Latest NewsIndiaNews

കസ്റ്റഡിയിൽ നിന്ന് കസ്റ്റഡിയിലേക്ക്..ബിനീഷിന് അഴിയാക്കുരുക്ക്

ബിനീഷ് കൊക്കെയ്ന്‍ ഉപയോഗിച്ചിരുന്നതായി വിവരം കിട്ടിയെന്ന് ഇ.ഡി കോടതിയെ അറിയിച്ചിരുന്നു.

ബംഗളൂരു: ബംഗളൂരു മയക്കുമരുന്ന് കേസില്‍ നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി) കസ്റ്റഡിയിലെടുത്തതോടെ ബിനീഷ് കോടിയേരിയ്ക്ക് ഇനി ശിഷ്ട കാലം ജയിൽവാസം. ബിനീഷ് റിമാന്‍ഡിലുള്ള പരപ്പന അഗ്രഹാര ജയിലിലെത്തിയാണ് ഇന്നലെ എന്‍.സി.ബി ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത്. ബംഗളൂരു സിറ്റി സെഷന്‍സ് കോടതി ഈമാസം 20 വരെ ബിനീഷിനെ എന്‍.സി.ബി കസ്റ്റഡിയില്‍ വിട്ടു. ചോദ്യംചെയ്ത ശേഷം ബിനീഷിനെ പ്രതിയാക്കുമെന്നാണ് സൂചന. കന്നഡ സീരിയല്‍ നടി അനിഖ, കൊച്ചി സ്വദേശി മുഹമ്മദ് അനൂപ്, റിജേഷ് രവീന്ദ്രന്‍ എന്നിവര്‍ പ്രതികളായ കേസിലാണ് നടപടി. ബിനീഷിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാനിരിക്കെയാണ് നാടകീയമായി എന്‍.സി.ബി ഇന്നലെ കസ്റ്റഡിയിലെടുത്തത്.

എന്നാൽ അറസ്റ്റിനും കോടതിനടപടികള്‍ക്കുമായി ഒരേസമയം രണ്ടു സംഘങ്ങളായി തിരിഞ്ഞായിരുന്നു എന്‍.സി.ബി നീക്കം. കസ്റ്റഡിയിലെടുത്ത ബിനീഷിനെ ചോദ്യംചെയ്യലിനായി എന്‍.സി.ബി മേഖലാ ആസ്ഥാനത്തെത്തിച്ചു. നാര്‍കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് (എന്‍.ഡി.പി.എസ്) നിയമപ്രകാരം എന്‍.സി.ബി കേസെടുത്താല്‍ ബിനീഷിന് ജാമ്യം ലഭിക്കാനുള്ള പഴുതടയും. മയക്കുമരുന്ന് കേസിലെ രണ്ടാംപ്രതി അനൂപിന്റെ മൊഴിയാണ് ബിനീഷിന് കുരുക്കായത്.

Read Also: സാമ്പത്തിക പ്രതിസന്ധിയിൽ ശബരിമല; ദേവസ്വം ജീവനക്കാർക്ക് ശമ്പളം മുടങ്ങിയേക്കും

മയക്കുമരുന്നിടപാടുകള്‍ നടത്തിയ ബംഗളൂരു കല്യാണ്‍ നഗറിലെ റോയല്‍ സ്യൂട്ട്സ് അപ്പാര്‍ട്ട്മെന്റ് ഹോട്ടലിന്റെ നടത്തിപ്പ് ഏറ്റെടുക്കാന്‍ പണം നല്‍കിയത് ബിനീഷാണെന്നും താന്‍ വെറും ബിനാമിയാണെന്നും ബിനീഷാണ് ബോസെന്നും എന്‍ഫോഴ്സ്‌മെന്റിന് അനൂപ് മൊഴി നല്‍കിയിരുന്നു. ആഫ്രിക്കയില്‍ നിന്ന് ലഹരിമരുന്നെത്തിച്ച്‌ അനൂപ് ബംഗളൂരുവില്‍ വ്യാപാരം നടത്തിയെന്ന് എന്‍.സി.ബിയും ബിനീഷുമായി ചേര്‍ന്ന് ലഹരിവ്യാപാരം നടത്തിയതായി അനൂപ് സമ്മതിച്ചിട്ടുണ്ടെന്ന് ഇ.ഡിയും കോടതിയെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയില്‍ അനൂപും മറ്ര് രണ്ടുപേരും ചേര്‍ന്ന് നടത്തിപ്പ് ഏറ്റെടുത്ത റോയല്‍ സ്യൂട്ട്സില്‍ ബിനീഷടക്കം നിരവധി പ്രമുഖര്‍ സന്ദര്‍ശകരും താമസക്കാരുമായിരുന്നു. വിദേശികളടക്കം വന്നുപോകുന്നതായും മയക്കുമരുന്ന് ഇടപാടുകള്‍ നടക്കുന്നതായും എന്‍.സി.ബിക്ക് വിവരംകിട്ടിയിരുന്നു. തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്നു ഹോട്ടല്‍.

അതേസമയം ബിനീഷ് കൊക്കെയ്ന്‍ ഉപയോഗിച്ചിരുന്നതായി വിവരം കിട്ടിയെന്ന് ഇ.ഡി കോടതിയെ അറിയിച്ചിരുന്നു. റോയല്‍ സ്യൂട്ട്‌സില്‍ അനൂപ് മുഹമ്മദിനൊപ്പം താമസിച്ചിരുന്ന വിമാനക്കമ്പനി ജീവനക്കാരന്‍ സോണ​റ്റ്‌ ലോബോ, ബിനീഷ് സ്ഥിരമായി ഇവിടം സന്ദര്‍ശിച്ചിരുന്നതായും ലഹരി ഉപയോഗിച്ചിരുന്നതായും ഇ.ഡിക്ക് മൊഴി നല്‍കിയിട്ടുണ്ട്. കര്‍ണാടക സ്വദേശിയായ കൃഷ്ണഗൗഡ ബിനീഷ് മയക്കുമരുന്ന് ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ടെന്ന് എന്‍.സി.ബിക്കും മൊഴി നല്‍കിയിട്ടുണ്ട്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് നടപടി. ആഗസ്റ്റ് 21നാണ് റോയല്‍ സ്യൂട്ട്സിന്റെ 205-ാംനമ്പര്‍ മുറിയില്‍ നിന്ന് അനൂപിനെ മയക്കുരുന്നുമായി എന്‍.സി.ബി അറസ്റ്റ് ചെയ്തത്. പണമിടപാട് അന്വേഷിക്കണമെന്ന് എന്‍.സി.ബി ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് ഇ.ഡി ഒക്ടോബര്‍ 29ന് ബിനീഷിനെ അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button