കൊച്ചി: സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിൽ നേമത്ത് കുമ്മനം രാജശേഖരനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ബിജെപി നേതൃത്വത്തോട് ആര്‍എസ്‌എസ് ആവശ്യം. നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയസാധ്യത മാത്രമാകണം സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനുള്ള മാനദണ്ഡമെന്നു ബിജെപിയോട് ആര്‍എസ്‌എസ് സംസ്ഥാന നേതൃത്വം നിര്‍ദ്ദേശിച്ചു. എല്ലാ സീറ്റിലേക്കുമുള്ള സ്ഥാനാര്‍ത്ഥികളെ കുറിച്ചും ചര്‍ച്ച ചെയ്തു. വിജയസാധ്യതയുള്ള എല്ലാവരും മത്സരിക്കണമെന്നും ആര്‍എസ്‌എസ് നിര്‍ദ്ദേശിച്ചു. തെരഞ്ഞെടുപ്പിന്റെ എല്ലാ മേഖലയിലും ആര്‍എസ്‌എസ് നിര്‍ണ്ണായക സ്വാധീനം ചെലുത്തും.
പൊതുകാര്യ പ്രസക്തിയുള്ളവര്‍ക്ക് സ്ഥാനാര്‍ത്ഥിത്വം നല്‍കണമെന്നും ആവശ്യപ്പെട്ടു. നേമത്തിനൊപ്പം ഇരിങ്ങാലക്കുടയില്‍ ജേക്കബ് തോമസിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് ആര്‍എസ്‌എസ് താല്‍പ്പര്യം. ട്വന്റി ട്വന്റി കഴിക്കമ്പലവുമായി ചര്‍ച്ച നടത്തും. ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ കേരളത്തില്‍ എത്തുമ്പോള്‍ ട്വന്റി- ട്വന്റിയുമായി ആശയ വിനിമയത്തിനുള്ള സാധ്യത തേടും. തിരുവനന്തപുരത്തും കൊല്ലത്തും പത്തനംതിട്ടയിലും തൃശൂരിലും പാലക്കാടും കാസര്‍ഗോഡും കൂടുതല്‍ ശ്രദ്ധ നല്‍കും. വിഭാഗീയത ഇല്ലാതാക്കാനും ഇടപെടല്‍ വേണമെന്ന് ആര്‍എസ്‌എസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ആര്‍എസ്‌എസ് സംസ്ഥാന കാര്യാലയത്തില്‍ ആര്‍എസ്‌എസ് നേതാക്കളും ബിജെപിയുടെ മുതിര്‍ന്ന നേതാക്കളും തമ്മിലുള്ള യോഗം നീണ്ടതു വൈകിട്ട് ആറരവരെ. സംസ്ഥാന ഘടകത്തിലെ അനൈക്യം തിരഞ്ഞെടുപ്പിലെ പ്രകടനത്തെ ബാധിക്കാനുള്ള സാധ്യതകള്‍ സ്ഥാനാര്‍ത്ഥിനിര്‍ണയം മുതലേ ഇല്ലാതാക്കണമെന്നാണ് ആര്‍എസ്‌എസ് നിര്‍ദ്ദേശം. അതേസമയം, വിജയസാധ്യതയുള്ള മുതിര്‍ന്ന നേതാക്കള്‍ക്ക് അവസരം നല്‍കണം. നേമത്ത് കുമ്മനം തന്നെ സ്ഥാനാര്‍ത്ഥിയാകണം. സുരേഷ് ഗോപിയേയും മത്സരിപ്പിക്കണമെന്നാണ് ആവശ്യം. മികച്ച സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയാല്‍ കൂടുതല്‍ സീറ്റുകളില്‍ ജയിക്കാമെന്നാണ് വിലയിരുത്തല്‍.
സംസ്ഥാന ബിജെപി സംഘടനാ ചുമതലയുള്ള തമിഴ്‌നാട് ഘടകം മുന്‍ സംസ്ഥാന പ്രസിഡന്റ് സി.പി.രാധാകൃഷ്ണന്‍ ഫെബ്രുവരി 6 മുതല്‍ സംസ്ഥാനത്തെ 140 മണ്ഡലങ്ങളും സന്ദര്‍ശിക്കും. സംഘടനയില്‍ അനൈക്യം ഉണ്ടെങ്കില്‍ അതു പരിഹരിച്ചാകും മുന്നോട്ടുപോകുകയെന്ന് അദ്ദേഹം ആര്‍എസ്‌എ സ് നേതാക്കള്‍ക്ക് ഉറപ്പു നല്‍കി. ശോഭാ സുരേന്ദ്രനെപ്പോലുള്ള മുതിര്‍ന്ന നേതാക്കളുടെ അതൃപ്തിയടക്കമുള്ള വിഷയങ്ങളില്‍ തീരുമാനം ഉണ്ടാകും. കേന്ദ്രമന്ത്രി വി.മുരളീധരന്‍, ഒ.രാജഗോപാല്‍ എംഎല്‍എ, പി.കെ.കൃഷ്ണദാസ്, കുമ്മനം രാജശേഖരന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാര്‍ തുടങ്ങിയവരും പങ്കെടുത്തു.
അതേസമയം ബിജെപിയുടെ നിയമസഭ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കായി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ കേരളത്തിലേക്ക് വരികയാണ്. ഫെബ്രുവരി ആദ്യവാരം രണ്ടുദിവസം നദ്ദ കേരളത്തിലുണ്ടാകും. തിരുവനന്തപുരത്ത് ചര്‍ച്ചകളിലും തൃശ്ശൂരില്‍ പൊതുയോഗത്തിലും നദ്ദ പങ്കെടുക്കും. ബിജെപി. കോര്‍ കമ്മിറ്റിയിലും അദ്ദേഹം പങ്കെടുക്കും. ഈ യോഗങ്ങളില്‍ ശോഭാ സുരേന്ദ്രന്‍ എത്തുമോ എന്നതാണ് ഇനി നിര്‍ണ്ണായകം, തിരുവനന്തപുരത്തായിരിക്കും നദ്ദ ആദ്യം എത്തുക. തിരുവനന്തപുരത്തെ പാര്‍ട്ടി നേതാക്കളുമായും മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരുമായും മറ്റും ചര്‍ച്ച നടത്തും. ശേഷം കോര്‍ കമ്മിറ്റി യോഗത്തിലും പങ്കെടുക്കും. രണ്ടാമത്തെ ദിവസം തൃശ്ശൂരിലായിരിക്കും നഡ്ഡ പങ്കെടുക്കുന്ന പൊതുയോഗം നടക്കുക. പാര്‍ട്ടിയുടെ മീഡിയ വിഭാഗവും സോഷ്യല്‍ മീഡിയാ വിഭാഗവുമായും നദ്ദ ചര്‍ച്ച നടത്തും. ശോഭാ സുരേന്ദ്രനും നിലവില്‍ തൃശൂര്‍ കേന്ദ്രീകരിച്ചാണ് താമസം. അതുകൊണ്ട് തന്നെ നദ്ദയുടെ പരിപാടി അവര്‍ ബഹിഷ്‌കരിച്ചാല്‍ അത് വലിയ ചര്‍ച്ചയായി മാറും. അതിന് മുമ്പ് ശോഭാ സുരേന്ദ്രനെ അനുനയിപ്പിക്കാനാണ് നീക്കം.
Post Your Comments