Latest NewsNewsIndia

ലൈഫ് മിഷൻ: എം ശിവശങ്കറിന് ജാമ്യം

ന്യൂഡെൽഹി: ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് ജാമ്യം. നട്ടെല്ലിന് ശസ്ത്രക്രിയ വേണമെന്ന മെഡിക്കൽ റിപ്പോർട്ട് പരിഗണിച്ചാണ് സുപ്രീം കോടതി ശിവശങ്കറിന് രണ്ട് മാസത്തേക്ക് ജാമ്യം അനുവദിച്ചത്. കസ്റ്റഡിയിൽ ശസ്ത്രക്രിയ നടത്താം എന്ന ഇഡിയുടെ വാദം കോടതി തള്ളി.

നട്ടെല്ലിന് ശസ്ത്രക്രിയ വേണമെന്ന് നിർദ്ദേശിച്ച് എറണാകുളം മെഡിക്കൽ കോളേജിലെ വിദഗ്ധർ നൽകിയ റിപ്പോർട്ട് എം ശിവശങ്കർ ഹാജരാക്കി. കേസിലെ മറ്റു പ്രതികൾക്കെല്ലാം ജാമ്യം കിട്ടിയതാണെന്നും എം ശിവശങ്കറിന്റെ അഭിഭാഷകൻ ജയ്ദദിപ് ഗുപ്ത ചൂണ്ടിക്കാട്ടി. കസ്റ്റഡിയിൽ തുടരുമ്പോൾ തന്നെ ശിവശങ്കർ നിശ്ചയിക്കുന്ന ആശുപത്രിയിൽ ശസ്ത്രക്രിയ നടത്താവുന്നതാണെന്ന് ഇഡിക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. എന്നാൽ, ശസ്ത്രക്രിയയ്ക്ക് ശേഷവും ചികിത്സ വേണ്ടി വരുമെന്ന് ചൂണ്ടിക്കാട്ടിയാണ് രണ്ട് മാസത്തെ ജാമ്യം കോടതി നൽകിയത്. സാക്ഷികളെ കാണുകയോ സ്വാധീനിക്കുകയോ ചെയ്യരുതെന്ന കർശന ഉപാധിയോടെയാണ് ജാമ്യം. ലൈഫ് മിഷൻ കേസിൽ ഫെബ്രുവരി പതിനാലിനാണ് എം ശിവശങ്കറെ ഇഡി അറസ്റ്റ് ചെയ്തത്. ജാമ്യാപേക്ഷ നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു.

ലൈഫ് മിഷൻ അഴിമതിക്കേസിൽ കഴിഞ്ഞ ഫെബ്രുവരി 15ന് ലൈഫ് കോഴ കേസിൽ ഇഡി അറസ്റ്റ് ചെയ്ത ശിവശങ്കർ കഴിഞ്ഞ ആറ് മാസമായി ജയിലിൽ കഴിയുകയായിരുന്നു. ആരോഗ്യ പ്രശ്ങ്ങളുടെ പേരിൽ ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഇഡി സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. ജാമ്യം അനുവദിച്ചാല്‍ അന്വേഷണത്തിന് പ്രശ്നമാകുമെന്നും സാക്ഷികളെ സ്വാധീനിച്ച് തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നുമുള്ള വാദമാണ് ഇഡി കോടതിയിൽ ഉയർത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button