സാമ്പത്തിക ഉത്തേജനത്തിനായി കൂടുതല്‍ നടപടികള്‍ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. പ്രധാനമന്ത്രി ആവാസ് യോജനയില്‍ 18,000 കോടി രൂപയും ഗ്രാമീണ മേഖലയിലെ സാമ്പത്തിക വളര്‍ച്ചയ്ക്ക് സഹായകമാകാന്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ റോസ്ഗാര്‍ യോജനയ്ക്ക് 10,000 കോടി രൂപയും ഉള്‍പ്പെടെയാണ് പ്രഖ്യാപിച്ചത്. കൊറോണ വാക്സിന്‍ ഗവേഷണത്തിന് 900 കോടി രൂപയും അനുവദിച്ചു. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിസന്ധിയിലായ സാമ്പത്തിക രംഗത്തിന് ഉണര്‍വേകാന്‍ ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ നീക്കം.
ആരോഗ്യ മേഖലയെയും മറ്റ് 26 സെക്ടറുകളും ഉള്‍പ്പെടുത്തി ക്രെഡിറ്റ് ഗ്യാരന്റി സപ്പോര്‍ട്ട് സ്‌കീമും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കൊറോണ വ്യാപനം മൂലം പ്രതിസന്ധിയിലായതും കാമത്ത് സമിതി നിര്‍ദ്ദേശിച്ചതുമായ സെക്ടറുകളെയാണ് ഇതിനായി പരിഗണിക്കുന്നത്. അഞ്ചു വര്‍ഷത്തിനുള്ളില്‍ തിരിച്ചടയ്ക്കാവുന്ന രീതിയില്‍ ഈട് രഹിത വായ്പയായാണ് അനുവദിക്കുക. ഇതില്‍ ഒരു വര്‍ഷം മൊറട്ടോറിയം കാലാവധിയും നാലു വര്‍ഷം തിരിച്ചടവ് കാലാവധിയുമായിരിക്കും. 50 കോടി രൂപ മുതല്‍ 500 കോടി രൂപ വരെയായിരിക്കും പദ്ധതി പ്രകാരം വായ്പ അനുവദിക്കുക. 2021 മാര്‍ച്ച് 31 വരെയായിരിക്കും ആനുകൂല്യം ലഭിക്കുക.
നഗര മേഖലയില്‍ 18 ലക്ഷത്തോളം വീടുകളുടെ നിര്‍മ്മാണത്തിന് സഹായകമാകുന്ന തരത്തിലാണ് പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയില്‍ പണം അനുവദിച്ചിരിക്കുന്നത്. നികുതി ദായകര്‍ക്കായി ആദായ നികുതി വകുപ്പ് 1,32,800 കോടി രൂപ ഇതിനകം റീഫണ്ട് നല്‍കിയെന്നും 39.7 ലക്ഷം പേര്‍ക്ക് തുക വിതരണം ചെയ്തെന്നും നിര്‍മ്മലാ സീതാരാമന്‍ വ്യക്തമാക്കി.
വാക്സിന്‍ ഗവേഷണത്തിനായി ബയോടെക്നോളജി ഡിപ്പാര്‍ട്ട്മെന്റിനാണ് 900 കോടി രൂപ അനുവദിച്ചത്. വാക്സിന്‍ വില, വിതരണം എന്നിവയ്ക്ക് പ്രത്യേകം തുക പിന്നീട് അനുവദിക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. കയറ്റുമതി പ്രോത്സാഹിപ്പിക്കാന്‍ എക്സിം ബാങ്കിന് 3000 കോടി രൂപയും നല്‍കും. ഇന്ത്യന്‍ ഡെവലപ്മെന്റ് ആന്‍ഡ് ഇക്കണോമിക് ആസിസ്റ്റന്റ് സ്‌കീം അനുസരിച്ചാണ് തുക നല്‍കുക. കര്‍ഷകര്‍ക്ക് വളത്തിനായി സബ്സിഡി നല്‍കാന്‍ 65,000 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
നാഷണല്‍ ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രെക്ചര്‍ ഫണ്ടിലേക്ക് 6000 കോടി രൂപയുടെ ഇക്വിറ്റി നിക്ഷേപവും പുതിയ പ്രഖ്യാപനങ്ങളിലുണ്ട്. അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് വേഗം നല്‍കാന്‍ ഇത് സഹായകമാകും. വ്യാവസായിക അടിസ്ഥാന സൗകര്യ വികസനത്തിനും പ്രതിരോധ ഉപകരണങ്ങള്‍ക്കും ഹരിത ഊര്‍ജ പദ്ധതികള്‍ക്കുമായി 10,200 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ബജറ്റ് വിഹിതത്തിന് പുറമെയാണിത്. മൂലധന ചെലവുകള്‍ക്കായി 3,621 കോടി രൂപ പലിശ രഹിത വായ്പയും അനുവദിച്ചിട്ടുണ്ട്.
ഒരു രാജ്യം, ഒരു റേഷന്‍ കാര്‍ഡ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു. 28 സംസ്ഥാനങ്ങളിലായി 68.8 കോടി പേര്‍ക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുകയെന്നും മന്ത്രി വ്യക്തമാക്കി.
Post Your Comments