Latest NewsNewsMusic

മലയാളികളുടെ പ്രിയപ്പെട്ട സുശീലാമ്മയ്ക്ക്, ഇന്ന് 85ാം പിറന്നാള്‍

ദക്ഷിണേന്ത്യൻ സംഗീതലോകത്ത് പതിറ്റാണ്ടുകളായി പാടിപ്പതിഞ്ഞ സ്വരമായ പി.സുശീലയ്ക്ക്, മലയാളികളുടെ പ്രിയപ്പെട്ട സുശീലാമ്മ, ഇന്ന് 85ാം പിറന്നാൾ ആഘോഷിക്കുന്നു. 1935 നവംബർ 13ന് ആന്ധ്രപ്രദേശിലെ വിജയനഗരം ജില്ലയിലാണ് പുലപക സുശീല എന്ന പി. സുശീല ജനിച്ചത്. ഏതുഭാഷയും തനിക്ക് അനായാസം വഴങ്ങുമെന്നു തെളിയിച്ച ഗായികയാണ് മലയാളികളുടെ സുശീല. തമിഴ്, തെലുങ്ക്, മലയാളം, കന്നട, ഹിന്ദി, സംസ്കൃതം, സിംഹള, ബംഗാളി, പഞ്ചാബി, തുളു, ബദുഗ, ഒറിയ അങ്ങനെ തുടങ്ങുന്ന ഭാഷകളിലായി നാൽപതിനായിരത്തിലധികം ഗാനങ്ങളാലപിച്ചിട്ടുണ്ട്. രാജ്യത്ത് ഏറ്റവുമധികം ഭാഷകളിൽ പാടിയ ഗായികയാണ് സുശീലയെന്ന് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സും ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സും സാക്ഷ്യപ്പെടുത്തിയിരിക്കുകയാണ്.

1960ൽ ഓൾ ഇന്ത്യ റേഡിയോയിലൂടെയാണ് സുശീല ഗാനാലാപനരംഗത്തേക്ക് ചുവടുവയ്ക്കുന്നത്. ‘പെറ്റ്ര തായ്’ എന്ന ചിത്രത്തിലൂടെ പിന്നണി പാടിത്തുടങ്ങി. മികച്ച പിന്നണി ഗായികയ്ക്ക് തുടർച്ചയായി അഞ്ചു വർഷത്തെ ദേശീയ അവാർഡുകളാണ് ഗായിക സ്വന്തമാക്കിയത്. ഗാന സരസ്വതി, ഗന്ധർവ ഗായിക, കന്നട കോകില എന്നിങ്ങനെയുള്ള വിശേഷണങ്ങളാണ് സംഗീത പ്രേമികൾ‍ പി. സുശീലയ്ക്കു നൽകുകയുണ്ടായി. എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ കൂടെയാണ് സുശീലാമ്മ ഏറ്റവും കൂടുതൽ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.

‘സീത’ എന്ന ചിത്രത്തിലെ ‘പാട്ടുപാടിയുറക്കാം ഞാൻ’ ആണ് മലയാളത്തിലെ ആദ്യഗാനം. മലയാളത്തിൽ മാത്രം 916 പാട്ടുകൾ പാടുകയുണ്ടായി. അതിൽ 846 എണ്ണവും സിനിമാ ഗാനങ്ങളാണ്. ബാക്കിയുള്ളവ ഭക്തിഗാനങ്ങളും ലളിതഗാനങ്ങളും. അമ്മപ്പാട്ടിന്റെ ഇൗണവും രാഗവും മലയാളി കേട്ടുതുടങ്ങിയത് സുശീലാമ്മയുടെ ശബദ്ത്തിലൂടെയാണ്. മലയാളത്തിൽ യേശുദാസിനൊപ്പമാണ് ഏറ്റവുമധികം യുഗ്മഗാനങ്ങൾ പാടിയത്. ദേവരാജൻ മാസ്റ്റർ ആണ് സുശീലയുടെ സ്വരം ഏറ്റവും കൂടുതൽ തവണ ഉപയോഗപ്പെടുത്തിയത്. പൂന്തേനരുവീ.. (ഒരു പെണ്ണിന്റെ കഥ), പൂവുകൾക്കു പുണ്യകാലം (ചുവന്ന സന്ധ്യകൾ) എന്നീ ഗാനങ്ങൾക്ക് മികച്ച ഗായികയ്ക്കുള്ള കേരള സംസ്ഥാന പുരസ്കാരം ലഭിച്ചു. 2008ൽ രാജ്യം പദ്മഭൂഷൺ നൽകി സുശീലയെ ആദരിക്കുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button