ശ്രീനഗര്‍ : രാജ്യത്തെ ഏതൊരു പൗരനും ഇനി ജമ്മു കാശ്മീരില്‍ നിന്നും ഭൂമി വാങ്ങാമെന്ന കേന്ദ്രത്തിന്റെ പുതിയ നിയമത്തിനെതിരെ ദ പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഗുപ്കര്‍ ഡിക്ലറേഷന്‍. കാശ്മീരിന്റെ പ്രത്യേക അവകാശങ്ങള്‍ പുനഃസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ നാഷണല്‍ കോണ്‍ഫറന്‍സ്, പി.ഡി.പി തുടങ്ങി ജമ്മു കാശ്മീരിലെ ഏഴ് രാഷ്ട്രീയ പാര്‍ട്ടികള്‍ ചേര്‍ന്ന് രൂപീകരിച്ച സംഖ്യമാണ് ദ പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഗുപ്കര്‍ ഡിക്ലറേഷന്‍.
കേന്ദ്രത്തിന്റെ പുതിയ നിയമ പ്രകാരം ജമ്മു കാശ്മീരില്‍ നിന്നും ഭൂമി വാങ്ങുന്നതിന് റസിഡന്റ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. എന്നാല്‍ കൃഷി ഭൂമി കര്‍ഷകര്‍ക്ക് മാത്രമെ വാങ്ങാനാകു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370, 35 എ എന്നിവ അസാധുവാക്കി ഒരു വര്‍ഷത്തിനുശേഷമാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നീക്കം. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.
കേന്ദ്രത്തിന്റെ പുതിയ നിയമത്തിനെതിരെ ഒത്തൊരുമിച്ച് പോരാടുമെന്നും സഖ്യം പ്രഖ്യാപിച്ചു.കേന്ദ്രഭരണ പ്രദേശത്ത് ഭൂമി വാങ്ങുന്നതുമായി ബന്ധപ്പെട്ടുള്ള ജമ്മു കാശ്മീര്‍ വികസന നിയമത്തിലെ സെക്ഷന്‍ 17 ല്‍ നിന്ന് “സംസ്ഥാനത്തിന്റെ സ്ഥിര താമസക്കാരന്‍” എന്ന വാക്യം ഒഴിവാക്കിയാണ് കേന്ദ്രം പുതിയ ഭേദഗതി വരുത്തിയത്. ആര്‍ട്ടിക്കിള്‍ 370, ആര്‍ട്ടിക്കിള്‍ 35-എ എന്നിവ റദ്ദാക്കുന്നതിനു മുമ്പ് ജമ്മു കാശ്മീരില്‍ നിന്നും ഭൂസ്വത്തുക്കള്‍ വാങ്ങാന്‍ ഇതരസംസ്ഥാനക്കാര്‍ക്ക് സാധിക്കില്ലായിരുന്നു.
read also: കൂടുതൽ ശക്തമാക്കാൻ സൈനിക കമാന്‍ഡുകള്‍ ഉടച്ചുവാര്‍ക്കുന്നു
അതേ സമയം, കേന്ദ്രത്തിന്റെ നീക്കത്തിനെതിരെ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള അടക്കമുള്ളവര്‍ രംഗത്തെത്തി. ജമ്മു കാശ്മീരിനെ ഇപ്പോള്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുകയാണെന്നാണ് ഒമര്‍ അബ്ദുള്ള പ്രതികരിച്ചത്. സര്‍ക്കാരിന്റെ നടപടി അംഗീകരിക്കാനാകില്ലെന്നും ഒമര്‍ അബ്ദുള്ള ട്വിറ്ററില്‍ കുറിച്ചു.ലഡാക്കിലെ ഓട്ടണോമസ് ഹില്‍ ഡെവലപ്പ്മെന്റ് കൗണ്‍സിലിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടുന്നതുവരെ ബി.ജെ.പി കാത്തിരുന്നെന്നും ഒമര്‍ അബ്ദുള്ള വിമര്‍ശിച്ചു.
പുതിയ നിയമം ജമ്മു കാശ്മീരിലേയും ലഡാക്കിലേയും ജനങ്ങളുടെ അവകാശങ്ങള്‍ക്ക് നേരെയുണ്ടായ വന്‍ ആക്രമണമാണെന്നും തികച്ചും ഭരണഘടനാ വിരുദ്ധമാണെന്നും പി.എ.ജി.ഡി വക്താവ് സജാദ് ലോണ്‍ പറഞ്ഞു.ജമ്മുകാശ്മീരിലെ ജനങ്ങളെ കൂടുതല്‍ അശക്തരാക്കാനും അവരുടെ ഭൂമി കോര്‍പറേറ്റുകള്‍ക്ക് വില്ക്കാനുമായി രൂപകല്‍പന ചെയ്തതുമാണ് പുതിയ നിയമമെന്ന് സി.പി.എം നേതാവ് എം.വൈ. തരിഗാമി പ്രതികരിച്ചു.ജമ്മു കാശ്മീരിലെ ജനങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നതിനുള്ള മറ്റൊരു ചവിട്ടുപടിയാണിതെന്ന് പി.ഡി.പി നേതാവ് മെഹബൂബ മുഫ്തി ആരോപിച്ചു.
Post Your Comments