മനാലി: ഹിമാചൽ പ്രദേശിലെ ഒരു ഗ്രാമത്തിൽ ഒരാൾക്കൊഴികെ എല്ലാവർക്കും കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. ലാഹൗൾ താഴ്വരയിലെ തോറങ് ഗ്രാമവാസികൾക്കാണ് കൂട്ടത്തോടെ കോവിഡ് പോസിറ്റീവ് ആയിരിക്കുന്നത്. എന്നാൽ അതേസമയം, 52കാരനായ ഭൂഷൺ താക്കൂറിന് മാത്രം കോവിഡ് പരിശോധന ഫലം നെഗറ്റീവായിരിക്കുന്നത്.
കുറച്ചുദിവസങ്ങൾക്ക് മുമ്പ് ഗ്രാമവാസികളെല്ലാം ചേർന്ന് മതപരമായ ചടങ്ങുകളിൽ പങ്കെടുത്തിരുന്നു. ഇതോടെ സാമൂഹിക വ്യാപനം സംഭവിക്കുകയും കോവിഡ് വ്യാപിക്കുകയുമായിരുന്നു ഉണ്ടായത്. രണ്ടുദിവസം മുമ്പ് ഗ്രാമവാസികൾ എല്ലാവരും കോവിഡ് പരിശോധനക്ക് വിധേയമാകുകയായിരുന്നു.
തോറങ് ഗ്രാമവാസികളിൽ ഭൂരിഭാഗവും ശൈത്യകാലം തുടങ്ങിയതോടെ കുളുവിലേക്ക് കുടിയേറിയിരുന്നു. 42 പേർ മാത്രമാണ് ഗ്രാമത്തിലുണ്ടായിരുന്നത്.
കോവിഡ് സ്ഥിരീകരിക്കാത്ത ഭൂഷൺ നിലവിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. വീട്ടിലെ പ്രത്യേക മുറിയിൽ സ്വയം തയാറാക്കിയ ഭക്ഷണം കഴിച്ച് കഴിഞ്ഞുകൂടുകയാണ് ഇദ്ദേഹം. ഇടക്കിടെ കൈകൾ അണുവിമുക്തമാക്കുകയും മാസ്ക് ധരിക്കുകയും പൊതു സ്ഥലങ്ങളിൽ സാമൂഹിക അകലം പാലിക്കുകയും ചെയ്യുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഭൂഷന്റെ കുടുംബത്തിലെ അഞ്ചുപേർക്ക് കോവിഡ് പോസിറ്റീവാണ്.
എന്നാൽ അതേസമയം, താഴ്വരയിൽ കോവിഡ് വ്യാപിച്ചതോടെ വിനോദസഞ്ചാരികൾക്ക് കർശന നിയന്ത്രണം നൽകിയിരിക്കുന്നു.
Post Your Comments