ലോകാവസാനത്തെ കുറിച്ച് പലതവണ പല കഥകൾ പ്രചരിച്ചിരുന്നു. പ്രാചീന മായന്‍ കലണ്ടറിന്റെ അവസാനമായതിനാല്‍ 2012ല്‍ ലോകവസാനമെന്ന് വ്യാജപ്രചരണം ഉണ്ടായിരുന്നു. എന്നാല്‍ ഭൂമിയെ ലക്ഷ്യമാക്കി നീങ്ങുന്ന അപോഫിസ് വിതയ്ക്കാന്‍ പോകുന്ന ദുരന്തത്തെ പറ്റി പ്രവചിച്ചിരിക്കുന്നത് ശാസ്ത്രലോകമാണ്. അപോഫിസ് – 99942, ‘ ഗോഡ് ഒഫ് കോസ് ആന്‍ഡ് ഈവിള്‍ ‘ ( God Of Choas and Evil ) എന്നറിയപ്പെടുന്ന ഈജിപ്ഷ്യന്‍ ദേവനായ അപോഫിസിന്റെ നാമം തന്നെയാണ് കുഴപ്പക്കാരനായ ഈ ഛിന്നഗ്രഹത്തിനും നല്‍കിയിരിക്കുന്നത്.
ഭൂമിയെ ലക്ഷ്യമാക്കി കുതിച്ചുകൊണ്ടിരിക്കുന്ന അപോഫിസ് 2068ല്‍ ഭൂമിയില്‍ ഇടിച്ചിറങ്ങുമെന്നാണ് ജ്യോതിശാസ്ത്രജ്ഞരുടെ പ്രവചനം. 370 മീറ്ററോളം വലിപ്പമാണ് ഈ കൂറ്റന്‍ ഛിന്നഗ്രഹത്തിനുള്ളത്. ‘ നിയര്‍ – എര്‍ത്ത് ആസ്‌റ്ററോയ്‌ഡ് ‘ ഗണത്തിലാണ് നാസ അപോഫിസിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2004ലാണ് അപോഫിസിനെ കണ്ടെത്തുന്നത്. തുടര്‍ന്ന് നടത്തിയ നിരീക്ഷണത്തില്‍ 2029 ഓടെ ഭൂമിയ്ക്ക് തൊട്ടരികിലൂടെ അപോഫിസ് പറക്കുമെന്ന് ഗവേഷകര്‍ കണ്ടെത്തിയിരുന്നു.
2029 ഏപ്രില്‍ 13ന് അപോഫിസ് കടന്നുപോകുന്നത് ഭൂമിയില്‍ നിന്നും നഗ്ന നേത്രങ്ങളാല്‍ കാണാന്‍ സാധിക്കുമെന്ന് നാസ പറയുന്നു. എന്നാല്‍ 2068ല്‍ അപോഫിസ് ഭൂമിയില്‍ ഇടിച്ചിറങ്ങുമെന്നാണ് ഗവേഷകര്‍ പറയുന്നത്. അപോഫിസ് ഭൂമിയില്‍ പതിക്കില്ലെന്നായിരുന്നു ആദ്യം കരുതിയിരുന്നെങ്കിലും അടുത്തിടെ മറ്റൊരു കാര്യം ഗവേഷകരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. യാര്‍ക്കോവ്സ്കി പ്രഭാവം കാരണം അപോഫിസിന്റെ വേഗതയില്‍ ക്രമാതീതമായ വര്‍ദ്ധന ഉണ്ടായതായാണ് കണ്ടെത്തല്‍.
ബഹിരാകാശ വസ്തുക്കളില്‍ ക്രമാതീതമായ ചൂട് വര്‍ദ്ധിക്കുന്നത് മൂലം അവ ചൂട് പുറന്തള്ളുകയും തത്ഫലമായി അവയുടെ ഭ്രമണ വേഗത കൂടുകയും ചെയ്യുന്ന പ്രതിഭാസമാണ് യാര്‍ക്കോവ്സ്കി പ്രഭാവം. ഇത് കാരണം അവയുടെ സഞ്ചാര പാതയ്ക്കും മാറ്റമുണ്ടാകാം. ഇക്കാരണത്താല്‍ അപോഫിസിന്റെ ഭ്രമണപാത കൃത്യമായി നിര്‍ണയിക്കാനും പ്രയാസമാണ്. അതുകൊണ്ട് 2029ല്‍ ശാസ്ത്രജ്ഞര്‍ പ്രവചിച്ചിരിക്കുന്ന സ്ഥാനത്ത് കൂടി അപോഫിസ് കടന്നു പോയില്ലെങ്കില്‍ അത് അപകടസൂചനയാകുമെന്ന് ഗവേഷകര്‍ പറയുന്നു.
2068ല്‍ അപോഫിസ് ഭൂമിയുമായി കൂട്ടിയിടിച്ചേക്കാന്‍ സാദ്ധ്യത കാണുന്നതായും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. എന്തായാലും എത്ര വലിയ ശാസ്ത്ര പ്രവചനങ്ങള്‍ക്കും എപ്പോഴും കൃത്യത ഉണ്ടാവണമെന്നില്ല. അതുകൊണ്ട് തന്നെ അപോഫിസിന്റെ കാര്യത്തിലും അങ്ങനെയൊരു തെറ്റ് സംഭവിക്കണേയെന്നാണ് ഏവരുടെയും പ്രാര്‍ത്ഥന.
Post Your Comments