മഥുര: ഹഥ്‌റസിലേക്ക് പോകും വഴി ഉത്തര്‍പ്രദേശ് പോലിസ് രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത സിദ്ദിഖ്കാപ്പനോടൊപ്പമുണ്ടായിരുന്ന മൂന്നു പോപ്പുലർ ഫ്രണ്ടുകാരുടെയും ജാമ്യാപേക്ഷ മഥുര കോടതി തള്ളി.
മഥുര അഡീഷണല്‍ ജില്ലാ ജഡ്ജി മയൂര്‍ ജയിനാണ് സിദ്ദിഖ് കാപ്പനൊപ്പമുണ്ടായിരുന്ന അതിക്വര്‍ റഹ്‌മാന്‍, ആലം, മസൂദ് എന്നീ മൂന്നു പേരുടെ ജാമ്യാപേക്ഷ നിരസിച്ചത്.
പ്രതികള്‍ക്കെതിരേ ചുമത്തിയ കുറ്റം ഗൗരവമേറിയതാണെന്നും അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും ഈ സാഹചര്യത്തില്‍ ജാമ്യം നല്‍കാനാവില്ലെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി. അതേസമയം സിദ്ദിഖ് കാപ്പന്‍ ഇതുവരെയും ജാമ്യഹരജി നല്‍കിയിട്ടില്ല.പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെ വാദങ്ങള്‍ നാല് ദിവസം കേട്ടശേഷമാണ് കോടതി മൂന്നുപേരുടെയും ജാമ്യഹരജി നിരസിച്ചതെന്ന് പ്രോസിക്യൂട്ടര്‍ ശിവ് റാം സിങ് പറഞ്ഞു.
അടുത്ത ദിവസം തന്നെ ജാമ്യത്തിനു വേണ്ടി ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതികള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ മധുബന്‍ദത്ത് ചതുര്‍വേദി പറഞ്ഞു. പ്രതികളിലൊരാളായ അതിക്വര്‍ റഹ്‌മാന്റെ ആരോഗ്യപ്രശ്‌നം പോലും കോടതി പരിഗണിച്ചില്ലെന്ന് അഭിഭാഷകര്‍ പറഞ്ഞു. പ്രോസിക്യൂഷന്‍ വാദം മാത്രം കേട്ട് നടപടി സ്വീകരിക്കുകയായിരുന്നു കോടതി.
ഒക്ടോബര്‍ 5ാം തിയ്യതിയാണ് ഹഥ്‌റസിനടുത്ത ടോള്‍ബൂത്തിലൂടെ കടന്നുപോകുന്നതിനിടയില്‍ സിദ്ദിഖിനെയും മൂന്നുപേരെയും സംസ്ഥാനത്ത് കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് പോലിസ് അറസ്റ്റ് ചെയ്തതെന്നാണ് ആരോപണം. ആദ്യം മഥുര പോലിസിലെ ക്രൈംബ്രാഞ്ച് അന്വേഷിച്ച പോലിസ് പിന്നീട് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി.
Post Your Comments