തിരുവനന്തപുരം: ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കാനായുള്ള കൂട്ടായ്മയായ ഗുപ്കര്‍ സഖ്യത്തിന് കുടപിടിക്കുന്ന കോണ്‍ഗ്രസും സി.പി.എമ്മും നിലപാട് വ്യക്തമാക്കണമെന്ന് കേന്ദ്ര വിദേശ-പാര്‍ലമെന്ററി കാര്യ വകുപ്പ്മന്ത്രി വി.മുരളീധരന്‍ ആവശ്യപ്പെട്ടു. കാശ്മീരില്‍ 370ാം വകുപ്പ് റദ്ദാക്കിയതിനെതിരെ പാര്‍ലമെന്റില്‍ ദുര്‍ബലമായ പ്രതിഷേധം മാത്രം ഉയര്‍ത്തിയ കോണ്‍ഗ്രസ് വിഘടനവാദികളും ഫാറൂഖ് അബ്ദുള്ളയും നേതൃത്വം നല്‍കുന്ന ഗുപ്കര്‍ സഖ്യത്തില്‍ ചേരുകയാണ്. സ്വാതന്ത്ര്യസമര കാലഘട്ടം മുതല്‍ രാജ്യവിരുദ്ധ സമീപനം എടുക്കുന്ന സി.പി.എം സഖ്യത്തില്‍ ചേര്‍ന്നത് അത്ഭുതപ്പെടുത്തുന്നില്ലെന്നും തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
ഇരു പാര്‍ട്ടികളും കാശ്മീരിലെടുക്കുന്ന സമീപനം നാടിന്റെ അഖണ്ഡതയ്‌ക്കെതിരാണ്. കേരളത്തിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയുമായുള്ള കോണ്‍ഗ്രസ് സഖ്യവുമായി ഇതിനെ കൂട്ടിവായിക്കാവുന്നതാണ്. തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ രാജ്യദ്രോഹശക്തികളുമായി കൂട്ടുകൂടുന്നതിനെ കുറിച്ച് കോണ്‍ഗ്രസ് ദേശീയ നേതൃത്വം വ്യക്തമാക്കണം. ജമ്മുകാശ്മീരില്‍ തദ്ദേശ തിരഞ്ഞെടുപ്പുകള്‍ നടന്നത് കേന്ദ്രസര്‍ക്കാര്‍ 370ാം വകുപ്പ് എടുത്തു കളഞ്ഞതിന് ശേഷമാണെന്ന് മുരളീധരന്‍ ഓര്‍മ്മിപ്പിച്ചു.
അതേസമയം സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ജയിലില്‍ നിന്ന് നല്‍കിയ ശബ്ദരേഖ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള തിരക്കഥയാണെന്ന് വി.മുരളീധരന്‍ പറഞ്ഞു. സ്വപ്ന താമസിക്കുന്ന ജയില്‍ സംസ്ഥാന ആഭ്യന്തരവകുപ്പിന്റെ നിയന്ത്രണത്തിലാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരാള്‍ ജയിലിനകത്തായി. അടുത്തയാളെ ചോദ്യം ചെയ്യാന്‍ അന്വേഷണ ഏജന്‍സികള്‍ വിളിപ്പിച്ചിരിക്കുന്നു. കൂടുതല്‍ വിവരം പുറത്തുവന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ ലക്ഷ്യംവെക്കുന്നെന്ന് മുന്‍കൂര്‍ ജാമ്യമെടുക്കാനാണ് ശബ്ദരേഖ. സ്വപ്ന ഒളിവിലുള്ള സമയത്തും ശബ്ദരേഖ പുറത്തു വന്നിരുന്നു. എന്തുകൊണ്ടാണ് അന്ന് പൊലീസ് അന്വേഷിക്കാതിരുന്നതെന്ന് അദ്ദേഹം ചോദിച്ചു.
സ്വപ്നയും മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസിലുള്ളവരും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതും ഒരുമിച്ചാണ്. ശബ്ദരേഖ പുറത്തുവന്നതിന്റെ തൊട്ടുപിന്നാലെ വന്ന സി.പി.എമ്മിന്റെ പ്രസ്താവന ഇതിന് ബലമേകുന്നു. സ്വര്‍ണ്ണക്കടത്തിന്റെ ഉത്ഭവവും സ്വര്‍ണ്ണം ആരിലേക്കാണ് പോയതെന്നും അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തുമെന്ന് വി.മുരളീധരന്‍ പറഞ്ഞു. രാജ്യാന്തരതലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തിരിച്ചടയ്ക്കുന്ന വായ്പ്പയെടുക്കല്‍ കേന്ദ്രസര്‍ക്കാരിനെ അറിയിക്കേണ്ടതാണെന്നാണ് സി.എ.ജി ചൂണ്ടിക്കാണിച്ചത്. ചെയ്തത് തെറ്റാണെന്ന് തോമസ് ഐസക്കിന് അറിയാവുന്നത് കൊണ്ടാണ് കിഫ്ബിയുടെ കാര്യത്തില്‍ ഈ വെപ്രാളം കാണിക്കുന്നതെന്നും മുരളീധരന്‍ പറഞ്ഞു.
Post Your Comments