കൊച്ചി: ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരിയെ താര സംഘടനയായ അമ്മയിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സിനിമാ താരങ്ങൾ. ഇന്ന് കൊച്ചിയിൽ നടന്ന ‘അമ്മ’ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ആവശ്യമുയര്‍ന്നത്. ബിനീഷ് കോടിയേരിയെ ഇനിയും സംഘടനയിൽ തുടരാൻ അനുവദിക്കരുതെന്നും ഉടൻ പുറത്താക്കണമെന്നും ഭൂരിഭാഗം അംഗങ്ങളും ആവശ്യപ്പെട്ടു.
നേരത്തെ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിനെ അമ്മയില്‍നിന്ന് പുറത്താക്കിയിരുന്നു. അതുകൊണ്ടുതന്നെ സംഘടനയിലെ രണ്ടംഗങ്ങള്‍ക്ക് രണ്ടു നീതി നടപ്പിലാക്കാൻ അനുവദിക്കുകയില്ല. ദിലീപിനെതിരേ സ്വീകരിച്ച അതേ നടപടി ബിനീഷിനെതിരേയും സ്വീകരിക്കണമെന്ന് താരങ്ങൾ ഒന്നടങ്കം ആവശ്യപ്പെട്ടു.
അതേസമയം ഈ ആവശ്യത്തിതിരെ ഇടത് എംഎൽഎമാർ കൂടിയായ മുകേഷിനും ഗണേഷ് കുമാറിനും കടുത്ത എതിർപ്പാണുള്ളത്. ഈ എതിർപ്പ് ഇരുവരും യോഗത്തിൽ തുറന്ന് പ്രകടിപ്പിക്കുകയും ചെയ്തു.
യോഗത്തിന് മുന്നോടിയായി ബിനീഷ് കോടിയേരിയുടെ അംഗത്വം റദ്ദാക്കല്‍, ആക്രമിക്കപ്പെട്ട നടിക്കെതിരെ ഇടവേള ബാബു നടത്തിയ വിവാദ പരാമര്‍ശം, തുടർന്നുണ്ടായ പാര്‍വതിയുടെ രാജി തുടങ്ങിയ വിഷയങ്ങൾ ചര്‍ച്ച ചെയ്യുമെന്ന് എക്‌സിക്യൂട്ടീവ് അംഗം ബാബുരാജ് വ്യക്തമാക്കിയിരുന്നു.
‘അമ്മ’യുടെ നിയമാവലി അനുസരിച്ച് എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കാണ് അംഗങ്ങളെ പുറത്താക്കാന്‍ അനുവാദമുളളത്. 2009 ലാണ് ബിനീഷ് കോടിയേരി അമ്മയിൽ അംഗമായത്.നിരവധി ചിത്രങ്ങളിലും ബിനീഷ് അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.
Post Your Comments