മധ്യപ്രദേശ്: മതേതരവാദികളായവർ ജയ് ശ്രീറാം വിളിക്കുന്നതിൽ എന്താണ് തെറ്റെന്ന് ബിജെപി നേതാവും രാജ്യസഭ എംപിയുമായ ജ്യോതിരാദിത്യ സിന്ധ്യ ചോദിക്കുകയുണ്ടായി. മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിനെതിരെ ബിജെപി നേടിയ മികച്ച വിജയത്തിന് പിന്നാലെയാണ് ജ്യോതിരാദിത്യ സിന്ധ്യയുടെ പ്രതികരണം അറിയിച്ചിരിക്കുന്നത്. താൻ എപ്പോഴും പൊതുഇടത്തിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നയാളാണെന്നും പ്രതിഫലമായി പദവികൾ പ്രതീക്ഷിക്കുന്നില്ലെന്നും സിന്ധ്യ പറയുകയുണ്ടായി. കോൺഗ്രസിലെ രണ്ട് പതിറ്റാണ്ടുകാലത്തെ പ്രവർത്തനങ്ങൾക്ക് ശേഷം മറ്റൊരു പാർട്ടിയുമായി പൊരുത്തപ്പെടാൻ പ്രയാസമാണെന്ന് പറഞ്ഞുകൊണ്ട് സിന്ധ്യ, തന്നോട് സഹകരിച്ച ബിജെപി പ്രവർത്തകരോട് ബഹുമാനമുണ്ടെന്നും പറയുകയുണ്ടായി.
നവബംർ 3 ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നിയമസഭാ സീറ്റുകളും നേടിയിരിക്കുന്നത് ബിജെപിയാണ്. ‘ഞാനെപ്പോഴും ഒരു എളിയ പ്രവർത്തകൻ മാത്രമാണ്. കോൺഗ്രസിലെ ചിലരെപ്പോലെ പദവിക്ക് വേണ്ടി മത്സരിക്കാൻ ഞാൻ തയ്യാറല്ല,. അവരുടെ പേര് വെളിപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല.’ ബിജെപിയിൽ സ്ഥാനം ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി സിന്ധ്യ പറഞ്ഞു.
‘നരേന്ദ്ര മോദി 130 കോടി ഇന്ത്യക്കാരുടെ പ്രധാനമന്ത്രിയാണ്. ജയ് ശ്രീറാം മുഴക്കുന്നതിൽ എന്താണ് തെറ്റ്? മതേതരമായി ചിന്തിക്കുന്നുവെങ്കിൽ ജയ് ശ്രീറാം മുഴക്കാൻ സാധിക്കില്ലേ? തുക്ഡേ തുക്ഡേ ഗാങ്ങിനെ കുറിച്ചാണെങ്കിൽ ഇന്ത്യയുടെ ഐക്യത്തെ വെല്ലുവിളിക്കുന്ന എല്ലാവരും അപലപിക്കപ്പെടണം. നമ്മുടെ രാജ്യത്തിന്റെ ഐക്യം തകർക്കപ്പെടുകയാണെങ്കിൽ, അതിന് ഏറ്റവും കഠിനമായ ശിക്ഷ നൽകണം’ സിന്ധ്യ പറഞ്ഞു. ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയും ജയ് ശ്രീറാം, അയോധ്യ രാമക്ഷേത്രം, അർബൻ നക്സൽ എന്നീ വിഷയങ്ങളിലൂന്നി നടത്തിയ പ്രചാരണങ്ങളെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എന്നാൽ അതേസമയം തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ അബദ്ധത്തിൽ കൈപ്പത്തിക്ക് വോട്ട് ചെയ്യാൻ അഭ്യർത്ഥിക്കുന്ന സിന്ധ്യയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. 15 വർഷം അധികാരത്തിന് പുറത്ത് നിന്നതിന് ശേഷം രൂപീകരിക്കപ്പെട്ട സർക്കാറിന് ആറ് മന്ത്രിമാരടക്കം 22 പേരുടെ വിശ്വാസം നഷ്ടപ്പെട്ട സംഭവം ആദ്യമായിട്ടായിരിക്കും. അതായിരുന്നു കമൽനാഥ് സർക്കാർ എന്നും സിന്ധ്യ പറഞ്ഞു.
Post Your Comments