തിരുവനന്തപുരം : ഇഡിക്കെതിരെ കേസെടുക്കാന്‍ കേന്ദ്രത്തിന്റെ അനുമതി വേണം, ബിനീഷിന്റെ വീട്ടിലെ റെയ്ഡിനെ തടയാനെത്തിയവര്‍ കോടതിയലക്ഷ്യം നേരിടേണ്ടിവരും.
കോടതിയുടെ സെര്‍ച്ച് വാറണ്ടുമായി ബിനീഷ് കോടിയേരിയുടെ വീട്ടില്‍ റെയ്ഡിനെത്തിയ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടിയില്‍ നിന്ന് ബാലാവകാശ കമ്മിഷനും പൊലീസും കഴിഞ്ഞ ദിവസം പിന്മാറിയെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇ.ഡി ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ സംസ്ഥാന പൊലീസിനോ ബാലാവകാശ കമ്മിഷനോ അധികാരമില്ലെന്ന നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്നാണ് ഈ പിന്മാറ്റമെന്നാണ് ലഭിക്കുന്ന സൂചന.
ബിനീഷിന്റെ മകളുടെ അവകാശങ്ങള്‍ ഹനിക്കപ്പെട്ടിട്ടില്ലെന്നും, റെയ്ഡ് നടന്നപ്പോഴുള്ള പരാതി അന്നുതന്നെ തീര്‍പ്പാക്കിയതിനാല്‍ തുടര്‍നടപടി ആവശ്യമില്ലെന്നുമാണ് കമ്മിഷനംഗം കെ.നസീര്‍ വ്യക്തമാക്കുന്നത്. എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിന്റെ കേസന്വേഷണം തങ്ങളുടെ അധികാരപരിധിയില്‍ വരുന്നതല്ലെന്നാണ് കമ്മിഷന്‍ നിലപാട്. വാറണ്ടുമായി റെയ്ഡിനെത്തിയ ഇ.ഡിക്കെതിരെ കേസ് അസാദ്ധ്യമാണെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ ബല്‍റാംകുമാര്‍ ഉപാദ്ധ്യായയും പറഞ്ഞു.
ബാലാവകാശ കമ്മിഷന്റെ ഉത്തരവ് പ്രകാരമാണെങ്കിലും, ഔദ്യോഗിക കൃത്യനിര്‍വഹണം നടത്തിയ ഇ.ഡി ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്താല്‍ പുലിവാലാകുമെന്ന് ഉന്നത പൊലീസദ്യോഗസ്ഥര്‍ നിലപാടെടുത്തു. റെയ്ഡിനെക്കുറിച്ച് പരാതിയുണ്ടെങ്കില്‍ ഇ.ഡിയുടെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വിവരം കൈമാറാനേ പൊലീസിന് കഴിയൂ. നിയമവിരുദ്ധമായ നടപടികളുണ്ടായാല്‍ റെയ്ഡ് നടപടികള്‍ നേരിടുന്നവര്‍ കേസ് പരിഗണിക്കുന്ന കോടതിയെ അറിയിക്കണം. കേസെടുക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി വേണമെന്നതും പൊലീസിനെ മാറ്റി ചിന്തിപ്പിച്ചു.
അതേസമയം കര്‍ണാടക കോടതിയുടെ വാറണ്ട് തടഞ്ഞെന്ന് കാട്ടി കമ്മിഷനെതിരെ കോടതിയലക്ഷ്യ കേസ് നല്‍കാന്‍ ഇ.ഡിക്ക് കഴിയും. ആളുകളെ വിളിച്ചുവരുത്തുന്നതു പോലുള്ള നടപടികള്‍ക്കാണ് കമ്മിഷന് സിവില്‍ കോടതിയുടെ അധികാരമുള്ളത്. പൊലീസിന്റെ ഇടപെടല്‍ കാരണം റെയ്ഡ് പൂര്‍ത്തിയാക്കാനായില്ലെന്ന് ഇ.ഡി വാദിച്ചാല്‍, സെര്‍ച്ച് വാറണ്ട് തടഞ്ഞതിന് പൊലീസദ്യോഗസ്ഥര്‍ കോടതിയലക്ഷ്യം നേരിടേണ്ടിവരും. ഇത്തരത്തില്‍ ഗുരുതരമായ നിയമപ്രശ്‌നങ്ങളുണ്ടാവുമെന്ന് വ്യക്തമായതോടെയാണ് കേസില്‍നിന്ന് പൊലീസും കമ്മിഷനും പിന്മാറിയത്.
Post Your Comments