കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ ക്രിസ്മസ് പുതുവത്സര ബമ്പർ നറുക്കെടുപ്പ് കഴിഞ്ഞ ദിവസമായിരുന്നു. എക്സ് ഡി 23 64 33 എന്ന നമ്പറിനാണ് 16 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചത്. ഇതോടെ, 2022ലെ തിരുവോണം ബമ്പർ വിജയിയുടെ കഥ വീണ്ടും സോഷ്യൽ മീഡിയയിൽ നിറയുകയാണ്. തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപിന് 25 കോടി ആയിരുന്നു അടിച്ചത്. ലോട്ടറി അടിച്ചതോടെ വീട്ടിൽ കയറാൻ പറ്റാത്ത അവസ്ഥയിലായി അനൂപ്. പണത്തിന്റെ ആവശ്യം പറഞ്ഞ് നിരവധി പേർ അനൂപിനെ വിളിച്ച് കൊണ്ടിരുന്നു.
‘മുഴുവൻ സമയവും സഹായം തേടി വീട്ടിൽ ആളുകളുടെ വരവാണ്. ലക്ഷങ്ങളാണ് ആവശ്യപ്പെടുന്നത്. പൈസ കൈയിൽ കിട്ടിയില്ലെന്നു അറിയിച്ചാലും വീട്ടിൽ നിന്ന് ഒഴിഞ്ഞു പോകാൻ അവർ തയ്യാറാകുന്നില്ല. കേരളത്തിന്റെ അങ്ങോളം എങ്ങോളം ഉള്ളവർ ഇക്കൂട്ടത്തിൽ ഉണ്ട്. ഫോൺ എടുത്താൽ അപ്പോൾ കരച്ചിലും ദുരിതം പറച്ചിലും ആണ്. രാവിലെ മുതൽ വീട്ടിലേക്ക് എത്തുന്നു. എത്രയാളോട് സമാധാനം പറയും. അതുകൊണ്ടുതന്നെ വീട്ടിൽ നിൽക്കാൻ പറ്റുന്നില്ല’, എന്നായിരുന്നു മാധ്യമങ്ങളോട് അനൂപ് പറഞ്ഞിരുന്നത്. അനൂപിന് പിന്നീട് സ്വന്തം വീട് വിട്ട് മറ്റൊരിടത്തേക്ക് താമസം മാറ്റേണ്ടിയും വന്നിരുന്നു.
ടിക്കറ്റ് എടുക്കുമ്പോൾ ഒന്നാം സമ്മാനം തനിക്ക് അടിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല എന്നും സഹോദരിയുടെ ലോട്ടറി കടയിൽ നിന്നാണ് താൻ ടിക്കറ്റ് എടുത്തത് എന്നും അനൂപ് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം അനൂപിന്റെ ലോട്ടറി കടയുടെ ഉദ്ഘാടനമായിരുന്നു. ബമ്പർ അടിച്ചാലും കോടിപതി ആയാലും ലോട്ടറിയോടുള്ള തന്റെ ബന്ധം ഒരിക്കലും അവസാനിക്കില്ല എന്നാണ് അനൂപിന്റെ പക്ഷം.
Post Your Comments