ദില്ലി : ഇന്ത്യൻ നാവിക സേനയ്ക്ക് കരുത്തായി അഞ്ചാമത്തെ സ്കോർപീൻ ക്ലാസ് അന്തർവാഹിനി വാഗിർ നീറ്റിലിറക്കി. നൂതന അക്കൗസ്റ്റിക് അബ്സോർഷൻ ടെക്നിക് പോലുള്ള മികച്ച പോരാട്ടശേഷിയുള്ള മുങ്ങിക്കപ്പൽ വ്യാഴാഴ്ച തെക്കൻ മുംബൈയിലെ മസഗാവ് ഡോക്കിൽ വെച്ചാണ് നീറ്റിലിറക്കിയത്. പ്രതിരോധ സഹമന്ത്രി ശ്രീപാദ് നായിക്കിന്‍റെ ഭാര്യ വിജയ വീഡിയോ കോൺഫറൻസിംഗിലൂടെ പരിപാടിയുടെ ലോഞ്ചിംഗ് നിർവഹിച്ചു.
ഇന്ത്യയിൽ നിർമിക്കുന്ന ആറ് കൽവാരി ക്ലാസ് അന്തർവാഹിനികളുടെ ഭാഗമാണ് വാഗീർ. ഇന്ത്യൻ നാവികസേനയുടെ പ്രോജക്റ്റ് -75 ന്റെ ഭാഗമായി ഫ്രഞ്ച് നാവിക പ്രതിരോധ, ഊർജ്ജ കമ്പനിയായ ഡിസിഎൻഎസ് ആണ് അന്തർവാഹിനി രൂപകൽപന ചെയ്തത്.
ഈ അന്തർവാഹിനികൾക്ക് ആന്റി സർഫേസ്, ആന്റി സബ് മറൈൻ യുദ്ധമുഖങ്ങൾ, രഹസ്യാന്വേഷണ പ്രവർത്തനങ്ങൾ, മൈൻ നിക്ഷേപിക്കൽ, പ്രദേശ നിരീക്ഷണം തുടങ്ങിയ ദൗത്യങ്ങൾ ഏറ്റെടുക്കാൻ കഴിയും. ഇന്ത്യൻ മഹാസമുദ്രത്തിലെ മാരകമായ ആഴക്കടൽ സാൻഡ് ഫിഷിന്റെ പേരാണ് വാഗീറിന് നൽകിയത്. റഷ്യയിൽ നിന്നുള്ള അന്തർവാഹിനിയായ ആദ്യത്തെ വാഗിർ 1973 ഡിസംബർ 3 ന് ഇന്ത്യൻ നാവികസേനയിലേക്ക് നിയോഗിക്കപ്പെട്ടു. മൂന്ന് പതിറ്റാണ്ടോളം രാജ്യത്തിന് നൽകിയ സേവനത്തിന് ശേഷം 2001 ജൂൺ 7 ന് അതിന്റെ പ്രവർത്തനം അവസാനിപ്പിച്ചു.
അന്തർവാഹിനിയിൽ ഉപയോഗിക്കുന്ന അത്യാധുനിക സാങ്കേതികവിദ്യകളായ നൂതനമായ ശബ്ദ സ്വാംശീകരണ വിദ്യകൾ, കുറഞ്ഞ വികിരണ ശബ്ദ നിലകൾ,വെള്ളത്തിലൂടെ എളുപ്പത്തിൽ ചലിക്കാൻ കഴിയുന്ന ആകൃതി, കൃത്യമായ മാർഗ്ഗനിർദ്ദേശ ആയുധങ്ങൾ ഉപയോഗിച്ച് ശത്രുവിനെ ആക്രമിക്കാനുള്ള കഴിവ് എന്നിവ പോലുള്ള മികച്ച പോരാട്ട സവിശേഷതകൾ വാഗിറിലുണ്ട്.സ്കോർപീൻ ക്ലാസ് അന്തർവാഹിനികൾക്ക് ടോർപ്പിഡോകളുംട്യൂബ് ലോഞ്ച്ഡ് ആന്റി ഷിപ്പ് മിസൈലുകളും ഉപയോഗിച്ച് ജലോപരിതലത്തിലും ജലാന്തര്‍ ഭാഗത്തും ഒരുപോലെ ഏറ്റുമുട്ടാന്‍ കഴിയുമെന്ന് എംഡിഎൽ (മാസ്ഗാവ് ഡോക്ക് ലിമിറ്റഡ്) ഉദ്യോഗസ്ഥർ പറഞ്ഞു.
ഒരു നാവിക ടാസ്‌ക് ഫോഴ്‌സിന്റെ മറ്റ് ഘടകങ്ങളുമായി പരസ്പര പ്രവർത്തനക്ഷമത പ്രകടമാക്കുന്ന എല്ലാ ദൗത്യങ്ങളിലും പ്രവർത്തിക്കുന്ന തരത്തിലാണ് അന്തർവാഹിനി രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് എംഡിഎൽ പറഞ്ഞു.
Post Your Comments