ന്യൂഡല്‍ഹി: “പാകിസ്‌താന് ഇന്ത്യയുടെ കരുത്ത് നന്നായറിയാം. അഭിനന്ദനെ വിട്ടയയ്‌ക്കുകയല്ലാതെ അവര്‍ക്കു മുന്നില്‍ മറ്റു വഴിയില്ലായിരുന്നു.” ഇന്ത്യയുടെ ആക്രമണം ഭയന്നാണ് പിടിയിലായ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ പാകിസ്‌താന്‍ വിട്ടയച്ചതെന്ന പാക് പാര്‍ലമെന്റംഗം അയാസ് സാദിഖിന്റെ വെളിപ്പെടുത്തലിനോട് അന്നത്തെ ഇന്ത്യന്‍ വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ്. ധനോവ പ്രതികരിച്ചു.
കഴിഞ്ഞ ദിവസം പാക് പാര്‍ലമെന്റിലാണ് പി.എം.എല്‍-എന്‍. നേതാവായ സാദിഖ് കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലെ സംഭവം വിവരിച്ചത്. 2019 ഫെബ്രുവരി 24-നു പുലര്‍ച്ചെ വ്യോമസേന പാകിസ്‌താനിലെ ബാലാകോട്ടിലെ ജയ്‌ഷെ മുഹമ്മദ് കേന്ദ്രങ്ങളില്‍ ബോംബ് വര്‍ഷിച്ചതിനു പിന്നാലെ പ്രത്യാക്രമണത്തിനെത്തിയ പാക് വിമാനങ്ങളെ ഇന്ത്യ തുരത്തിയിരുന്നു. മിഗ്-21 ബൈസണില്‍ പറന്ന് പാകിസ്‌താന്റെ ഒരു എഫ്-16 വിമാനം വെടിവച്ചിട്ട അഭിനന്ദന്‍ വിമാനം തകര്‍ന്നുവീണ് പാകിസ്‌താന്റെ പിടിയിലായി.
രണ്ടു ദിവസത്തിനു ശേഷം അദ്ദേഹത്തെ സുരക്ഷിതനായി തിരിച്ചയച്ചതിന്റെ അണിയറയില്‍ നടന്ന കാര്യങ്ങളാണ് സാദിഖ് വിവരിച്ചത്. “പിടിയിലായ അഭിനന്ദന്റെ കാര്യം ചര്‍ച്ച ചെയ്യാനായി വിളിച്ച യോഗത്തില്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പങ്കെടുത്തില്ല. കാലുകള്‍ വിറകൊണ്ട്, നെറ്റി വിയര്‍ത്തൊഴുകി ജനറല്‍ കമര്‍ ജാവേദ് ബജ്‌വ യോഗത്തിലുണ്ടായിരുന്നു. ദൈവത്തെയോര്‍ത്ത്, അയാളെ വിട്ടുകൊടുക്കുക. ഇല്ലെങ്കില്‍ ഇന്നു രാത്രി ഒമ്പതിന് ഇന്ത്യ ആക്രമിക്കുമെന്ന് വിദേശകാര്യമന്ത്രി ഷാ മഹ്‌മൂദ് ഖുറേഷി പറഞ്ഞു.”- എന്നായിരുന്നു സാദിഖിന്റെ വെളിപ്പെടുത്തല്‍.
അഭിനന്ദനെ തിരിച്ചെത്തിക്കുമെന്നു വ്യോമസേനയില്‍ സഹപ്രവര്‍ത്തകനായിരുന്ന അദ്ദേഹത്തിന്റെ അച്‌ഛനു താന്‍ ഉറപ്പുകൊടുത്തിരുന്നെന്നു ധനോവ പറഞ്ഞു. നയതന്ത്ര, രാഷ്‌ട്രീയ തലത്തില്‍ പാകിസ്‌താനു മേല്‍ ഇന്ത്യ സമ്മര്‍ദം ചെലുത്തി. അതോടൊപ്പം, മൂന്നു സേനകളും യുദ്ധസജ്‌ജമായി. അതു പാകിസ്‌താനെ ഭയപ്പെടുത്തി. പാക് വ്യോമസേന നമ്മുടെ ഏതെങ്കിലും കേന്ദ്രത്തില്‍ ബോംബിട്ടിരുന്നെങ്കില്‍ അവരുടെ മുന്നണിപ്പടകളെ ഭസ്‌മമാക്കുമായിരുന്നെന്നും ധനോവ വ്യക്‌തമാക്കി.
Post Your Comments