ഇസ്ലാമാബാദ് : ഇന്ത്യയിലേക്ക് കൂടുതല്‍ റഫാലുകള്‍ എത്തുന്നതില്‍ ഭയന്ന് പാക്കിസ്ഥാന്‍. പുതിയ യുദ്ധവിമാനങ്ങളും മിസൈലുകളും തേടി ചൈനയെ സമീപിച്ച് ഇമ്രാന്‍ ഖാന്‍. ഇന്ത്യന്‍ വ്യോമസേനയിലേക്ക് മൂന്ന് ഫ്രഞ്ച് റഫാല്‍ മള്‍ട്ടി-കോംബാറ്റ് യുദ്ധവിമാനങ്ങള്‍ കൂടി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഞ്ച് റാഫേല്‍ ജെറ്റുകള്‍ ജൂലൈ 29 ന് ഇന്ത്യയിലെത്തിയിരുന്നു. ഈ പോര്‍വിമാനങ്ങള്‍ ഇതിനകം തന്നെ വ്യോമസേനയുടെ സ്‌ക്വാഡ്രണ്‍ 17 ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതാണ് പാക്കിസ്ഥാന്റെ ആശങ്കക്ക് കാരണമെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യയിലേക്ക് കൂടുതല്‍ റഫാലുകള്‍ എത്തുമെന്ന ആശങ്കയ്ക്കിടയില്‍ ചൈനയില്‍ നിന്ന് അടിയന്തരമായി 30 ജെ -10 (സിഇ) യുദ്ധവിമാനങ്ങളും മിസൈലുകളും വേണമെന്നാണ് പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഒക്ടോബറില്‍ പാക്കിസ്ഥാനില്‍ നിന്നുള്ള ഒരു സംഘം ചൈന സന്ദര്‍ശിച്ച് 50 ജെ -10 (സിഇ) യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനുള്ള ചര്‍ച്ചയ്ക്ക് അന്തിമ രൂപം നല്‍കിയിരുന്നു. ആകെ 50 എണ്ണത്തില്‍ 30 ജെറ്റുകളും മിസൈലുകളും അടിയന്തിരമായി വാങ്ങാനാണ് പാക്കിസ്ഥാന്‍ ശ്രമിക്കുന്നത്.
2009 ല്‍ തന്നെ ചൈനീസ് ജെ -10 വാങ്ങുന്നതിനെക്കുറിച്ച് പാക്കിസ്ഥാന്‍ ചര്‍ച്ച ആരംഭിച്ചുവെങ്കിലും ജെഎഫ് 17 ജെറ്റിന്റെ സംയുക്ത ഉത്പാദന ചര്‍ച്ച തുടങ്ങിയതോടെ അത് നിര്‍ത്തിവച്ചു. റഫാല്‍ ജെറ്റ് ഇന്ത്യന്‍ വ്യോമസേനയില്‍ വന്നതിനുശേഷമാണ് പാക്കിസ്ഥാന്‍ വീണ്ടും ആ ചര്‍ച്ച ആരംഭിച്ചത്. ഒക്ടോബര്‍ 22 ന് പാക്കിസ്ഥാന്‍ ഉദ്യോഗസ്ഥരുടെ 13 അംഗ സംഘം ചൈനയില്‍ പോയി കരാര്‍ ചര്‍ച്ച നടത്തി മടങ്ങിയെന്നാണ് അറിയുന്നത്.
ചൈനീസ് വ്യോമസേനയുടെ ജെ -10 സി യുടെ കയറ്റുമതി പതിപ്പാണ് ജെ 10 (സിഇ). ഇത് 4.5 തലമുറ പോര്‍വിമാനമാണ് എന്നാണ് വിശ്വസിക്കപ്പെടുന്നത്. 2006 ലാണ് ചൈനീസ് വ്യോമസേനയില്‍ ജെ 10 ഉള്‍പ്പെടുത്തിയത്. മെച്ചപ്പെട്ട റഡാര്‍ (എഇഎസ്എ) കൂടാതെ 250 കിലോമീറ്റര്‍ വരെ പിഎല്‍ 10, എയര്‍-ടു-എയര്‍ പിഎല്‍ 15 മിസൈലുകളും ഇതില്‍ നിന്ന് പ്രയോഗിക്കാനാകും. സിംഗിള്‍ എന്‍ജിന്‍ യുദ്ധവിമാനത്തിന് ഒരു സമയം 6000 കിലോഗ്രാം ആയുധങ്ങള്‍ വഹിക്കാന്‍ കഴിയും. ഇതിന് 11 മിസൈലുകളോ ബോംബുകളോ ഘടിപ്പിക്കാനും കഴിയും.
Post Your Comments