തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീലിന്റെ ഗവേഷണ പ്രബന്ധം മൗലികമല്ലെന്നും നൂറുകണക്കിന് ഉദ്ധരണികള്‍ പകര്‍ത്തിയെഴുതിയാണ് കേരള സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് നേടിയതെന്നും ചാന്‍സലറായ ഗവര്‍ണര്‍ക്ക് പരാതി. കേരളസര്‍വകലാശാലാ വൈസ്ചാന്‍സലര്‍ക്ക് ഗവര്‍ണര്‍ പരാതി കൈമാറി. പ്രബന്ധത്തില്‍ മൗലികമായ സംഭാവനകളില്ല. അക്കാഡമിക് വിദഗ്ദ്ധരുടെ പാനലിനെക്കൊണ്ട് പുനര്‍മൂല്യനിര്‍ണയം നടത്തണം.
വിവരാവകാശ നിയമപ്രകാരം കേരള യൂണിവേഴ്സിറ്റിയില്‍നിന്ന് പ്രബന്ധത്തിന്റെ പകര്പ്പുവാങ്ങി, കാമ്പയിന് കമ്മിറ്റി നിയോഗിച്ച വിദഗ്ദ്ധ സമിതി പരിശോധിച്ചപ്പോഴാണ് പിഴവുകള്‍ കണ്ടെത്തിയത്. സിന്‍ഡിക്കേറ്റ് നിലവിലില്ലാതിരുന്ന കാലയളവില്‍ വൈസ്ചാന്‍സലറായിരുന്ന ഡോ.എം.കെ. രാമചന്ദ്രന്‍നായര്‍ പ്രത്യേക അധികാരം ഉപയോഗിച്ചാണ് ഡോക്ടറേറ്റ് നല്‍കിയതെന്നും പരാതിയില്‍ പറയുന്നു.
വ്യാകരണ പിശകുകളുടെയും ഉദ്ധരണികളില്‍ ഉള്‍പ്പെടെ അക്ഷരത്തെറ്റുകളുടെയും കൂമ്പാരമായ പ്രബന്ധം വിദഗ്ദ്ധ സമിതിയെക്കൊണ്ട് പരിശോധിപ്പിക്കണമെന്നാണ് ആവശ്യം. സേവ് യൂണിവേഴ്സിറ്റി കാമ്പയിന് കമ്മിറ്റിയാണ് പരാതി നല്‍കിയത്. മലബാര്‍ ലഹളയില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും ആലിമുസ്ലിയാരുടെയും പങ്കിനെ അധികരിച്ച് തയ്യാറാക്കിയ പ്രബന്ധത്തിനാണ് ജലീല്‍ 2006ല്‍ ഡോക്ടറേറ്റ് നേടിയത്.
പാങ്ങോട് മന്നാനിയ കോളേജ് പ്രിന്‍സിപ്പലായിരുന്ന ഡോ. ടി. ജമാല്മുഹമ്മദിന്റെ മേല്‍നോട്ടത്തിലാണ് പ്രബന്ധരചന നിര്‍വഹിച്ചത്.ഡോ.ബി.ഇക്ബാല്‍ വൈസ്ചാന്സലറായിരിക്കെയാണ് ജലീല്‍ ഗവേഷണത്തിന് രജിസ്റ്റര്‍ ചെയ്തത്. ഗവേഷണം നടത്താത്തതിനാല്‍ രജിസ്ട്രേഷന് റദ്ദാക്കി. ഡോ.രാമചന്ദ്രന്‍നായര്‍ വി.സിയായയുടന് റദ്ദാക്കിയ രജിസ്ട്രേഷന് വീണ്ടും അനുവദിച്ചു. സിന്‍ഡിക്കേറ്ര് നിലവിലില്ലാത്തപ്പോഴാണ് പ്രബന്ധം മൂല്യനിര്‍ണയം നടത്തിയത്.
വിസിയായിരുന്ന രാമചന്ദ്രന്‍നായര്‍ പിന്നീട് യൂണിവേഴ്സിറ്റി അസിസ്റ്റന്റ് നിയമനത്തട്ടിപ്പില്‍ പ്രതിയായി. വാരിയംകുന്നത്തു ഹാജിയുടെ പേര് അടുത്തകാലത്ത് ചര്‍ച്ചാവിഷയമായതിനെ തുടര്‍ന്ന് മലബാര്‍ ലഹളയുമായി ബന്ധപ്പെട്ട പ്രസിദ്ധീകരണങ്ങളും പ്രബന്ധങ്ങളും പരിശോധിച്ചപ്പോഴാണ് മന്ത്രിയുടെ പ്രബന്ധവും ശ്രദ്ധയില്‍പെട്ടതെന്നും സേവ് യൂണിവേഴ്സിറ്റി കാമ്പയിന് കമ്മിറ്റി ചെയര്മാന് ആര്.എസ്. ശശികുമാറും സെക്രട്ടറി എം. ഷാജര്‍ഖാനും പറഞ്ഞു.
Post Your Comments