കൊച്ചി: ശിവശങ്കറിനെ ഏഴ് ദിവസം എന്‍ഫോഴ്‌സ്‌മെന്റിന്റെ കസ്റ്റഡിയില്‍ വിട്ടു. ജില്ലാകോടതി അവധിയാണെങ്കിലും കോടതി പ്രത്യേക സിറ്റിംഗ് നടത്തിയാണ് ശിവശങ്കറിന്റെ കേസ് പരിഗണിച്ചത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. 14 ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നായിരുന്നു ഇഡി കോടതിയില്‍ ആവശ്യപ്പെട്ടത്. കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അഞ്ചാം പ്രതിയാക്കിയാണ് എന്‍ഫോഴ്‌സ്‌മെന്റ് കോടതിയില്‍ പ്രാഥമിക കുറ്റപത്രം നല്‍കിയത്.
അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിനോട് ശിവശങ്കര്‍ സഹകരിക്കുന്നില്ലെന്നും ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ചുവെന്നും എന്‍ഫോഴ്‌സ്‌മെന്റ് കോടതിയില്‍ പറഞ്ഞു. എന്നാല്‍ തനിക്ക് ഗുരുതരമായ നടുവേദനയുണ്ടെന്ന് ശിവശങ്കര്‍ ജഡ്ജിക്ക് സമീപം എത്തി അറിയിച്ചു. തുടര്‍ച്ചയായ ചോദ്യം ചെയ്യാന്‍ പാടില്ലെന്നും രണ്ട് മണിക്കൂര്‍ കൂടുമ്പോള്‍ കിടക്കാന്‍ അനുവദിക്കണമെന്നും ആയുര്‍വേദ ചികില്‍സ ഉറപ്പാക്കണം അദ്ദേഹം കോടതിയോട് ആവശ്യപ്പെട്ടു. ഇതോടെ പകല്‍ 9 മുതല്‍ 6 മണിവരെ മാത്രമേ ശിവശങ്കറിനെ ചോദ്യം ചെയ്യാവൂ എന്നു കോടതി വ്യക്തമാക്കി. അതിനുശേഷം വിശ്രമം അനുവദിക്കണം.
നയതന്ത്രബാഗേജ് വിട്ടുനല്‍കാന്‍ ഇടപെട്ടെന്ന് ശിവശങ്കര്‍ സമ്മതിച്ചതായി ഇഡിയുടെ അറസ്റ്റ് മെമ്മോയില്‍ പരാമര്‍ശമുണ്ട്. ഇതിനായി എം ശിവശങ്കര്‍ കസ്റ്റംസിനെ വിളിച്ചുവെന്നാണ് കണ്ടെത്തല്‍. ഇത് സ്വര്‍ണ്ണക്കടത്തില്‍ ശിവശങ്കറിന്റെ പങ്ക് വ്യക്തമാക്കുന്നതായി എന്‍ഫോഴ്‌സ്‌മെന്റ് പറയുന്നു. സ്വപ്നയുടെ സാമ്പത്തിക ഇടപാട് നിയന്ത്രിച്ചതിലും കൈകാര്യം ചെയ്യുന്നതിലും ശിവശങ്കറിന് പങ്കുണ്ടെന്നും അറസ്റ്റ് മെമ്മോയില്‍ പറയുന്നു.
Post Your Comments