പാറ്റ്ന: രാജ്യം ഉറ്റുനോക്കിയ തെരഞ്ഞെടുപ്പായിരുന്നു ബീഹാറിലേത്. ബീഹാറില്‍ ബിജെപി കാര്യമായ നേട്ടം ഉണ്ടാക്കില്ലെന്നും മഹാസഖ്യം സീറ്റുകള്‍ തൂത്തുവാരുമെന്നായിരുന്നു എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍. എന്നാല്‍ എക്സിറ്റ് പോളുകള്‍ക്കും ഇത്തവണ വലിയ പിഴവുണ്ടായി. ഇന്ത്യയില്‍ ഏറെ നിര്‍ണ്ണായകമായിരുന്ന ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ 4 വരെ മൂന്ന് ഘട്ടങ്ങളിലായി നടന്ന ബീഹാര്‍ തെരഞ്ഞെടുപ്പില്‍ എക്സിറ്റ് പോളുകളുടെ പ്രവചനങ്ങളും പാളി. മിക്ക പ്രവചനങ്ങളും തേജസ്വീയാദവ് നേതൃത്വം നല്‍കുന്ന മഹാസഖ്യത്തിനാണ് ബീഹാറില്‍ കുടുതല്‍ സാധ്യത കല്‍പ്പിച്ചതെങ്കിലും എല്ലാം തകര്‍ത്ത് എന്‍ഡിഎ സഖ്യം ഭരണം നില നിര്‍ത്തി.
ആരും സാധ്യത കല്‍പ്പിക്കാതിരുന്ന ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയിലേക്കുള്ള പ്രയാണത്തിലാണ്. ഫലപ്രഖ്യാപനത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തുവന്ന മിക്ക എക്സിറ്റ്പോള്‍ ഫലങ്ങളും മഹാസഖ്യത്തിനും തൂക്കു നിയമസഭയ്ക്കുമാണ് സാധ്യത കല്‍പ്പിച്ചിരുന്നത്. എന്‍ഡിഎയും പ്രതിപക്ഷ സഖ്യവും തമ്മില്‍ കടുത്ത മത്സരം നടക്കുമെന്നും മഹാസഖ്യത്തിന് മേല്‍ക്കൈ ഉണ്ടാകുമെന്നുമായിരുന്നു സൂചനകള്‍.
മുമ്പ് വിശ്വസനീയമായ രീതിയില്‍ പ്രവചനം നടത്തിയിട്ടുള്ള ഏറ്റവും കുറഞ്ഞ രണ്ട് എക്സിറ്റ്പോളുകളെങ്കിലും മഹാസഖ്യത്തിന്റെ വിജയം പ്രവചിച്ചിരുന്നു. മുന്‍ കാലങ്ങളില്‍ ഏറെക്കുറെ കൃത്യമായ പ്രവചനം നടത്തിയിരുന്ന ഇന്ത്യാടുഡേ – ആക്സിസ് പോള്‍ പ്രതിപക്ഷ സഖ്യത്തിന് 161 സീറ്റുകളാണ് പ്രവചിച്ചത്. എന്‍ഡിഎയ്ക്ക് 91 സീറ്റുകളും പറഞ്ഞു. സിഎന്‍എന്‍ ന്യൂസ് 18 – ടുഡേയ്സ് ചാണക്യ പ്രവചിച്ചത് മഹാസഖ്യം 180 സീറ്റുകളും എന്‍ഡിഎ 55 സീറ്റുകളും നേടുമെന്നായിരുന്നു. അതേസമയം എബിപി ന്യൂസ് – സി വോട്ടര്‍ പ്രവചനം ഏറെക്കുറെ യഥാര്‍ത്ഥ ഫലത്തോട് അടുത്തെത്തി.
എന്‍ഡിഎ സഖ്യം 104 മുതല്‍ 128 സീറ്റുകള്‍ വരെ നേടുമെന്ന് അവര്‍ പറഞ്ഞിരുന്നു. എന്നാല്‍ മഹാസഖ്യത്തിന് കല്‍പ്പിച്ചത് 108 മുതല്‍ 131 സീറ്റുകള്‍ വരെയാണ്. എല്‍ജെപിയ്ക്ക് മൂന്ന് സീറ്റുകള്‍ വരെയും മറ്റുള്ളവര്‍ക്ക് 8 സീറ്റുകള്‍ വരെയും കിട്ടാമെന്ന് പറഞ്ഞു. ടൈംസ് നൗ – സീ വോട്ടറുടെ പ്രവചനം എന്‍ഡിഎ 116 സീറ്റുകളും മഹാസഖ്യം 120 സീറ്റുകളും നേടുമെന്നായിരുന്നു. റിപ്പബല്‍ക് ടിവി – ജാന്‍ കി ബാത്ത്് എന്‍ഡിഎയ്ക്ക് 91-117 സീറ്റുകള്‍ പ്രവചിച്ചു. ഇവരും മഹാസഖ്യത്തിനാണ് കൂടുതല്‍ സാധ്യത കല്‍പ്പിച്ചത് 118 – 138 വരെ സീറ്റു നേടുമെന്ന് പറഞ്ഞു.
എന്നാല്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്ന ആദ്യഘട്ടം പുറത്തുവന്ന അഭിപ്രായ സര്‍വേകളുടെ രീതിയിലായിരുന്നു കാര്യങ്ങള്‍ മാറി മറിഞ്ഞത്. സര്‍വേകള്‍ക്ക് വിരുദ്ധമായി ബിജെപി വന്‍ മുന്നേറ്റം നടത്തിയപ്പോള്‍ ജെഡിയുവും കോണ്‍ഗ്രസും തകര്‍ന്നടിയുന്ന കാഴ്ചകളാണ് കണ്ടത്. അതേസമയം 19 ഇടത്ത് മത്സരിച്ച ഇടതു പാര്‍ട്ടികള്‍ തിരിച്ചുവരവിന്റെ സൂചനകള്‍ കാണിക്കുകയും ചെയ്തു. കോണ്‍ഗ്രസ് കൂടുതല്‍ സീറ്റില്‍മത്സരിച്ചിട്ടും കുറഞ്ഞ സീറ്റുകളിലേക്ക് ഒതുങ്ങേണ്ടി വന്നു.
Post Your Comments