തിരുവനന്തപുരം: സി ബി ഐയോടുള്ള സമീപനം ഇഡിയ്‌ക്കെതിരെയും ചാനൽ ചർച്ചകളിൽ ഉയർത്തുകയാണ് ഇടത് നേതാക്കളിപ്പോൾ ചാനൽ ചർച്ചകളിലും മറ്റും. കെഫോൺ, ഇ മൊബിലിറ്റി, ടോറസ് ഡൗൺടൗൺ, സ്മാർട്ട്സിറ്റി വികസനം എന്നീ പദ്ധതികളുടെ രേഖകൾ ഇ.ഡി ആവശ്യപ്പെട്ടപ്പോള്‍, തടയിടുന്നതിനായി നിയമസഭാ പ്രിവിലേജ് ആന്‍ഡ് എത്തിക്സ് കമ്മിറ്റി ഉദ്യോഗസ്ഥരോട് വിശദീകരണം തേടി. ഇതു ഇ.ഡി അധികാരപരിധി മറികടന്നെന്നാരോപിച്ച് പ്രത്യക്ഷ സമരത്തിന് സി.പി.എം തയ്യാറെടുക്കുകയുമാണ്.
സ്വര്‍ണ കള്ളക്കടത്ത് കേസില്‍ എന്‍ ഐ എ അടക്കമുള്ള കേന്ദ്ര ഏജന്‍സികളെ കത്തയച്ച് ക്ഷണിച്ചപ്പോഴും നിരവധി കേസുകളില്‍ സി ബി ഐയുടെ ചൂട് അറിഞ്ഞ സി പി എം, ലൈഫില്‍ സി ബി ഐയെ തുടക്കം മുതല്‍ എതിര്‍ക്കുകയാണ് ചെയ്തത്. ഇതിനായി സി ബി ഐ എത്തും മുന്‍പേ അവസാന മണിക്കൂറില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച് ഇടപാടുകള്‍ സംബന്ധിച്ച ഫയലുകള്‍ നല്‍കിയും കോടതിയില്‍ നിന്നും സി ബി ഐയെ കയ്യകലത്ത് നിര്‍ത്തുന്ന ഇടക്കാല സ്റ്റേ സമ്പാദിച്ചും സര്‍ക്കാര്‍ മുന്നേറുകയും ചെയ്തു.
എന്നാല്‍ സി ബി ഐയെക്കാളും കരുത്തരാണ് ഇ ഡി എന്ന സത്യം കുറച്ച് വൈകിയാണ് പാര്‍ട്ടിക്കും സര്‍ക്കാരിനും മനസിലായിരിക്കുന്നത്.ലൈഫ് മിഷനിലടക്കം കോടതിയുടെ താത്കാലിക സ്‌റ്റേ സര്‍ക്കാരിലേക്കെത്താന്‍ സി ബി ഐയെ തടയുന്നുണ്ടെങ്കിലും ഇ ഡിയുടെ അന്വേഷണത്തിലെ കണ്ടെത്തലുകള്‍ സി ബി ഐയ്ക്ക് പ്രയോജനകരമാകും. വടക്കാഞ്ചേരിയിലേതു പോലെ, വിദേശസഹായത്തോടെ നിരവധി ഫ്ളാറ്റ് സമുച്ചയമുണ്ടാക്കാന്‍ ശിവശങ്കറും സ്വപ്നയും പദ്ധതിയിട്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
സര്‍ക്കാര്‍ പദ്ധതികളിലെ കള്ളപ്പണ, ബിനാമി, കോഴയിടപാടുകളെ കുറിച്ചാണ് ഇ.ഡി കോടതിയെ അറിയിച്ചത്. സ്വപ്നയെയും ശിവശങ്കറിനെയും എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ പദ്ധതികളിലെ കൂടുതല്‍ ക്രമക്കേടുകളുടെ തെളിവുകള്‍ മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കുന്നതോടെ, ഇ.ഡി ആവശ്യപ്പെട്ട രേഖകള്‍ നല്‍കാതിരിക്കാന്‍ സര്‍ക്കാരിനാവില്ല. അഴിമതിക്കേസുകള്‍ കോടതി സി.ബി.ഐക്ക് കൈമാറാനുമിടയുണ്ട്.
കൊച്ചി സ്മാര്‍ട്ട്സിറ്റി വികസനത്തിന് യു.എ.ഇയിലെ കമ്പനികളുമായുള്ള 4000 കോടിയുടെ ഇടപാടുകള്‍ക്ക് സ്വപ്നാസുരേഷിനെ നിയോഗിച്ചതായി ശിവശങ്കറും, ഇടപെടലുകള്‍ എന്തൊക്കെയാണെന്ന് സ്വപ്നയും വെളിപ്പെടുത്തിയിട്ടുണ്ട്. കെഫോണില്‍ ടെന്‍ഡര്‍ തുകയെക്കാള്‍ 49% കൂട്ടിയാണ് കരാര്‍ നല്‍കിയത്. 1028 കോടിയായിരുന്നു ടെന്‍ഡര്‍ തുകയെങ്കില്‍ മന്ത്രിസഭാതീരുമാനം കാക്കാതെ ശിവശങ്കര്‍ ഇടപെട്ട് 1531കോടിക്ക് കരാര്‍നല്‍കി.
ഒരു പദ്ധതിയില്‍ 30 കോടി കോഴ ദുബായില്‍ കൈമാറിയതായും വിവരം കിട്ടി. ടെക്‌നോപാര്‍ക്കില്‍ അമേരിക്കയിലെ ടോറസ് ഇന്‍വെസ്റ്റ്‌മെന്റ് ഹോള്‍ഡിംഗ്സും എംബസിഗ്രൂപ്പും ചേര്‍ന്നുള്ള ഐ.ടി, അടിസ്ഥാനസൗകര്യ പദ്ധതിയിലും വന്‍ ക്രമക്കേട് നടന്നിട്ടുണ്ട്.ഐ.ടി.വകുപ്പിന്റെ സര്‍വാധികാരിയായിരിക്കെ ശിവശങ്കര്‍ മുന്‍കൈയെടുത്ത പദ്ധതികളിലെല്ലാം ഇ.ഡി അന്വേഷണം നടത്തുകയാണ്.
പദ്ധതികളില്‍ കള്ളപ്പണകോഴയിടപാടുകള്‍ക്ക് കണ്‍സള്‍ട്ടന്‍സികള്‍ വഴിയൊരുക്കിയെന്ന് ഇഡിക്ക് സംശയം. കെഫോണ്‍ പദ്ധതിയില്‍ 7കണ്‍സള്‍ട്ടന്‍സിക്കായി ചെലവിട്ടത് 3.32കോടി.ധനവകുപ്പ് എതിര്‍ത്തിട്ടും, ലണ്ടനിലെ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പറിനെ കണ്‍സള്‍ട്ടന്റാക്കി ഇമൊബിലിറ്റി പദ്ധതി നടപ്പാക്കാന്‍ ശ്രമിച്ചതിലും ദുരൂഹതയാണ് .
Post Your Comments