ആചാരങ്ങളിൽ കാലാന്തരത്തിൽ വന്ന മാറ്റം മണ്ഡല മാസത്തെ വ്രതാചരണങ്ങളിലും അയ്യപ്പൻ്റെ മുദ്രമാല ധരിക്കുന്നതിലും ഉണ്ടായിട്ടുണ്ട്. എങ്കിലും പാരമ്പര്യമായി തുടരുന്ന രീതിയെ മാറ്റി നിർത്തുന്നത് ശരിയല്ല. ഇന്ന് പലരും സ്വന്തം ഗൃഹത്തിൽ വച്ചു തന്നെ മുദ്രമാല ധാരണം നടത്താറുണ്ട്. എന്നാൽ ശബരി മലയ്ക്ക് പോകുന്ന ഭക്തൻ മാല ധരിക്കുന്നത് ഏതെങ്കിലും ക്ഷേത്ര സന്നിധാനത്ത് വച്ചാകുന്നതാണ് ഉത്തമം. മുദ്രമാല അണിയാൻ പുലര്‍ച്ചെ സ്നാനാദി കര്‍മങ്ങൾ നിര്‍വഹിച്ച് കളഭക്കൂട്ടുകളണിഞ്ഞ് കറുത്ത വസ്ത്രം ധരിച്ച് ക്ഷേത്രത്തിലോ ഗുരുസ്വാമിയുടെ മുമ്പിലോ ചെല്ലണം.
മാല സ്വീകരിക്കുന്നത് ഗുരു സ്വാമിയിൽ നിന്നോ മേൽ ശാന്തിയിൽ നിന്നോ ആകാം. ക്ഷേത്രത്തിൽ പൂജിച്ച മാല പൂജാരിൽ നിന്നും ഏറ്റുവാങ്ങി ക്ഷേത്ര സന്നിധിയിൽ വച്ച് തന്നെ ധരിക്കുന്നതാണ് ഏറെ ഐശ്വര്യകരം.മാല അണിയാൻ തരുന്ന ആളിന് ഗുരു സങ്കല്പത്തോടു കൂടി ദക്ഷിണ നൽകേണ്ടതാണ്. സ്വാമിയേ ശരണം എന്ന സങ്കല്പത്തിൽ അയ്യപ്പനെ തന്നെ പരമ ഗുരുവായി കരുതുകയും വേണം. അയ്യപ്പ സ്വാമിയുടെ മുദ്രമാല എല്ലാ ദിവസങ്ങളിലും ധരിക്കാമെങ്കിലും ശനിയാഴ്ചയും ഉത്രം നക്ഷത്രവും ഒരുമിച്ച് വരുന്ന ദിവസമാണ് ഏറ്റവും ഉത്തമം.
മാല അണിയുമ്പോൾ മനസാ-വാചാ-കര്‍മണാ ,ചെയ്തു പോയിട്ടുള്ള എല്ലാ പിഴകളും പൊറുത്ത് സ്വാമിയുടെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കണം. മല ചവിട്ടി, പൊന്ന് പതിനെട്ടാംപടി കയറി, സ്വാമിയുടെ തൃച്ചേവടി കണ്ട് വണങ്ങി, ദര്‍ശന ഫലം ലഭിച്ച് സസുഖം തിരിച്ചെത്താൻ അനുഗ്രഹിക്കണമേ എന്നും മനസ്സിൽ പ്രാര്‍ത്ഥനയുണ്ടാവണം. അതിനു ശേഷം കാമ ക്രോധ മോഹങ്ങളാകുന്ന സകല ദുഷ്ചിന്തകളേയും നാളികേരത്തിൽ ആവാഹിച്ച് കരിങ്കല്ലിൽ എറിഞ്ഞുടച്ചാൽ സകല ദുരിതങ്ങളിൽ നിന്നും മുക്തരാകും.
പലതരം മാലകളുണ്ടെങ്കിലും രുദ്രാക്ഷ മാലയും തുളസി മാലയുമാണ് മാല ധാരണത്തിന് അത്യുത്തമം.സ്വാമി ദര്‍ശനത്തിന് ഏതൊരാൾ മുദ്രമാല ധരിക്കുന്നോ അയാൾ സംശുദ്ധനായി തീരുന്നു എന്നാണ് വിശ്വാസം. മുദ്രമാല ധരിക്കുന്ന മാത്രയിൽ അയാളിലെ സകല പാപങ്ങളും നീങ്ങിപ്പോകുന്നു. അതായത് സ്വാമി ദര്‍ശനത്തിന് മുദ്രമാല ധരിച്ചവൻ ഭക്തിയാൽ പവിത്രനാകുന്നു എന്നാണ് കരുതപ്പെടുന്നത്.
Post Your Comments