ന്യൂഡല്‍ഹി: ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ഹത്രാസ് സംഭവവും കാര്‍ഷിക ബില്ലും തങ്ങളുടെ തുറുപ്പു ചീട്ടായി മാറ്റിയ രാഹുല്‍-പ്രിയങ്ക കൂട്ടുകെട്ടിനും കോണ്‍ഗ്രസിനും പിഴച്ചു, ഹത്രാസിന്റെ പേരില്‍ ഒളിയമ്പുകള്‍ എയ്ത എതിരാളികളുടെ നാവടഞ്ഞു ബീഹാറില്‍ മോദി പ്രഭാവം തന്നെയെന്ന് ഉറപ്പിച്ചു. പിന്നാക്ക വോട്ടുകള്‍ ലക്ഷ്യമിട്ട് പ്രചാരണം നടത്തിയ കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയായി. ഹത്രാസിലെ ദളിത് പെണ്‍കുട്ടിയുടെ കൊലപാതകവും കാര്‍ഷിക ബില്ലുമാണ് കോണ്‍ഗ്രസ് ബീഹാറില്‍ ചര്‍ച്ചയാക്കിയത്. ജനങ്ങളുടെ പ്രശ്നങ്ങളെ കണ്ടില്ലെന്ന് നടിച്ച് ജാതി കാര്‍ഡ് ഇറക്കിയുള്ള കോണ്‍ഗ്രസിന്റെ പ്രചാരണങ്ങളെ ബീഹാര്‍ ജനത അപ്പാടെ തള്ളിക്കളഞ്ഞു എന്നാണ് ആദ്യ ഫല സൂചനകള്‍ വ്യക്തമാക്കുന്നത്.
ബീഹാറില്‍ കൊറോണ പ്രതിരോധവും വികസനവും ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആവശ്യമായ കാര്യങ്ങളും എന്‍ഡിഎ ക്യാമ്പ് ചര്‍ച്ച ചെയ്തപ്പോള്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മഹാസഖ്യ കക്ഷികള്‍ ജാതി രാഷ്ട്രീയത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചാരണത്തിന് എത്തിയപ്പോള്‍ രാഹുല്‍ ഗാന്ധിയാണ് മഹാസഖ്യത്തിന് വേണ്ടി രംഗത്തിറങ്ങിയത്. വികസനം ഉറപ്പ് നല്‍കി മോദി തുടരുമ്പോള്‍ ഹത്രാസും കാര്‍ഷിക ബില്ലുമായിരുന്നു രാഹുലിന്റെ പ്രസംഗ വിഷയം.
ബീഹാറില്‍ പിന്നാക്ക, ന്യൂനപക്ഷ വോട്ടുകള്‍ ഫലത്തെ വലിയ രീതിയില്‍ സ്വാധീനിക്കുമെന്നിരിക്കെ കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യം പ്രചാരണം നടത്തിയതും പിന്നാക്ക വോട്ടുകള്‍ ലക്ഷ്യമിട്ടാണ്. എന്നാല്‍, ജാതി രാഷ്ട്രീയമല്ല തങ്ങള്‍ക്ക് വേണ്ടതെന്നും കൊറോണ സൃഷ്ടിച്ച പ്രതിസന്ധി തരണം ചെയ്യുകയാണെന്നും ബീഹാര്‍ ജനത വോട്ടെടുപ്പില്‍ മറുപടി നല്‍കുകയായിരുന്നു. ഗ്രാമമെന്നോ നഗരമെന്നോ വ്യത്യാസമില്ലാതെ ബിജെപിയും ജെഡിയുവും മുന്നേറുകയാണ്. കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ അധികാരത്തിലിരിക്കെ തങ്ങളുടെ അടിസ്ഥാന ജീവിത പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ബിജെപിയ്ക്ക് കഴിയുമെന്ന ജനങ്ങളുടെ വിശ്വാസമാണ് ബീഹാറില്‍ എന്‍ഡിഎ സഖ്യത്തെ മുന്നിലെത്തിച്ചിരിക്കുന്നത്.
Post Your Comments