്ടായിരുന്നു. അത് തീയേറ്റര്‍ ഉടമ ഗിരിജ മാഡത്തിന് മാനസിക വിഷമമുണ്ടാക്കിയതായി അറിഞ്ഞതിനെ തുടര്‍ന്ന് ക്ഷമ ചോദിച്ച് പിന്‍വലിക്കുകയും ചെയ്തു. അന്ന് മാഡത്തിനോട് ഞാന്‍ പറഞ്ഞിരുന്നു ‘ ഒരിക്കല്‍ ഈ തെറ്റിന് ഞാന്‍ പ്രായശ്ചിത്തം ചെയ്യും” .
ഇന്ന് ലോക വനിതാ സംരഭകത്വ ദിനമാണ് ( Women’s Entrepreneurship Day (WED) . ഗിരിജ എന്ന മലയാളി സംരംഭകയുടെ നിശ്ചയദാര്‍ഢ്യത്തിന്റെയും കഠിന പ്രയത്‌നത്തിന്റെയും വിജയകഥ നിങ്ങളോട് പങ്കുവയ്ക്കാന്‍ ഇതിലും നല്ല ദിവസം വേറെയില്ല .
പെരുകിയ കടവും മോശം സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന കുടുംബങ്ങള്‍ കയറാത്ത ഒരു തീയേറ്ററുമാണ് ഗിരിജ മാഡത്തിന് പാരമ്പര്യമായി ലഭിച്ചത് . തീയേറ്ററിനെ കഷ്ടപ്പെട്ട് അവര്‍ നവീകരിച്ചു. നല്ല സിനിമകള്‍ക്കായി ശ്രമിച്ച് കാത്തിരുന്നു. ആരും നല്ല സിനിമകള്‍ റിലീസ് നല്‍കാന്‍ തയ്യാറായില്ല . ഒടുവില്‍ നഗരത്തിലെ മറ്റു തീയേറ്ററുകളില്‍ ഇടം ലഭിക്കാതെ പോയ ‘ടു ഹരിഹര്‍ നഗര്‍’ ഗിരിജ തീയേറ്ററിന് ലഭിച്ചു. നൂറു ദിവസം സിനിമ ഓടിയതോടെ കുടുംബങ്ങള്‍ ആദ്യമായി ഗിരിജ തീയേറ്ററിലെത്തി. പിന്നീട് വെല്ലുവിളികളെയും പ്രതിസന്ധികളെയും തരണം ചെയ്ത് ഗിരിജ മാഡം തിയേറ്ററിനെ തൃശൂരിലെ മികച്ച തീയേറ്ററുകളിലൊന്നാക്കി വളര്‍ത്തി.
ഓപ്പറേറ്ററുടെ അഭാവം കൊണ്ട് ഷോ തടസ്സപ്പെടാതിരിക്കാന്‍ സിനിമ പ്രദര്‍ശനത്തിന്റെ സാങ്കേതിക വിദ്യകള്‍ പഠിച്ച് ഓപ്പറേറ്റര്‍ ലൈസന്‍സെടുത്തു . കേരളത്തില്‍ ഓപ്പറേറ്റര്‍ ലൈസന്‍സുള്ള രണ്ടു വനിതകളില്‍ ഒരാളാണ് ഗിരിജ മാഡം .
കോവിഡ് കാലം കഴിഞ്ഞ് തീയേറ്ററുകള്‍ വീണ്ടും തുറക്കാനുള്ള അനുമതിക്കായി തീയേറ്റര്‍ നവീകരിച്ച് കാത്തിരിക്കുകയാണ് ഗിരിജ മാഡം .
മറ്റാരായിരുന്നെങ്കിലും ഉപേക്ഷിക്കുകയോ വാടകക്ക് കൊടുത്ത് തലവേദന ഒഴിവാക്കുകയോ ചെയ്യുമായിരുന്ന ഒരു സംരംഭത്തെ സ്വപ്രയത്‌നം കൊണ്ട് വിജയിപ്പിച്ചെടുത്ത ഗിരിജ മാഡം മലയാളി വനിതകള്‍ക്ക് ഒരു മാതൃകയാണ് .
ഗിരിജ മാഡത്തെ ആദരിച്ച് യാത്ര പറഞ്ഞിറങ്ങുമ്പോള്‍ പഴയൊരു തെറ്റു തിരുത്തിയതിന്റെ ആത്മ സംതൃപതി എനിക്കുമുണ്ടായി .

shortlink

Related Articles

Post Your Comments

Related Articles


Back to top button