ഒരുപാട് പ്രതീക്ഷയോടെയാണ് ഇന്ന് പലരും വിവാഹമെന്ന കടമ്പയിലേക്ക് കടക്കുന്നത്. പരസ്പരം മനസിലാക്കി സന്തോഷത്തോടെ ജീവിക്കാൻ കഴിയുക എന്നത് വലിയൊരു ഭാഗ്യമാണ്. ജീവിതത്തിൽ പലർക്കും ഇത്തരത്തിൽ സ്വർഗതുല്യമായ ഒരു ജീവിതം നേടിയെടുക്കാൻ സാധിച്ചെന്ന് വരില്ല. പ്രതീക്ഷകൾ അസ്തമിക്കുന്നത് തിരിച്ചറിയുമ്പോൾ പലർക്കും പിടിച്ച് നിൽക്കാൻ കഴിയാറില്ല. എന്നാൽ, ജീവിതത്തിൽ തോറ്റു കൊടുക്കാത്തവരുടെ ജീവിതകഥകള്‍ പങ്കുവയ്ക്കുന്ന സോഷ്യൽ മീഡിയ പേജ് ആണ് ‘ഹ്യൂമന്‍സ് ഓഫ് ബോംബൈ’. പേജ് വഴി യുവതി വിവരിച്ച അവരുടെ ജീവിതകഥ അവിശ്വസനീയമാണ്. കുറിപ്പ് ഇങ്ങനെ:
വിവാഹത്തിനു മുൻപ് മൂന്ന് തവണ ഞങ്ങൾ പരസ്പരം കണ്ടിരുന്നു. നന്നായി ഫിറ്റ്നസ് ഒക്കെ കൈകാര്യം ചെയ്യുന്ന ആളായിരുന്നിട്ട് കൂടി എന്തുകൊണ്ടാണ് എന്റെ ശരീരത്തിന്റെ താഴ്ഭാഗം തൂങ്ങിയിരിക്കുന്നതെന്നായിരുന്നു അദ്ദേഹം ആദ്യകാഴ്ചയിൽ എന്നോട് ചോദിച്ചത്. ഞാനത് അന്ന് അത്ര കാര്യമാക്കി എടുത്തില്ല. രണ്ട് മാസങ്ങൾക്ക് ശേഷം ഞങ്ങളുടെ നിശ്ചയം കഴിഞ്ഞു. ശേഷം വിവാഹവും.
സംക്രാന്തിക്ക് പണം അയച്ചില്ലെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ അമ്മ എന്നെ ഫോൺ ചെയ്തു. ആ രാത്രി ഒരിക്കലും മറക്കാൻ കഴിയില്ല. അയാളിലെ മോൺസ്റ്ററെ ഞാൻ നേരിൽ കാണുന്നത് അന്നായിരുന്നു. എന്നെ ആവോളം ഉപദ്രവിച്ചു. എന്നെ ഉപദ്രവിക്കുന്നത് അയാൾ എന്റെ അമ്മയെ വിളിച്ച് അറിയിക്കുകയും ചെയ്തു. ഞങ്ങളെ ടോർച്ചർ ചെയ്യുക എന്നത് മാത്രമായിരുന്നു അയാളുടെ ലക്ഷ്യം. ബാല്യകാല സുഹൃത്തുമായി അയാൾക്ക് ബന്ധമുണ്ടെന്ന് മാസങ്ങൾ തികയും മുൻപേ ഞാൻ തിരിച്ചറിഞ്ഞു. അയാളുടെ വീട്ടുകാരോട് ഇതേക്കുറിച്ച് പറയരുതെന്ന് എന്നോട് ആവശ്യപ്പെട്ടു. ഉറക്കം നഷ്ടപ്പെട്ട രാത്രികളായിരുന്നു പിന്നീട്. എന്തു ചെയ്യണമെന്ന് എനിക്ക് അറിയില്ലായിരുന്നു.
അവർ തമ്മിൽ ചാറ്റ് ചെയ്യുന്നത് ഒരിക്കൽ കാണാനിടയായി. സന്ദേശങ്ങൾ കാണിക്കാൻ ആവശ്യപ്പെട്ടപ്പോൾ ക്രൂരമായി എന്നെ മർദ്ദിച്ചു. കുറഞ്ഞത് 30 തവണയെങ്കിലും എന്നെ അടിച്ചു. എന്റെ അടിവയറിനു തൊഴിച്ച് താഴെയിട്ടു. ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തി. ആഴ്ചകളോടും മിണ്ടാതെ ഇരുന്നു. നടുറോഡിൽ വെച്ച് അപമാനിച്ചു, അസഭ്യം പറഞ്ഞു. പിന്നീടൊരിക്കൽ ബോധം പോകുന്നത് വരെ കഴുത്തിനു പിടിച്ച് ശ്വാസം മുട്ടിച്ചു. മധ്യസ്ഥത സംസാരിക്കാൻ എന്റെ അച്ഛനും വീട്ടുകാരും വന്നു. അവരേയും അപമാനിച്ചു. കുറച്ച് നാൾ ഞാൻ എന്റെ വീട്ടിൽ പോയി നിന്നു. പക്ഷേ, പിന്നീട് തിരിച്ച് വന്നു. കാരണം, അയാളെ ഉപേക്ഷിക്കുക എന്നത് അത്ര എളുപ്പമായിരുന്നില്ല.
എന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. അയാളുടെ നിയമങ്ങൾക്കനുസരിച്ചല്ല ഞാൻ പെരുമാറുന്നതും ജീവിക്കുന്നതെന്നും അയാൾ പറഞ്ഞു. ഇനിയും മുന്നോട്ട് പോവുക ബുദ്ധിമുട്ടാണെന്ന് മനസിലാക്കി. അമ്മയെ വിളിച്ച് കാര്യം പറഞ്ഞു. വിവാഹമോചന കേസ് ഫയൽ ചെയ്തു. ഗാർഹികപീഡനത്തിനും കേസ് ഫയൽ ചെയ്തു. അതായിരുന്നു എന്റെ രണ്ട് വർഷക്കാലത്തെ വിവാഹജീവിതം. നല്ലതായി ഓർത്ത് വെയ്ക്കാൻ ഒന്നും തന്നെയില്ല. കണ്ണീരിൽ കുതിർന്ന നാളുകൾ. ഇപ്പോഴും പൂർണമായും എനിക്ക് കരകയറാൻ സാധിച്ചിട്ടില്ല. ഇതിൽ നിന്നും പുറത്ത് വന്നേ മതിയാകൂ, ഞാൻ ഇപ്പോഴും അതിനായി ശ്രമിക്കുകയാണ്.
Post Your Comments