തിരുവനന്തപുരം: ബംഗളുരു മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരിയുടെ അറസ്റ്റിന് പിന്നാലെ അന്വേഷണം സിനിമാ മേഖലയിലേക്കും വ്യാപിപ്പിക്കുന്നു. സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പെട്ട ചിലര്‍ക്കും മയക്കുമരുന്ന് കേസുമായി ബന്ധമുണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ബിനീഷിന്റെ ബിനാമിയും ലഹരിക്കടത്തില്‍ നേരത്തെ അറസ്റ്റിലാവുകയും ചെയ്ത കൊച്ചി വെണ്ണല സ്വദേശി അനൂപിന് മലയാള സിനിമയിലെ പ്രമുഖരമായി ബന്ധമുണ്ടെന്ന് സൂചനകള്‍ ലഭിച്ചിട്ടുണ്ട്.
അനൂപിന് മയക്കുമരുന്ന് ഇടപാടുണ്ടെന്ന് കരുതുന്ന ചലച്ചിത്ര പ്രവര്‍ത്തകരുടെ വിശദാംശങ്ങള്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ (എന്‍ സി ബി) ബംഗളൂരു യൂണിറ്റ് നേരത്തെ തന്നെ ശേഖരിച്ചിരുന്നു. ഈ വിവരങ്ങള്‍ എന്‍ സി ബിയുടെ കൊച്ചി യൂണിറ്റിന് കൈമാറുകയും ചെയ്തു. സിനിമാമേഖലയിലെ മയക്കുമരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ട് നിലവില്‍ ബംഗളൂരു, മുംബയ്, ഗോവ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്.
കൊച്ചിയിലെ നിശാപര്‍ട്ടികളില്‍ മയക്കുമരുന്ന് എത്തിച്ചെന്ന സംശയത്തെ തുടര്‍ന്ന് ഇതേക്കുറിച്ചും എന്‍ സി ബി അന്വേഷിക്കുന്നുണ്ട്. അനൂപ് ഇടപാടിലെ ഒരു കണ്ണി മാത്രമാണെന്നും ഇയാള്‍ക്ക് വേണ്ടി പണം മുടക്കുന്നത് മറ്റാരൊക്കെയോ ആണെന്നുമാണ് സൂചന. മുമ്പ് മലയാള സിനിമാരംഗത്ത് മയക്കുമരുന്ന് എത്തിച്ചതുമായി ബന്ധപ്പെട്ട കേസുകളുടെ വിശദാംശങ്ങളും എന്‍ സി ബി പരിശോധിച്ചു വരികയാണ്.
ആദ്യം മയക്കുമരുന്ന് ഉപയോഗിച്ചിരുന്ന അനൂപും സുഹൃത്ത് റിജേഷും എളുപ്പത്തില്‍ പണം ഉണ്ടാക്കുന്നതിനായി പിന്നീട് വിതരണക്കാരായി മാറുകയായിരുന്നു. വിദേശത്ത് നിന്ന് ഡല്‍ഹിയിലെത്തിച്ച് 3.5 കിലോ കഞ്ചാവ് സംബന്ധിച്ച് എന്‍ സി ബി നടത്തിയ അന്വേഷണത്തിലാണ് അനൂപ് പിടിയിലായത്. ഗ്രാമിന് 5000 രൂപയായിരുന്നു വില. ബംഗളൂരൂ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ എന്‍ സി ബി ചോദ്യം ചെയ്യും.
മയക്കുമരുന്ന് കേസില്‍ അറസ്‌റ്റിലായ കൊച്ചി വെണ്ണല സ്വദേശി അനൂപ് മുഹമ്മദുമായി ബിനീഷിനുള്ള ബന്ധം സംബന്ധിച്ച് വ്യക്തത വരുത്തുന്നതിന് വേണ്ടിയാണിത്. അനൂപുമായി അടുത്ത ബന്ധമുണ്ടെന്ന് ബിനീഷ് നേരത്തെ സമ്മതിച്ചിരുന്നു. ബിനീഷ് പലപ്പോഴായി പണം തന്ന് സഹായിച്ചെന്ന് അനൂപും ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയിരുന്നു.
Post Your Comments