ന്യൂഡൽഹി: കേരള സര്‍ക്കാരിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് സി.പി.എം കേന്ദ്ര കമ്മിറ്റി. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ അറസ്റ്റും തുടര്‍ന്നുണ്ടായ രാഷ്ട്രീയ വിവാദങ്ങളിലും സംസ്ഥാന സര്‍ക്കാരിനെ പിന്തുണച്ചാണ് സിപിഎം കേന്ദ്ര കമ്മിറ്റിയുടെ രംഗ പ്രവേശനം. കേരളത്തില്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചുള്ള രാഷ്ട്രീയ വേട്ടയാടലാണ് നടക്കുന്നതെന്നായിരുന്നു കേന്ദ്ര കമ്മിറ്റിയുടെ വിലയിരുത്തല്‍. സംസ്ഥാനത്ത് സിബിഐയ്ക്കുള്ള പ്രവര്‍ത്താനാനുമതി റദ്ദാക്കുന്നതില്‍ നിയമവശം പരിശോധിച്ച് സംസ്ഥാന സര്‍ക്കാരിന് തീരുമാനമെടുക്കാമെന്നും കമ്മിറ്റി വ്യക്തമാക്കി. പശ്ചിമബംഗാളില്‍ കോണ്‍ഗ്രസുമായി തിരഞ്ഞെടുപ്പ് ധാരണയുണ്ടാക്കുന്നത് ഉള്‍പ്പെടെ കാര്യം ശനിയാഴ്ച പരിഗണിക്കും.
എന്നാൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെ അറസ്റ്റ് യോഗത്തില്‍ ചര്‍ച്ചയായില്ല. ഇക്കാര്യത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിരുന്നു. ബിനീഷിന്റെ കാര്യത്തില്‍ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. തെറ്റുകാരനെന്നു കണ്ടാല്‍ നിയമപ്രകാരം നടപടിയെടുക്കട്ടെയെന്നായിരുന്നു യെച്ചൂരിയുടെ നിലപാട്. പാര്‍ട്ടിയുടെ നിലപാട് യെച്ചൂരി വ്യക്തമാക്കിയതിനാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകളോ പരസ്യ പ്രസ്താവനകളോ ഉണ്ടായേക്കില്ലെന്നാണ് വിവരം. എം. ശിവശങ്കറിന്റെ കാര്യത്തിലും യെച്ചൂരി നേരത്തെ വ്യക്തമാക്കിയ നിലപാട് തന്നെയാണ് കേന്ദ്ര കമ്മിറ്റിയിലും ഉണ്ടായിരിക്കുന്നത്.
ശിവശങ്കറിനെ കേന്ദ്ര ഏജന്‍സി അറസ്റ്റ് ചെയ്തതില്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന പ്രതിപക്ഷ ആവശ്യം പരിഹാസ്യമാണെന്ന് യെച്ചൂരി പറഞ്ഞിരുന്നു. തെറ്റായ വഴിയിലാണെന്ന് കണ്ടെത്തിയപ്പോള്‍ തന്നെ ശിവശങ്കറിനെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. അന്വേഷണശേഷം കുറ്റക്കാരനെന്ന് കണ്ടാല്‍ നിയമപ്രകാരമുള്ള നടപടികളിലേക്ക് കടക്കാം. രാജ്യമെങ്ങും ദേശീയ അന്വേഷണ ഏജന്‍സികളെ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ ഉപയോഗിക്കുകയാണ്. കേരളത്തിലും അതു തന്നെയാണ് സംഭവിക്കുന്നത്. കേന്ദ്ര നടപടിയില്‍ അത്ഭുതമില്ലെന്നും യെച്ചൂരി വ്യക്തമാക്കിയിരുന്നു.
Post Your Comments