Latest NewsIndia

മമതയ്ക്ക് തിരിച്ചടി, സാമൂഹികമാധ്യമങ്ങളിലൂടെ സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ കേസ്‌ എന്തിനെന്ന്‌ സുപ്രീം കോടതി

അറസ്‌റ്റിനെതിരേ ലോക്ക്‌ഡൗണ്‍ തീരും വരെ കൊല്‍ക്കത്ത ഹൈക്കോടതിയില്‍നിന്നു യുവതി സ്‌റ്റേ വാങ്ങി.

ന്യൂഡല്‍ഹി: സാമൂഹികമാധ്യമങ്ങളിലെ പോസ്‌റ്റുകളുടെ പേരില്‍ ജനങ്ങള്‍ക്കെതിരേയുള്ള പോലീസ്‌ നടപടിയില്‍ അതൃപ്‌തി അറിയിച്ച്‌ സുപ്രീംകോടതി. കോവിഡ്‌ നിയന്ത്രണങ്ങള്‍ പാലിക്കാത്തത്‌ ചൂണ്ടിക്കാട്ടിയുള്ള സമൂഹമാധ്യമപോസ്‌റ്റിന്റെ പേരില്‍ ഡല്‍ഹിയിലുള്ള യുവതിയെ കൊല്‍ക്കത്ത പോലീസ്‌ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചതിനെതിരായ ഹര്‍ജി പരിഗണിക്കവേ ജസ്‌റ്റിസ്‌ ഡി.വൈ. ചന്ദ്രചൂഡ്‌ അധ്യക്ഷനായ ബെഞ്ചാണ്‌ അതിരൂക്ഷമായ പരാമര്‍ശം നടത്തിയത്‌.

സമൂഹമാധ്യമങ്ങളിലൂടെ സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ കേസെടുക്കുന്നത്‌ എന്തു കുറ്റത്താലാണെന്നു ചോദിച്ച കോടതി പോലീസ്‌ പരിധി ലംഘിക്കുകയാണെന്നും രാജ്യത്തെ സ്വതന്ത്രമായി നിലനിര്‍ത്തണമെന്നും ആവശ്യപ്പെട്ടു. സമൂഹമാധ്യമപോസ്‌റ്റിന്റെ പേരില്‍ നാളെ കൂടുതല്‍ സംസ്‌ഥാനങ്ങള്‍ ആളുകളോട്‌ അതത്‌ സംസ്‌ഥാനങ്ങളില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട്‌ രംഗത്തെത്തുന്നത്‌ അംഗീകരിച്ച്‌ കൊടുത്താല്‍ അത്‌ തെറ്റായ പ്രവണതയ്‌ക്ക്‌ തുടക്കം കുറിക്കലാകുമെന്നും കോടതി നിരീക്ഷിച്ചു.

നിങ്ങളെ ഒരു പാഠം പഠിപ്പിക്കാം എന്ന നിലയിലാണ്‌ പോലീസിന്റെ പെരുമാറ്റം. മഹാമാരി തടയാന്‍ സര്‍ക്കാരിന്‌ കഴിയുന്നില്ല എന്ന്‌ വിമര്‍ശിക്കുന്നവര്‍ക്കെതിരേ പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കാനാകില്ല.അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കണമെന്നും സുപ്രീംകോടതിപറഞ്ഞു. പൗരന്‍മാര്‍ ഭരണകൂടത്താല്‍ വേട്ടയാടപ്പെടുന്നത്‌ തടയുന്നതിനാണ്‌ സുപ്രീം കോടതി സ്‌ഥാപിതമായത്‌.

read also: മയക്കുമരുന്ന് പണമിടപാട് കേസ് : ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും

സംസ്‌ഥാന സര്‍ക്കാരുകളും പോലീസും അതിര്‍വരമ്പ് ലംഘിക്കരുതെന്നും കോടതി ആവശ്യപ്പെട്ടു.ലോക്ക്‌ഡൗണ്‍ നടപ്പിലാക്കുന്നതില്‍ ബംഗാള്‍ സര്‍ക്കാര്‍ വര്‍ഗീയ വിവേചനം കാണിക്കുന്നുവെന്നായിരുന്നു ഡല്‍ഹി സ്വദേശിയായ 29 വയസുകാരി പോസ്‌റ്റിട്ടത്‌. ചില പ്രത്യേക സമുദായങ്ങള്‍ പാര്‍ക്കുന്ന സ്‌ഥലങ്ങളില്‍ ബംഗാള്‍ സര്‍ക്കാര്‍ ലോക്ക്‌ഡൗണിന്‌ ഇളവ്‌ നല്‍കിയിരിക്കുകയാണെന്നു ആരോപണം.

ഇതിനെതിരേ ബംഗാള്‍ പോലീസ്‌ അറസ്‌റ്റ്‌ വാറന്റ്‌ പുറപ്പെടുവിച്ചു. എന്നാല്‍ അറസ്‌റ്റിനെതിരേ ലോക്ക്‌ഡൗണ്‍ തീരും വരെ കൊല്‍ക്കത്ത ഹൈക്കോടതിയില്‍നിന്നു യുവതി സ്‌റ്റേ വാങ്ങി. പിന്നീടു ചോദ്യം ചെയ്യലിന്‌ ബംഗാളിലെത്താന്‍ ആവശ്യപ്പെട്ടു പോലീസ്‌ സമന്‍സ്‌ അയച്ചപ്പോാള്‍ യുവതി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button